2009-10-04 17:57:03

മാര്‍പാപ്പ ഫിലിപ്പീ൯സ്, അമേരിക്ക൯ ഐക്യനാടുകള്‍, നെതര്‍ല൯ഡ്സ് എന്നീ രാജ്യങ്ങളുടെ പുതിയ സ്ഥാനപതികളുടെ സാക്ഷൃപത്രങ്ങള്‍ സ്വീകരിച്ചു


ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ ഫിലിപ്പീ൯സ്, അമേരിക്ക൯ ഐക്യനാടുകള്‍, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളുടെ പരിശുദ്ധ സിംഹാസനത്തിനുവേണ്ടിയുള്ള പുതിയ സ്ഥാനപതികളുടെ ആധികാരിക സാക്ഷൃപത്രങ്ങള്‍ ഒക്ടോബര്‍ 2 വെള്ളിയാഴ്ച കാസ്റ്റല്‍ ഗണ്‍ഡോള്‍ഫൊയിലെ അപ്പസ്തോലിക അരമനയില്‍ സ്വീകരിച്ചു. ഫിലിപ്പീ൯സിന്‍റ‍െ സ്ഥാനപതി ശ്രീമതി മെര്‍സേദെസ് അറാസ്തിയ തുവാസൊണിനോടായി പാപ്പാ നടത്തിയ പ്രസംഗത്തില്‍ ആ രാജ്യത്തു "കെറ്റ്സാന" ചുഴലിക്കാറ്റ് മുന്നൂറു പേരുടെ മരണത്തിനിടയാക്കുകയും വ൯ നാശനഷ്ടങ്ങള്‍ വിതയ്ക്കുകയും ചെയ്തതില്‍ ഖേദവും അനുശോചനവും അറിയിക്കുകയും അതിന് ഇരയായവര്‍ക്കു തന്‍റെ പ്രാത്ഥനകളും അതുമൂലം ദുരിതമനുഭവിക്കുന്നവര്‍ക്കു തന്‍റെ ആത്മീയ സാന്നിദ്ധ്യവും ഉറപ്പു കൊടുക്കുകയും ചെയ്തു.
ഫിലിപ്പീ൯സിന്‍റെ ഭരണകൂടത്തിന്‍റെ വികസന സംരംഭങ്ങളെപ്പറ്റി തദ്ദവസരത്തില്‍ പരാമര്‍ശിച്ച പാപ്പാ അവയുടെ പ്രഥമവും പ്രധാനവുമായ ലക്ഷൃം ഏറ്റവും പാവപ്പെട്ടവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതായിരിക്കുന്നതില്‍ സംതൃപ്തി പ്രകടിപ്പിച്ചു. ദാരിദ്ര്യത്തിനെതിരായ പോരാട്ടം സത്യസന്ധത, ആര്‍ജവം, നീതിയുടെ തത്വങ്ങളോടുള്ള അചഞ്ചല വിശ്വസ്ത എന്നിവ ഭരണകര്‍ത്താക്കളുടെയും പൊതുഅധികാരികളുടെയും ഭാഗത്തുനിന്ന് ആവശ്യപ്പെടുന്നുവെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിക്കുകയും ചെയ്തു.
ലോകത്തിലെ ജനതകളെ കേവലം അയല്‍ക്കാരായല്ല, പ്രത്യുത സഹോദരന്മാരും സഹോദരികളുമായി കാണുന്ന യഥാര്‍ത്ഥ മാനവികതയാല്‍ പ്രചോദിതമായ ഒരു ആഗോളവല്‍ക്കരണ മാതൃക ആവശ്യമാണെന്ന് ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ ചൂണ്ടിക്കാട്ടി, അമേരിക്ക൯ ഐക്യനാടുകള്‍ പരിശുദ്ധ സിംഹാസനത്തിനുവേണ്ടി നിയമിച്ച പുതിയ സ്ഥാനപതി മിഗ്വേല്‍ ഹുംബര്‍ട്ട് ദീയസ്സിന്‍റെ പ്രസംഗത്തിനു മറുപടി പറയവേ. നിലവിലുള്ള രാഷ്ട്രീയവും, സാമ്പത്തികവും, ധനപരവുമായ ഘടനകളെ സര്‍വ്വ ജനത്തിന്‍റെയും സമഗ്ര വികസനം ഉറപ്പാക്കുന്ന സദാചാരാജ്ഞാപനത്തിന്‍റെ വെളിച്ചത്തില്‍ പുനഃപരിശോധിക്കാ൯ ആഗോള സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവും ആവശ്യപ്പെടുന്നുവെന്നു പാപ്പാ പറഞ്ഞു, നീതി, സമാധാനം, സ്വാതന്ത്ര്യം, ക്ഷേമം എന്നീ മൂല്യങ്ങള്‍ ആര്‍ജ്ജിച്ചു പരിരക്ഷിക്കാനുള്ള പരിശ്രമങ്ങള്‍ മേലില്‍ മനുഷ്യ കുടുംബത്തിന്‍റെ മുഴുവ൯ നന്മ എന്ന ഉന്നതമായ വീക്ഷണത്തോടെ ആയിരിക്കണമെന്നു പതിനാറാം ബനഡിക്ട് മാര്‍പാപ്പ പ്രസ്താവിച്ചു. സ്വാതന്ത്ര്യം, നീതി, യഥാര്‍ത്ഥ വികസനം ഇവയുടെ ഏക ഉറപ്പ് സത്യത്തോടുള്ള വിശ്വസ്തയാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യം സത്യത്തില്‍ നങ്കൂരമുറപ്പിച്ചിട്ടുള്ളതും വ്യക്തികളുടെയും സമൂഹത്തിന്‍റെയും നന്മ ഉന്നം വയ്ക്കുന്നതുമായിരിക്കണമെന്ന് ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ പറഞ്ഞു, നെതര്‍ല൯ഡ്സിന്‍റെ സ്ഥാനപതി ശ്രീമതി ഹെ൯റിയെത്ത് ജൊഹാന്ന മരിയ വാ൯ ലി൯ഡെ൯-ലെയിറ്റെനോടുള്ള പ്രഭാഷണത്തില്‍. ഇന്നത്തെ ലോകം, സാങ്കേതിക വിദ്യകളുടെ മോഹവലയങ്ങളെ അതിലംഘിച്ചുകൊണ്ടു, സ്വാതന്ത്ര്യത്തിന്‍റെ അസ്തിത്വത്തിലേക്കുള്ള വിളിക്കുള്ള പ്രത്യുത്തരം എന്ന യഥാര്‍ത്ഥ അര്‍ത്ഥം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നു പാപ്പാ ചുണ്ടിക്കാട്ടി. ഒരു വര്‍ഷമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി ആഗോളവല്‍ക്കരണം വ്യക്തികളുടെയും സമൂഹങ്ങളുടെയും സമഗ്ര വികസനം ലക്ഷൃംവയ്ക്കുന്നതായിരിക്കണമെന്ന് കൂടുതല്‍ ആളുകളെ ഇന്നു ബോദ്ധ്യപ്പെടുത്തിയിരിക്കുന്നുവെന്ന് പതിനാറാം ബനഡിക്ട് മാര്‍പാപ്പ പറഞ്ഞു.







All the contents on this site are copyrighted ©.