2009-12-15 11:40:38

പുല്‍ക്കൂട് യഥാര്‍ത്ഥ ആനന്ദത്തിന്‍റെ രഹസ്യം നമുക്ക് പഠിക്കാന്‍ കഴിയുന്ന വിദ്യാലയം: മാര്‍പ്പാപ്പാ


(13/12/09)പുല്‍ക്കൂട് യഥാര്‍ത്ഥ ആനന്ദത്തിന്‍റെ രഹസ്യം നമുക്ക് പഠിക്കാന്‍ കഴിയുന്ന വിദ്യാലയമാണെന്നും ഈ ആനന്ദം അടങ്ങിയിരിക്കുന്നത് നിരവധി വസ്തുക്കള്‍ ഉണ്ടായിരിക്കുന്നതിലല്ല മറിച്ച് കര്‍ത്താവിനാല്‍ സ്നേഹിക്കപ്പ‍െടുന്നതായ അനുഭവത്തിലും മറ്റുള്ളവര്‍ക്ക് ദാനമായിത്തീരുകയും പരസ്പരം നന്മകാംക്ഷിക്കുകയും ചെയ്യുന്നതിലുമാണെന്ന് ബെനഡികട് പതിനാറാമന്‍ പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ഡിസംബര്‍ 13 ന്, ഞായറാഴ്ച, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കായി സമ്മേളിച്ചിരുന്ന വിവിധരാജ്യക്കാരായിരുന്ന വിശ്വാസികളെ പ്രാര്‍ത്ഥനയ്ക്ക് മുന്‍പ് സംബോധന ചെയ്യുകയായിരുന്നു പാപ്പാ.
നമ്മുടെ വൈയക്തികവും സാമൂഹ്യവുമായ അസ്തിത്വം ദൈവത്തിന്‍റെ സ്നേഹമാകുന്ന മഹാരഹസ്യത്താല്‍ സന്ദര്‍ശിക്കപ്പെടുകയും സാന്ദ്രമാകുകയും ചെയ്യുന്ന അനുഭവമാണ് യാഥാര്‍ത്ഥ ആനന്ദമ‍െന്നും പാപ്പാ പറഞ്ഞു.
അനുവര്‍ഷം, സ്വഭവനങ്ങളിലെ പുല്‍ക്കൂടുകളില്‍ വയ്ക്കുന്നതിനുള്ള ഉണ്ണിയേശുവിന്‍റെ രൂപങ്ങള്‍ റോം രൂപതയിലെ ബാലികാബാലന്മാര്‍ പാപ്പായെക്കൊണ്ടാശീര്‍വദിപ്പിക്കുന്ന പതിവനുസരിച്ച് നിരവധി കുട്ടികള്‍ ഈ രൂപങ്ങളുമായി ബസിലിക്കാങ്കണത്തില്‍ സന്നിഹിതരായിരുന്നതിനാല്‍ പാപ്പാ പുല്‍ക്കൂടുനിര്‍മ്മിക്കുന്ന പാരമ്പര്യം കുടുംബങ്ങള്‍ ഇപ്പോഴും തുടരുന്നതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. സുപ്രധാനമായ ഈ പാരമ്പര്യം ആവര്‍ത്തിച്ചാല്‍ മാത്രം പോരാ പിന്നെയൊ പുല്‍ക്കൂട് പ്രതിനിധാനം ചെയ്യുന്ന ക്രിസ്തുവിന്‍റെ സ്നേഹവും അവിടുത്തെ എളിമയും,ദാരിദ്ര്യവും അനുദിന യാഥാര്‍ഥ്യങ്ങളില്‍ ജീവിക്കേണ്ടതാവശ്യമാണന്നും ബെനഡികട് പതിനാറാമന്‍ പാപ്പാ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.