ഹോം പേജ്.വത്തിക്കാ൯ റേഡിയോ
വത്തിക്കാ൯ റേഡിയോ   
more languages  

     ഹോം പേജ്. > സഭ. >  2013-06-08 11:28:23
A+ A- പ്രഭാഷണങ്ങള്‍ പ്രസിദ്ധീകരിച്ചത്മാര്‍പാപ്പയുടെ സ്നേഹസംവാദം07 ജൂണ്‍ 2013, വത്തിക്കാന്‍
ഭാവിജീവിതത്തിന് സമഗ്രപരിശീലനം നല്‍കുന്ന വേദിയായിരിക്കണം വിദ്യാലയമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലും അല്‍ബാനിയായിലും ഈശോ സഭ നടത്തുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപക – വിദ്യാര്‍ത്ഥി സമൂഹത്തിന് നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ പ്രസംഗവുമായാണ് വെള്ളിയാഴ്ച രാവിലെ അദ്ധ്യാപക – വിദ്യാര്‍ത്ഥി സമൂഹവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് എത്തിയതെങ്കിലും, അഞ്ചു പേജോളം വരുന്ന പ്രസംഗം ബോറായിരിക്കുമെന്ന് പറഞ്ഞ് അതിലെ പ്രധാന ആശയങ്ങള്‍ മാത്രമാണ് പാപ്പ അവരോട് പങ്കുവച്ചത്. ബൗദ്ധിക പരിശീലനത്തോടൊപ്പം മാനുഷികതയില്‍ വളരാനും ഹൃദയവിശാലതയുള്ളരായി മാറാനും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന ഇടങ്ങളാകണം വിദ്യാലയങ്ങള്‍. ആദര്‍ശധീരതയോടെ ജീവിക്കാനും ആന്തരിക സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്ത മാര്‍പാപ്പ ആന്തരിക സ്വാതന്ത്ര്യം വിശാലഹൃദയമുള്ളവരായിത്തീരാനും ശുശ്രൂഷാ മനോഭാവത്തോടെ ജീവിക്കാനും അവരെ സഹായിക്കുമെന്നും പ്രസ്താവിച്ചു.
നമുക്കിനി ചോദ്യത്തര ശൈലിയില്‍ സംസാരിക്കാമെന്ന് പറഞ്ഞ പാപ്പ അവരുടെ ചോദ്യങ്ങള്‍ക്കായി കാതോര്‍ത്തു. തങ്ങളുടെ ഏതു തരത്തിലുള്ള ചോദ്യങ്ങള്‍ക്കും മറുപടി നല്കാന്‍ തയ്യാറായ മാര്‍പാപ്പയോട് അത്യത്ഭുതത്തോടും അതീവഉത്സാഹത്തോടും കൂടിയാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതികരിച്ചത്.
തികച്ചും വ്യക്തിപരമായ ചോദ്യങ്ങള്‍ പോലും കുട്ടികള്‍ മാര്‍പാപ്പയോട് തുറന്നു ചോദിച്ചു മാര്‍പാപ്പയാകാന്‍ ആഗ്രഹിച്ചിരുന്നോ? എന്തുകൊണ്ടാണ് ഇടവ വൈദികനാകുന്നതിനു പകരം ഈശോസഭയില്‍ ചേര്‍ന്നത്? മാര്‍പാപ്പയ്ക്ക് കൂട്ടുകാരുണ്ടോ? എന്തുകൊണ്ടാണ് അപ്പസ്തോലിക മന്ദിരത്തില്‍ താമസിക്കാത്തത്? വലിയ കാറുപയോഗിക്കാത്തത്? എന്നിങ്ങനെ നിരവധി ചോദ്യങ്ങളുമായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മാര്‍പാപ്പയുടെ മുന്നിലെത്തി.
അവരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി, മാര്‍പാപ്പയാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തിയ മാര്‍പാപ്പ വത്തിക്കാനിലെ അപ്പസ്തോലിക മന്ദിരത്തില്‍ താമസിക്കുന്നതിനു പകരം അതിഥിമന്ദിരമായ സാന്താ മാര്‍ത്തായില്‍ താമസിക്കുന്നത് ദാരിദ്യാരൂപികൊണ്ടു മാത്രമല്ലെന്നും മാനസികാരോഗ്യം കൂടി മുന്‍നിറുത്തി കൊണ്ടാണെന്നും സരസമായി പറഞ്ഞു. ആളുകള്‍ക്കിടയില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താന്നെന്നും ഒറ്റപ്പെട്ട ജീവിതം നയിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും പാപ്പ വ്യക്തമാക്കി. ലോകത്തു പലരും ഒരുനേരത്തെ ഭക്ഷണത്തിനു വകയില്ലാതെ ദാരിദ്ര്യത്തില്‍ കഴിയുകയാണ്. ദരിദ്രരുടെ ഗുരുവായ യേശുവിനെ കൂടുതല്‍ അടുത്തനുഗമിക്കാനുള്ള ആഗ്രഹവും ദാരിദ്ര്യാരൂപി ആശ്ലേഷിച്ചതിനു പിന്നിലുണ്ടെന്ന് പാപ്പ വിശദീകരിച്ചു. മിഷനറിയാകാനുള്ള തീവ്രാഭിലാഷം കൊണ്ടാണ് ഈശോസഭയില്‍ ചേരാന്‍ താന്‍ തീരുമാനിച്ചത്. എന്നാല്‍ ഒരു ശ്വാസകോശം മാത്രമുള്ള വ്യക്തിയ്ക്ക് വിദേശ രാജ്യങ്ങളില്‍ പ്രഷിത പ്രവര്‍ത്തനത്തിനുപോകുക എളുപ്പമായിരുന്നില്ല. മാതൃരാജ്യമായ അര്‍ജന്‍റീനയില്‍ തന്നെ പ്രേഷിതപ്രവര്‍ത്തനം നടത്താനായിരുന്നു അന്നത്തെ ഈശോസഭാ ജനറല്‍ സുപ്പീരിയര്‍ ഫാ.അരൂപ്പ തന്നോട് ആവശ്യപ്പെട്ടതെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

