ഹോം പേജ്.വത്തിക്കാ൯ റേഡിയോ
വത്തിക്കാ൯ റേഡിയോ   
more languages  

     ഹോം പേജ്. > സഭ. >  2013-07-09 16:54:35
A+ A- പ്രഭാഷണങ്ങള്‍ പ്രസിദ്ധീകരിച്ചത്



വിശുദ്ധരായ മാര്‍പാപ്പമാര്‍



09 ജൂലൈ 2013, വത്തിക്കാന്‍
വിശുദ്ധിയും വിവേകവുമുള്ള മാര്‍പാപ്പമാരാണ് ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ സഭ നയിച്ചതെന്ന് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ. മുന്‍ മാര്‍പാപ്പമാരായ ജോണ്‍ ഇരുപത്തിമൂന്നാമന്‍റേയും ജോണ്‍ പോള്‍ രണ്ടാമന്‍റേയും വിശുദ്ധ പദപ്രഖ്യാപനത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അനുമതി നല്‍കിയതിനെക്കുറിച്ച് ഒസ്സെവര്‍വാത്തോരെ റൊമാനോയ്ക്ക് അനുവദിച്ച ഒരഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ പ്രബോധനങ്ങളും ജീവിത വിശുദ്ധിയും കൊണ്ട് സഭയെ നയിച്ചവരാണ് ഇക്കഴിഞ്ഞ നൂറ്റാണ്ടിലെ മാര്‍പാപ്പമാര്‍. വിശുദ്ധരായി പ്രഖ്യാപിക്കപ്പെടാന്‍ പോകുന്ന ജോണ്‍ ഇരുപത്തിമൂന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നീ മാര്‍പാപ്പമാര്‍ക്കു പുറമേ വിശുദ്ധനായ പത്താം പീയൂസ് മാര്‍പാപ്പ, ധന്യനായ പന്ത്രണ്ടാം പീയൂസ് പാപ്പ, ധന്യനായ പോള്‍ ആറാമന്‍ മാര്‍പാപ്പ, ദൈവദാസന്‍ ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പ എന്നിവരേയും ദൈവജനം വണങ്ങുകയും അവരുടെ മാധ്യസ്ഥം തേടുകയും ചെയ്യുന്നുണ്ടെന്ന് കര്‍ദിനാള്‍ അമാത്തോ സംഭാഷണത്തില്‍ പരാമര്‍ശിച്ചു.

വിശുദ്ധപദപ്രഖ്യാപനം ആസന്നമായിരിക്കുന്ന ഇരുമാര്‍പാപ്പമാരും രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ നായകരാണെന്ന് കര്‍ദിനാള്‍ അമാത്തോ അഭിപ്രായപ്പെട്ടു. പരിശുദ്ധാത്മാവിന്‍റെ പ്രചോദനം അനുസരിച്ച് ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് വിളിച്ചുകൂട്ടുകയെന്ന സുധീരമായ നടപടി കൈക്കൊണ്ടു. സൂന്നഹദോസിലൂടെ ആരംഭിച്ച സഭാനവീകരണം സഭയിലാകമാനം നടപ്പിലാക്കുന്നതിന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നല്‍കിയ സംഭാവനകളും നിര്‍ണ്ണായകമാണ്. കത്തോലിക്കരും അകത്തോലിക്കരും ഒരുപോലെ സ്നേഹിച്ച ജോണ്‍ മാര്‍പാപ്പയേയും അപ്പസ്തോലിക യാത്രകളിലൂടെ ലോകമെങ്ങും സഞ്ചരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയേയും ഒന്നിപ്പിക്കുന്ന മറ്റൊരു ഘടകം അവരുടെ അഗാധമായ മരിയ ഭക്തിയാണെന്നും കര്‍ദിനാള്‍ അമാത്തോ ചൂണ്ടിക്കാട്ടി.

