ഹോം പേജ്.വത്തിക്കാ൯ റേഡിയോ
വത്തിക്കാ൯ റേഡിയോ   
more languages  

     ഹോം പേജ്. > സഭ. >  2013-06-18 16:25:20
A+ A- പ്രഭാഷണങ്ങള്‍ പ്രസിദ്ധീകരിച്ചത്‘ജീവന്‍റെ സുവിശേഷ’ ദിനാചരണംവിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് ‘ജീവന്‍റെ സുവിശേഷ’ ദിനാചരണം ജൂണ്‍ 17ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്നു. ജീവന്‍റെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആയിരക്കണത്തിന് കത്തോലിക്കാ വിശ്വാസികളാണ് ലോകത്തിന്‍റെ നാനാഭാഗത്തു നിന്ന് സംഗമത്തില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഞായറാഴ്ച രാവിലെ 10.30ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെട്ട വി.കുര്‍ബ്ബാനയായിരുന്നു ‘ജീവന്‍റെ സുവിശേഷ’ ദിനാചരണത്തിന്‍റെ പ്രധാന സവിശേഷത. രണ്ടുലക്ഷത്തിലേറെ പേര്‍ മാര്‍പാപ്പയുടെ ദിവ്യബലിയില്‍ സംബന്ധിച്ചു. ദിവ്യബലി മധ്യേ മാര്‍പാപ്പ നല്‍കിയ വചന സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