വിശ്വാസ ജീവിതത്തിലെ പ്രതിസന്ധികള്‍, സാംസ്ക്കാരിക – രാഷ്ട്രീയ കാര്യങ്ങളില്‍ വിശ്വാസികളുടെ പങ്ക്, ഉപവി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഗൗരവമുള്ള വിഷയങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. വിശ്വാസജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ച്ചകളും സ്വാഭാവികമാണ്. ആത്മീയ വരള്‍ച്ചയും അന്ധകാരവും താനും അനുഭവിച്ചിട്ടുണ്ടെന്ന് പാപ്പ പറഞ്ഞു. എന്നാല്‍ ഏതവസ്ഥയിലും ദൈവത്തില്‍ ആശ്രയിക്കുകയും ദൈവഹിതത്തിനു കീഴ്വഴങ്ങി ദൈവേഷ്ടപ്രകാരം ജീവിക്കാനുള്ള സന്നദ്ധത വിശ്വാസ ജീവിതത്തില്‍ നിര്‍ണ്ണായകമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശദീകരിച്ചു.
ഇന്ന് ലോകം നേരിടുന്ന സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കവേ, മനുഷ്യന്‍റെ മൂല്യം ഇടിയുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. മറ്റുള്ളവരില്‍ പഴിചാരി സംതൃപ്തിയടയുന്നതിനു പകരം ഈ പ്രതിസന്ധി മറികടക്കാന്‍ തന്നാലാവുന്ന കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടെന്നും പാപ്പ അവരെ ഉത്ബോധിപ്പിച്ചു.
രാഷ്രീയ നേതൃത്വം കറപുരണ്ടു പോയി ‍എന്ന് അപലപിക്കുന്നതിലും അര്‍ത്ഥമില്ലെന്ന് പാപ്പ പറഞ്ഞു. രാഷ്ട്രീയ രംഗം മലീമസമാക്കുന്ന കാരണങ്ങളിലൊന്ന് രാഷ്ട്രീയ പ്രവര്‍ത്തകരായ ക്രൈസ്തവര്‍ ക്രൈസ്തവ മൂല്യങ്ങള്‍ രാഷ്ട്രീയത്തിലേക്ക് പകര്‍ന്നു നല്‍കാത്തതാണെന്ന് പാപ്പ പ്രസ്താവിച്ചു. രാഷ്ട്രീയം ഒരു എളുപ്പ പണിയല്ലെന്നറിയാം, പക്ഷെ വൈദിക ജീവിതവും എളുപ്പമല്ലെന്ന് ചൂണ്ടിക്കാട്ടിയ മാര്‍പാപ്പ
ജീവിതത്തില്‍ ഒന്നും എളുപ്പമല്ലെന്ന് വിശദീകരിച്ചു. പൊതുക്ഷേമത്തിനുവേണ്ടി ക്രൈസ്തവികമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അല്‍മായ സഭാംഗങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ സൈദ്ധാന്തിക തലത്തില്‍ മാത്രമല്ല ഉണ്ടായിരിക്കേണ്ടത്. ദാരിദ്ര്യം എന്താണെന്ന് അനുഭവിച്ചറിഞ്ഞ് ദരിദ്രരുടെ ജീവിതാവസ്ഥയില്‍ പങ്കുചേര്‍ന്നുകൊണ്ടാണ് കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതെന്നും മാര്‍പാപ്പ തദവസരത്തില്‍ പ്രസ്താവിച്ചു.

ചോദ്യങ്ങള്‍ ഉന്നയിച്ച എല്ലാവര്‍ക്കും വ്യക്തമായ ഉത്തരം നല്‍കിയ പാപ്പ ഒടുവില്‍ കൂടിക്കാഴ്ച്ചയില്‍ സന്നിഹിതരായിരുന്ന എല്ലാവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വാദം നല്‍കികൊണ്ടാണ് കൂടിക്കാഴ്ച്ച അവസാനിപ്പിച്ചത്. ഇറ്റലിയിലും അല്‍ബാനിയായിലുമുള്ള ജെസ്യൂട്ട് വിദ്യാലയങ്ങളിലെ എണ്ണായിരത്തോളം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് കൂടിക്കാഴ്ച്ചയില്‍ സന്നിഹിതരായിരുന്നത്.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ


കോണ്ടിവിടി


ഞങ്ങളെപ്പററി. പരിപാടികളുടെ സമയവിവരം. ഞങ്ങള്‍ക്കെഴുതുക. നി൪മ്മാണ വിഭാഗം. കണ്ണികള്‍. മററ് ഭാഷകള്‍. ഹോം പേജ്. വത്തിക്കാ൯. മാ൪പാപ്പാ നയിക്കുന്ന തിരുക്ക൪മ്മങ്ങള്‍.
ഈ സൈറ്റിലെ എല്ലാ പരിപാടികളും പകര്‍പ്പവകാശ നിയമത്താല്‍ സംരക്ഷിതമാണ് ©. വെബ് മാസ്റ്റര്‍‍ / പരിപാടികളുടെ സമ്പാദകര്‍ / നിയമ വ്യവസ്ഥകള്‍ / പരസ്യം