ഹോം പേജ്.വത്തിക്കാ൯ റേഡിയോ
വത്തിക്കാ൯ റേഡിയോ   
more languages  

     ഹോം പേജ്. > സഭ. >  2013-05-14 14:38:56
A+ A- പ്രഭാഷണങ്ങള്‍ പ്രസിദ്ധീകരിച്ചത്വളരുന്ന കത്തോലിക്കാ സഭ14 മെയ് 2013, വത്തിക്കാന്‍
ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കത്തോലിക്കരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് പൊന്തിഫിക്കല്‍ ഇയര്‍ബുക്ക് 2013 (“Annuario Pontificio”) വെളിപ്പെടുത്തി. മെയ് 13ന് നടന്ന പ്രകാശനകര്‍മ്മത്തില്‍ 2013 ആനുവാരിയോ പൊന്തിഫിച്യോയുടെ പ്രഥമ പ്രതി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചു. ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കത്തോലിക്കാസഭാംഗങ്ങളുടെ വര്‍ദ്ധനവ് പ്രകടമാകുന്നുണ്ടെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ കത്തോലിക്കരുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ എണ്ണം 2010ല്‍ 1.196 ബില്യണ്‍ ആയിരുന്നത് 2011ല്‍ 1.214 ബില്യണ്‍ ആയി വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ഇയര്‍ബുക്ക് വെളിപ്പെടുത്തുന്നു. ഇക്കാലഘട്ടത്തിലെ ലോകജനസംഖ്യാ വര്‍ദ്ധനവുമായി (1.23 %) താരത്മ്യം ചെയ്യുമ്പോള്‍ കത്തോലിക്കരുടെ വര്‍ദ്ധനവ് 1.5% ആണ്. അക്കാരണത്താല്‍ തന്നെ 7 ബില്യണ്‍ വരുന്ന ലോകജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ കത്തോലിക്കരുടെ ജനസംഖ്യ 17.5% എന്ന് മാറ്റമില്ലാതെ തുടരുന്നു. ഭൂഖണ്ഡാടിസ്ഥാനത്തില്‍ കത്തോലിക്കരില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ്, 4.3% വളര്‍ച്ചയുള്ള ആഫ്രിക്കയാണ്. ഏഷ്യയില്‍ കത്തോലിക്കരുടെ വളര്‍ച്ച 2 ശതമാനമാണ്.
ലോകത്തിന്‍റെ നാനാഭാഗത്തായി 2979 രൂപതകളിലും ഇതര അജപാലനപ്രവിശ്യകളിലുമായാണ് കത്തോലിക്കരുടെ അജപാലന ശുശ്രൂഷ നടക്കുന്നത്. രൂപതാദ്ധ്യക്ഷന്‍മാരുടെ എണ്ണത്തിലും ചെറിയ വര്‍ദ്ധനവ് പ്രകടമാണ്. 2010ല്‍ 5,104 കത്തോലിക്കാ മെത്രാന്‍മാരാണുണ്ടായിരുന്നത് 2011ല്‍ അത് 5,132 ആയി വര്‍ധിച്ചു. 2001 -2011 ദശാബ്ദത്തില്‍ കത്തോലിക്കാ വൈദികരുടെ എണ്ണം 405,418ല്‍ നിന്നും 413,418 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ഏഷ്യയിലും ആഫ്രിക്കയിലും മാത്രമായി ഏകദേശം മൂവായിരത്തിലേറെ നവവൈദികര്‍ ശുശ്രൂഷയാരംഭിച്ചു. അതേസമയം യൂറോപ്പില്‍ വൈദികരുടെ എണ്ണത്തില്‍ 9% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സന്ന്യാസ വൈദികരുടെ എണ്ണത്തില്‍ ഗണ്യമായ മാറ്റം പ്രകടമല്ലെങ്കിലും സന്ന്യാസിനിമാരുടെ കാര്യത്തില്‍ വലിയ കുറവ് കാണുന്നുണ്ട്. 2001 - 2011 കാലഘട്ടത്തില്‍ സന്ന്യാസിനിമാരുടെ എണ്ണം 792,000ല്‍ നിന്നും 713000 ആയി കുറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും ഓഷ്യാനയിലുമാണ് സന്ന്യാസിനിമാരുടെ കുറവ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഏഷ്യയിലും ആഫ്രിക്കയിലും കത്തോലിക്കാ സന്ന്യാസിനിമാരുടെ എണ്ണത്തില്‍ 28% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആനുവാരിയോ പൊന്തിഫിച്യോയുടെ കണക്കുപ്രകാരം സ്ഥിരം ഡീക്കന്‍മാരുടെ അംഗസംഖ്യ 40% വര്‍ദ്ധിച്ചിട്ടുണ്ട്. വൈദികാര്‍ത്ഥികളുടെ അംഗസംഖ്യയിലും ചെറിയ തോതില്‍ വര്‍ദ്ധനവുണ്ട്.

വാര്ത്താ സ്രോതസ്സ് : വത്തിക്കാന്‍ റേഡിയോ
കോണ്ടിവിടി


ഞങ്ങളെപ്പററി. പരിപാടികളുടെ സമയവിവരം. ഞങ്ങള്‍ക്കെഴുതുക. നി൪മ്മാണ വിഭാഗം. കണ്ണികള്‍. മററ് ഭാഷകള്‍. ഹോം പേജ്. വത്തിക്കാ൯. മാ൪പാപ്പാ നയിക്കുന്ന തിരുക്ക൪മ്മങ്ങള്‍.
ഈ സൈറ്റിലെ എല്ലാ പരിപാടികളും പകര്‍പ്പവകാശ നിയമത്താല്‍ സംരക്ഷിതമാണ് ©. വെബ് മാസ്റ്റര്‍‍ / പരിപാടികളുടെ സമ്പാദകര്‍ / നിയമ വ്യവസ്ഥകള്‍ / പരസ്യം