സാധാരണ ഒരു വ്യക്തി മരണമടഞ്ഞ് അഞ്ചുവര്‍ഷത്തിനു ശേഷമാണ് നാമകരണ നടപടികള്‍ ആരംഭിക്കുന്നത്. അതേസമയം, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാര്യത്തില്‍ അഞ്ചു വര്‍ഷത്തെ ഇടവേള ഒഴിവാക്കി നാമകരണ നടപടികള്‍ ആരംഭിക്കാന്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അംഗീകാരം നല്‍കിയെന്ന് കര്‍ദിനാള്‍ അമാത്തോ അഭിമുഖത്തില്‍ അനുസ്മരിച്ചു. അഞ്ചുവര്‍ഷത്തെ കാലതാമസം ഒഴിവാക്കിയതു കൂടാതെ മറ്റൊരു വിട്ടുവീഴ്ച്ചയും നാമകരണ നടപടികളില്‍ ഉണ്ടായിട്ടില്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.
പാദുവായിലെ വി.അന്തോണിയെപ്പോലെയുള്ള ചില വിശുദ്ധരുടെ നാമകരണ നടപടികള്‍ അതിശീഘ്രം പൂര്‍ത്തിയാക്കപ്പെട്ടിട്ടുണ്ട്. 1231 ജൂണ്‍ 13ന് മരണമടഞ്ഞ വി.അന്തോണിയെ 1232 മെയ് 30ന് ഗ്രിഗറി പതിനൊന്നാമന്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.

ജോണ്‍ പോള്‍ രാണ്ടാമന്‍ പാപ്പായുടെ മാധ്യസ്ഥത്തിലൂടെ ലഭിച്ച അത്ഭുത രോഗശാന്തിയുടെ രേഖകള്‍ അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ വിശുദ്ധപദ പ്രഖ്യാപനം ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചത്. എന്നാല്‍ ജോണ്‍ 23-ാമന്‍ പാപ്പായെ അദ്ദേഹത്തിന്‍റെ അനിതരസാധാരണമായ ജീവിത വിശുദ്ധിയും പുണ്യങ്ങളും പരിഗണിച്ച്, രണ്ടാമത്തെ അത്ഭുത രോഗശാന്തി ലബ്ദിയുടെ തെളിവ് ഇല്ലാതെതന്നെ, വിശുദ്ധിയുടെ പദവിയിലേയ്ക്ക് ഉയര്‍ത്താന്‍ പാപ്പാ ഫ്രാന്‍സിസ് തീരുമാനിച്ചു.

ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടേയും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടേയും വിശുദ്ധ പദപ്രഖ്യാപനം ഈ വര്‍ഷാവസാനത്തില്‍ നടക്കുമെന്നാണ് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചിരിക്കുന്നത്. വിശുദ്ധ പദപ്രഖ്യാപനത്തിന്‍റെ തിയതി നിശ്ചയിക്കാന്‍ കര്‍ദിന‍ാള്‍ സംഘത്തിന്‍റെ യോഗം (consistory) പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന്‍റെ തിയതിയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വാര്‍ത്താ സ്രോതസ്: ഒസ്സെര്‍വാത്തോരെ റൊമാനോ




കോണ്ടിവിടി






ഞങ്ങളെപ്പററി. പരിപാടികളുടെ സമയവിവരം. ഞങ്ങള്‍ക്കെഴുതുക. നി൪മ്മാണ വിഭാഗം. കണ്ണികള്‍. മററ് ഭാഷകള്‍. ഹോം പേജ്. വത്തിക്കാ൯. മാ൪പാപ്പാ നയിക്കുന്ന തിരുക്ക൪മ്മങ്ങള്‍.
ഈ സൈറ്റിലെ എല്ലാ പരിപാടികളും പകര്‍പ്പവകാശ നിയമത്താല്‍ സംരക്ഷിതമാണ് ©. വെബ് മാസ്റ്റര്‍‍ / പരിപാടികളുടെ സമ്പാദകര്‍ / നിയമ വ്യവസ്ഥകള്‍ / പരസ്യം