വചനസന്ദേശത്തില്‍ മൂന്ന് പ്രധാന ആശയങ്ങളാണ് മാര്‍പാപ്പ പങ്കുവയ്ച്ചത്. ഒന്നാമതായി വിശുദ്ധ ഗ്രന്ഥത്തിലൂടെ വെളിപ്പെടുന്ന സജീവ ദൈവം, നമുക്ക് ജീവനേകുന്ന ജീവന്‍റെ ഉറവിടമായ ദൈവം. രണ്ടാമതായി ക്രിസ്തു നല്‍കുന്ന ജീവന്‍, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ജീവിതം മൂന്നാമതായി, ജീവനിലേക്കു നയിക്കുന്ന ദൈവിക മാര്‍ഗവും മരണത്തിലേക്ക് നയിക്കുന്ന വിഗ്രഹാരാധനയും തമ്മിലുള്ള അന്തരം.
ദാവീദ് രാജാവിന്‍റെ ജീവിതാനുഭവം ആസ്പദമാക്കി ജീവനേയും മരണത്തേയും സംബന്ധിച്ച വിശുദ്ധ ഗ്രന്ഥത്തിലെ വെളിപാടുകളിലേക്ക് മാര്‍പാപ്പ വിശ്വാസികളുടെ ശ്രദ്ധ തിരിച്ചു. ഊറിയായുടെ ഭാര്യയുമായി വ്യഭിചരിച്ച ദാവീദ് രാജാവ് അത് രഹസ്യമാക്കി വയ്ക്കാന്‍ വേണ്ടി കരുനീക്കം നടത്തി. തന്‍റെ സൈനികനായ ഊറിയ യുദ്ധത്തില്‍ വധിക്കപ്പെടുന്നതിനുവേണ്ടി അയാളെ മുന്‍നിരയില്‍ നിറുത്താന്‍ രാജാവ് രഹസ്യമായി ആജ്ഞ നല്‍കി. പച്ചയായ ജീവിത യാഥാര്‍ത്ഥ്യം ചുരുളഴിയുകയാണിവിടെ. നന്മയും തിന്‍മയും, തീവ്രവികാരങ്ങളും, പാപവും അതിന്‍റെ പ്രത്യാഘാതങ്ങളുമെല്ലാം ഇവിടെ ദൃശ്യമാകുന്നു. അഹംഭാവിയും സ്വാര്‍ത്ഥനുമായ മനുഷ്യന്‍ ദൈവത്തിന്‍റെ സ്ഥാനം കയ്യടക്കാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ മരണം വിതയ്ക്കുന്നവനായി മാറുന്നു. ദാവീദ് രാജാവിന്‍റെ വ്യഭിചാരം അതിനൊരു ഉദാഹരണമാണ്. സ്വാര്‍ത്ഥത, തന്നെത്തനെയും മറ്റുള്ളവരേയും കബളിപ്പിക്കുന്ന അസത്യത്തിലേക്ക് നയിക്കുന്നു. എന്നാല്‍ ദൈവതിരുമുമ്പില്‍ എല്ലാം അനാവൃതമാണ്. ദൈവത്തില്‍ നിന്ന് എന്തെങ്കിലും ഒളിച്ചുവയ്ക്കാനോ ദൈവത്തെ കബളിപ്പിക്കാനോ സാധ്യമല്ല. അതിനാലാണ് “നീ ദൈവസന്നിദ്ധിയില്‍ പാപം ചെയ്തു” എന്ന് പ്രവാചകന്‍ രാജാവിനോട് പറയുന്നത്. മരണത്തിന് കാരണമായ പ്രവര്‍ത്തിയാണ് ദാവീദ് രാജാവ് ചെയ്തത്. തന്‍റെ തെറ്റ് മനസിലാക്കി പശ്ചാതാപവിവശനായ ദാവീദ് “ഞാന്‍ ദൈവത്തിനെതിരായി പാപം ചെയ്തുപോയി” എന്ന് വിലപിക്കുന്നു. ദയാനിധിയായ കര്‍ത്താവ് ദാവീദിനോട് കരുണകാട്ടി. “നീ മരിക്കുകയില്ലെന്ന്” പ്രവാചകന്‍ ദാവീദിനോട് പറഞ്ഞു.
ഇത്രയും പറഞ്ഞ ശേഷം ജനത്തിന്‍റെ നേരെ തിരിഞ്ഞ മാര്‍പാപ്പ ദൈവത്തെക്കുറിച്ച് നാം കരുതുന്നതെന്താണ് എന്ന ചോദ്യം അവരോടുന്നയിച്ചു. കര്‍ക്കശക്കാരനായ വിധിയാളായിട്ടാണോ നാം ദൈവത്തെ കാണുന്നത്? നമ്മുടെ സ്വാതന്ത്ര്യത്തിന് തടയിടുന്ന ഒരാളായിട്ടാണോ നാം ദൈവത്തെ പരിഗണിക്കുന്നത്?
നമുക്ക് ജീവന്‍ നല്‍കുകയും ജീവന്‍റെ പൂര്‍ണ്ണതയിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്ന ജീവന്‍റെ സ്രോതസ്സാണ് ദൈവമെന്ന് വിശുദ്ധ ഗ്രന്ഥം വെളിപ്പെടുത്തുന്നു. ഉല്‍പത്തിപുസ്തകത്തില്‍ സൃഷ്ടിയുടെ വിവരണം ശ്രദ്ധിക്കൂ, “ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്‍റെ ശ്വാസം അവന്‍റെ നാസാരന്ധ്രങ്ങളിലേക്ക് നിശ്വസിക്കുകയും ചെയ്തു.” (ഉല്‍പത്തി 2:7) ദൈവത്തിന്‍റെ നിശ്വാസമാണ് മനുഷ്യന് ജീവനേകിയത്. ഈ ഭൂമിയില്‍ ജീവിക്കാന്‍ അവന് കരുത്തേകുന്നതും ദൈവിക നിശ്വാസമാണ്. മാനവ ചരിത്രത്തിലുടനീളം ദൈവസാന്നിദ്ധ്യം പ്രകടമാകുന്നുണ്ട്. ഇസ്രയേല്‍ ജനത്തെ അടിമത്വത്തിലും മരണത്തിലും നിന്ന് മോചിപ്പിച്ച് ജീവനിലേക്കു നയിച്ച ദൈവം അബ്രാഹത്തിന്‍റേയും ഇസഹാക്കിന്‍റേയും യാക്കോബിന്‍റേയും ദൈവമെന്ന് അറിയപ്പെട്ടു. “ഞാന്‍ ഞാനാകുന്നു” എന്ന് അവിടുന്ന് മോശയ്ക്കു വെളിപ്പെടുത്തി. മനുഷ്യനെ ജീവന്‍റെ പൂര്‍ണ്ണതയിലേക്ക് നയിക്കാന്‍ ദൈവം നല്‍കിയ സമ്മാനമാണ് പത്തു കല്‍പനകള്‍. ‘അരുതുകളുടെ’ ഒരു പട്ടികയല്ലത്. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്ക് മനുഷ്യനെ നയിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളാണവ. സ്നേഹത്തിന്‍റേയും ജീവന്‍റേയും സമ്മതപത്രമാണ് പത്തുകല്‍പനകള്‍. ജീവിക്കുന്ന ദൈവത്തില്‍ മാത്രമേ ജീവന്‍റെ പൂര്‍ണ്ണത കണ്ടെത്താന്‍ നമുക്ക് സാധിക്കൂ.

