2010-03-13 16:50:21

 സുവിശേഷപരിചിന്തനം

Syro-malabar rite 5th Sunday of Lent

14 മാര്ച്ച് 2010


 സീറോ-മലബാര്‍ റീത്തിലെ ആരാധനക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കുന്ന സുവിശേഷഭാഗത്തിന്‍റെ പരിചിന്തനം.
നോന്‍പുകാലം അഞ്ചാം ഞായര്‍
“ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല, അവന് ജീവന്‍റെ വെളിച്ചം ഉണ്ടായിരിക്കും.” -യോഹന്നാന്‍ 8, 12.
വിളക്ക് ജീവിതത്തില്‍ ആര്‍ക്കും അത്യന്താപേക്ഷിതമാണല്ലോ. യഹൂദ സമുദായത്തില്‍ മതപരമായി വിളക്കിന് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ഇസ്രായേലിന്‍റെ ദേശീയ ചിഹ്നംതന്നെ ഏഴുതിരിയിട്ട വിളക്കാണല്ലോ - Candelabrum. അതിന്‍റെ ചെറുരൂപങ്ങള്‍ എല്ലാ യഹൂദ ഭവനങ്ങളിലും കാണാം.
40 വര്‍ഷക്കാലം അവര്‍ മരുഭൂമില്‍ അലഞ്ഞുതിരഞ്ഞ് അവസാനം വാഗ്ദത്ത ഭൂമിയിലെത്തിയതിന്‍റെ ഓര്‍മ്മ ആചരിച്ചതാണ് കൂടാരത്തിരുനാള്‍. പ്രസ്തുത തിരുനാളിന്‍റെ ഒരു സവിശേഷതയായിരുന്നു ദീപാലങ്കാരം. ജരൂസലേം ദേവാലയത്തിന്‍റെ ഒരു മണ്ഡപത്തില്‍ ആ തിരുനാള്‍ ദിനത്തില്‍ നാലു വലിയ ദീപങ്ങള്‍ കത്തിക്കുമായിരുന്നു. മരുഭൂമിയിലെ യാത്രയ്ക്കിടയില്‍ ദൈവം ഇസ്രായേല്‍ ജനത്തിന് രാത്രികാലങ്ങളില്‍ ദീപസ്തംഭമായിനിന്ന് അവരെ നയിച്ചതിന്‍റെ ഓര്‍മ്മ പുതുക്കലായിരുന്നു ഈ വിളക്കുകള്‍. അങ്ങിനെ ദേവാലയത്തെ മാത്രമല്ല, ജ‍െരുസലേം പട്ടണത്തെ മുഴുവനും പ്രദീപ്തമാക്കുമായിരുന്നു എന്നാണ് പറയുന്നത് . ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ഈശോ പ്രഖ്യാപിക്കുന്നത്, “ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു.”

