2009-07-01 10:55:00

പതിനാറാം ബനഡിക്ട് മാര്‍പാപ്പ തന്‍റെ മൂന്നാമത്തെ ചാക്രിക ലേഖനം - “കാരിത്താസ് ഇ൯ വെരിത്താത്തെ” - പ്രഖ്യാപിച്ചു


തന്‍റെ മൂന്നാമത്തെ, “കാരിത്താസ് ഇ൯ വെരിത്താത്തെ“ (Caritas in Veritate) – “സ്നേഹം സത്യത്തില്‍” എന്ന പേരു നല്കപ്പെട്ടിരിക്കുന്ന, ചാക്രിക ലേഖനം താമസംവിനാ പ്രകാശനം ചെയ്യപ്പെടുമെന്നു പതിനാറാം ബനഡികട് മാര്‍പാപ്പ പ്രഖ്യാപിച്ചു. ദൈവദാസ൯ ആറാം പൗലോസ് മാര്‍പാപ്പ 1967-ല്‍ പുറപ്പെടുവിച്ച “പോപ്പുളോരും പ്രോഗ്രെസ്സിയോ” (Populorum Progressio) - “ജനതകളുടെ പുരോഗതി” എന്ന വിശ്വ ലേഖനത്തില്‍ പ്രതിപാദിക്കുന്ന സാമൂഹ്യ പ്രശ്നങ്ങളിലേക്കു മടങ്ങുന്ന ഈ രേഖയില്‍ വിശുദ്ധരായ പത്രോസ്, പൗലോസ് അപ്പസ്തോലന്മാരുടെ അനുസ്മരണോത്സവദിനമായിരുന്ന ജൂണ്‍ 29-തില്‍ താ൯ കയ്യൊപ്പിട്ടെന്നും പാപ്പാ അറിയിച്ചു. നമ്മുടെ യുഗത്തിന്‍റെ സമഗ്ര വികസനത്തിന്‍റെ ചില മാനങ്ങള്‍, സ്നേഹത്തിന്‍റെയും സത്യത്തിന്‍റെയും വെളിച്ചത്തില്‍, ആഴത്തില്‍ അപഗ്രഥിക്കുകയാണ് തന്‍റെ ഈ ചാക്രിക ലേഖനത്തിന്‍റെ ഉദ്ദേശ്യമെന്നും മാര്‍പാപ്പ വെളിപ്പെടുത്തി.
സാര്‍വ്വത്രിക കത്തോലിക്കാസഭ വിശുദ്ധരായ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ അനുസ്മരണത്തിരുനാള്‍ ആഘോഷിച്ച ജൂണ്‍ 29 തിങ്കളാഴ്ച മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസലിക്കയുടെ അങ്കണത്തില്‍ സമ്മേളിച്ച ആയിരക്കണക്കിനു ഭക്തജനങ്ങളുമൊരുമിച്ചു ത്രികാലജപം ചൊല്ലിയശേഷമാണു ബനഡിക്ട് പതിനാറാമ൯ പാപ്പാ ഇവ ‍‍‍‍‍‍അറിയിച്ചത്. “മനുഷ്യന്‍റെ മഹത്വത്തോടും എല്ലാവരുടെയും യഥാര്‍ത്ഥ ആവശ്യങ്ങളോടുമുള്ള പൂര്‍ണ്ണ ബഹുമാനത്തില്‍ നിലനില്ക്കുന്ന വികസനത്തിനായുള്ള മനുഷ്യരാശിയുടെ പ്രതിജ്ഞാബദ്ധതയ്ക്കു സഭ നല്കുന്ന ഏറ്റവും ഒടുവിലത്തേതായ ഈ സംഭാവനയെ നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു ഞാ൯ സമര്‍പ്പിക്കുന്നു”, ഭക്തജനസഞ്ചയത്തോടായി പാപ്പാ പറഞ്ഞു.
ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ “ദേവൂസ് കാരിത്താസ് എസ്ത് - ദൈവം സ്നേഹമാകുന്നു” -, “സ്പേ സാല്‍വി” - “പ്രത്യാശയില്‍ രക്ഷിക്കപ്പെട്ടവര്‍” എന്നീ മു൯ ചാക്രിക ലേഖനങ്ങള്‍ യഥാക്രമം 2005, 2007 വര്‍ഷങ്ങളിലാണു പുറപ്പെടുവിച്ചത്.







All the contents on this site are copyrighted ©.