വി.ലൂക്കായുടെ സുവിശേഷത്തില്‍ വിവരിക്കുന്ന ഒരു സംഭവമുണ്ട്. ഒരു ഫരിസേയന്‍റെ ഭവനത്തില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ യേശുവിന്‍റെ പക്കലെത്തിയ പാപിനിയായ ഒരു സ്ത്രീ അവിടുത്തെ പാദം സ്വന്തം കണ്ണീരാല്‍ കഴുകി, തലമുടികൊണ്ടു തുടച്ച്, സുഗന്ധ തൈലം പൂശി. യേശു പാപിനിയായ സ്ത്രീയുടെ പരിചരണം സ്വീകരിക്കുക മാത്രമല്ല, “ഇവള്‍ അധികം സ്നേഹിച്ചു, ആരോട് അല്‍പം ക്ഷമിക്കുന്നുവോ അയാള്‍ അല്‍പം സ്നേഹിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് അവളുടെ പാപങ്ങള്‍ മോചിക്കുകകൂടി ചെയ്തു. മനുഷ്യാവതാരം ചെയ്ത ദൈവമായ ക്രിസ്തു , പാപത്തിന്‍റേയും മരണത്തിന്‍റേയും സ്വാര്‍ത്ഥതയുടേയും അനവധിയായ പ്രവര്‍ത്തികള്‍ക്കു മുന്‍പില്‍ ജീവന്‍ സമ്മാനിക്കുന്നു. യേശു നമ്മെ സ്നേഹത്തോടെ സ്വീകരിച്ച്, ആശ്വസിപ്പിക്കുകയും വീണിടത്തു നിന്ന് എഴുന്നേറ്റ് നടക്കാനുള്ള കരുത്തേകി നമുക്ക് നവജീവന്‍ സമ്മാനിക്കുകയും ചെയ്യുന്നു. വ്യക്തികളെ മാനസാന്തരപ്പെടുത്തുന്ന യേശുവിന്‍റെ അനവധി വാക്കുകളും പ്രവര്‍ത്തികളും സുവിശേഷത്തിലുടനീളം കാണാം. കര്‍ത്താവിന്‍റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശിയ ആ സ്ത്രീ, ദൈവിക കാരുണ്യവും സ്നേഹവും അനുഭവിച്ചറിയുന്നു. പാപമോചനം ലഭിച്ച അവള്‍ പുതിയൊരു ജീവിതം ആരംഭിച്ചു. ജീവിക്കുന്ന ദൈവം കാരുണ്യവാനാണ്.

ദൈവം കാരുണ്യവാനാണെന്ന് നിങ്ങള്‍ സമ്മതിക്കുമോ എന്ന് വിശ്വാസ സമൂഹത്തോടാരാഞ്ഞ പാപ്പയ്ക്ക് അതെയെന്ന് അവര്‍ ഉത്തരമേകി. പാപ്പാ ആവശ്യപ്പെട്ടതനുസരിച്ച് ജീവിക്കുന്ന ദൈവം കാരുണ്യാവാനാണെന്ന് ദിവ്യബലിയില്‍ സംബന്ധിച്ച വിശ്വാസസമൂഹം ആവര്‍ത്തിച്ചു പറഞ്ഞു.

മൂന്നാമതായി, ജീവനിലേക്കു നയിക്കുന്ന ദൈവിക മാര്‍ഗവും മരണത്തിലേക്ക് നയിക്കുന്ന വിഗ്രഹാരാധനയും തമ്മിലുള്ള അന്തരത്തെക്കുറിച്ചാണ് മാര്‍പാപ്പ വിശദീകരിച്ചത്.
യേശു നമ്മെ ദൈവിക ജീവനിലേക്ക് നയിക്കുന്നു. ദൈവമക്കളെന്ന നിലയില്‍ നമുക്ക് ദൈവത്തോടുള്ള ബന്ധത്തില്‍ ജീവിക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ വഴിനയിക്കുകയും ചെയ്യുന്നു. എന്നാല്‍ പലപ്പോഴും ‘ജീവന്‍റെ സുവിശേഷം’ ആശ്ലേഷിക്കാനും ജീവന്‍റെ മാര്‍ഗത്തിലൂടെ ചരിക്കാനും മനുഷ്യര്‍ വിമുഖരാണ്. ജീവന് ഭീഷണിയുയര്‍ത്തുന്ന പ്രത്യയ ശാസ്ത്രങ്ങളും യുക്തിചിന്തകളും പിന്തുടരാന്‍ അവര്‍ താല്‍പര്യപ്പെടുന്നു. സ്നേഹത്തിലും അന്യരുടെ ക്ഷേമത്തിനും സ്ഥാനമില്ലാത്ത ഇത്തരം മാര്‍ഗങ്ങള്‍ക്കു പിന്നിലുള്ളത് അഹങ്കാരവും, സ്വാര്‍ത്ഥ ലക്ഷൃങ്ങളും, അധികാരമോഹവും, സുഖലോലുപതയുമാണ്. ദൈവമില്ലാത്ത നഗരം പണിയാമെന്നുള്ള വ്യാമോഹമാണത്, അവിടെ ജീവനും ദൈവസ്നേഹത്തിനും സ്ഥാനമില്ല. ദൈവത്തേയും സുവിശേഷത്തേയും തള്ളിപ്പറഞ്ഞുകൊണ്ട് പുതിയൊരു ബാബേല്‍ഗോപുരം നിര്‍മ്മിക്കാനുള്ള ശ്രമമാണിത്. ദൈവത്തിനു പ്രഥമ സ്ഥാനം നല്‍കേണ്ടതിനു പകരം ക്ഷണിക സുഖങ്ങളുടെ വിഗ്രഹങ്ങള്‍ അവിടെ പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ താല്‍കാലിക സന്തോഷം ലഭിച്ചേക്കാം. പക്ഷേ ആ സന്തോഷം ശാശ്വതമാകില്ല, കാരണം അടിമത്വത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന പാതയാണത്. കര്‍ത്താവിന്‍റെ മാര്‍ഗം വ്യത്യസ്ഥമാണ്. സങ്കീര്‍ത്തകന്‍ പറയുന്നതുപോലെ “കര്‍ത്താവിന്‍റെ പ്രമാണം വിശുദ്ധമാണ്. അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു. കര്‍ത്താവിന്‍റെ വിധികള്‍ സത്യമാണ്. അവ തികച്ചും നീതിപൂര്‍ണ്ണമാണ്.(സങ്കീ. 19,9) ”

ദൈവത്തിങ്കലേക്ക് കണ്ണുകളുയര്‍ത്തി അവിടുത്ത കല്‍പനകള്‍ പാലിച്ചു ജീവിക്കേണ്ടവരാണ് നാം. സ്വാതന്ത്ര്യത്തിലേക്കും ജീവനിലേക്കും നയിക്കുന്ന സുവിശേഷത്തിന്‍റെ മാര്‍ഗമാണ് നാം ആശ്ലേഷിക്കേണ്ടത്. സ്വാര്‍ത്ഥതയ്ക്കു പകരം സ്നേഹത്തിനും മരണത്തിനു പകരം ജീവനും സമ്മതമേകിക്കൊണ്ട് ആധുനിക വിഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ച് ദൈവവചനം ആശ്ലേഷിച്ചു ജീവിക്കാന്‍ നാം തയ്യാറാകണം. ജീവന്‍റെ സുവിശേഷത്തിന് സാക്ഷികളായി ജീവിക്കാന്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാധ്യസ്ഥം യാചിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്‌റെ പ്രഭാഷണം ഉപസംഹരിച്ചത്.
കോണ്ടിവിടി


ഞങ്ങളെപ്പററി. പരിപാടികളുടെ സമയവിവരം. ഞങ്ങള്‍ക്കെഴുതുക. നി൪മ്മാണ വിഭാഗം. കണ്ണികള്‍. മററ് ഭാഷകള്‍. ഹോം പേജ്. വത്തിക്കാ൯. മാ൪പാപ്പാ നയിക്കുന്ന തിരുക്ക൪മ്മങ്ങള്‍.
ഈ സൈറ്റിലെ എല്ലാ പരിപാടികളും പകര്‍പ്പവകാശ നിയമത്താല്‍ സംരക്ഷിതമാണ് ©. വെബ് മാസ്റ്റര്‍‍ / പരിപാടികളുടെ സമ്പാദകര്‍ / നിയമ വ്യവസ്ഥകള്‍ / പരസ്യം