മനുഷ്യനെ സംബന്ധിച്ചിടത്തോളം അനുദിനജീവിതത്തില്‍ ജലവും വായുവും പോലെതന്നെ പ്രധാനപ്പെട്ടതാണ് പ്രകാശം. പ്രകാശ സ്രോതസ്സുകളെ മനുഷ്യന്‍ ചരിത്രത്തില്‍ ദൈവമായിട്ടാരാധിച്ചിരുന്നു. പ്രാചീന സീറിയായില്‍ സൂര്യന്‍ ദൈവമായിരുന്നു. ഇന്നും ഭാരതത്തില്‍ നമ്മുടെ ഹൈന്ദവ സഹോദരങ്ങള്‍ക്ക് സൂര്യസമസ്ക്കാരമുണ്ട്. ഉദയസൂര്യനഭിമുഖമായി നിന്നാണ് തന്ത്രികള്‍ ഗായത്രീമന്ത്രമുരുവിടുന്നതും സൂര്യനമസ്ക്കാരം നടത്തുന്നതും. എന്നാല്‍ യഹൂദര്‍ ഭൗതിക വസ്തുക്കളെ വിട്ട്, അവയുടെ എല്ലാം ദാതാവായ ദൈവത്തിങ്കലേയ്ക്കു തിരിയുന്നതു കാണാം. “യാഹ്വേ എന്‍റെ പ്രകാശമാകുന്നു,” എന്ന് സങ്കീര്‍ത്തനത്തില്‍ ഉരുവിടുന്നത് എത്രയോ മനോഹരമാണ്. (സങ്കീര്‍ത്തനം 27, 1). ഇതുകൊണ്ടായിരിക്കണം ഉല്പത്തി പുസ്തകത്തിന്‍റെ കര്‍ത്താവ് ദൈവത്തിന്‍റെ ആദ്യസൃഷ്ടിയായി പ്രകാശത്തെ ചിത്രീകരിച്ചിരിക്കുന്നു. “വെളിച്ചമുണ്ടാകട്ടെ എന്ന് ദൈവം അരുള്‍ ചെയ്തു, അപ്പോള്‍ വെളിച്ചമുണ്ടായി.” ഉല്പത്തി 1, 3. ഇവ പരസ്പരം ബന്ധിപ്പിക്കുമ്പോള്‍ , “ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു,” എന്ന ഈശോയുടെ പ്രസ്താവന അവിടുത്തെ ദൈവസ്വഭാവവും മഹത്വവും വിളിച്ചറിയിക്കുകയാണ് ചെയ്യുന്നത്. അതിന്‍റെ അര്‍ത്ഥം ലോകത്തിന്‍റെ അധിനാഥനായ പിതാവിനോടൊപ്പം ക്രിസ്തു ദൈവമാണെന്ന് സ്ഥാപിക്കുന്നു. “ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു,” – എന്ന യേശുവിന്‍റെ ഈ ഉദ്ഘോഷണം ചരിത്രത്തിലെ അതുല്യ സംഭവമാണ്. ലോകത്തിന്നേവരെ ഇതുപോലൊരു അവകാശവാദം ആരും ഉന്നയിച്ചിട്ടില്ല. കാരണം, ലോകത്തിലാരും ഇതുപോലെ പ്രകാശമായിരുന്നില്ല എന്നതാണ് സത്യം. പ്രകാശത്തിന്‍റെ പാത ലോകത്തിനു തുറന്നു തരുന്നത് ക്രിസ്തുവാണ്.

അന്ധകാരത്തെ ദുരീകരിക്കുകയെന്നത് പ്രകാശത്തിന്‍റെ സ്വഭാവും പ്രകൃതവുമാണ്. യേശുവാകുന്ന പ്രകാശം മൂന്നു വിധത്തിലാണ് മനുഷ്യനെ അന്ധകാരത്തില്‍നിന്നും രക്ഷിക്കുന്നത്.
ആദ്യമായി, അജ്ഞതയുടെ, അവിദ്യയുടെ അന്ധകാരം. തന്‍റെ പ്രബോധനങ്ങള്‍ കൊണ്ട് യേശു ദൈവരാജ്യത്തിന്‍റെ അറിവും വെളിച്ചവും പകര്‍ന്നു. മനുഷ്യഹൃദയങ്ങളില്‍ നന്മയുടെ വിത്തു പാകി.
രണ്ടാമതായി, പാപാന്ധകാരത്തില്‍നിന്നും അവിടുന്ന് മനുഷ്യരെ സ്വതന്ത്രരാക്കി. പാപം ചെയ്യുന്നതുവഴി മനുഷ്യന്‍ ദൈവിക പ്രകാശത്തില്‍നിന്നകന്ന് തിന്മയുടെ ഇരുട്ടിലമരുകയാണ്. അന്ധകാരത്തില്‍ തപ്പിത്തടയുന്ന അനേകര്‍ക്ക് പാപമോചനം നല്കുവാനും അവരെ ദൈവവുമായി രമ്യപ്പെടുത്തുവാനും കഴിഞ്ഞത് ഈശോയ്ക്കു മാത്രമാണ്. മറിയം മഗ്ദലേനയുടേയും, വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയുടേയും, അനുതപിച്ച കള്ളന്‍റേയും പാപങ്ങള്‍ മോചിച്ച ഈശോ അന്തിമമായി കുരിശുമരണംവഴി പാപാന്ധകാരത്തെ ഈ ലോകത്തില്‍നിന്നു ഉന്മൂലനം ചെയ്തു.
മൂന്നാമതായി, ഈശോ തന്‍റെ പ്രഭാപൂരംവഴി മനുഷ്യരെ മോചിപ്പിച്ചത് മൃത്യുവിന്‍റെ പൂഴിയില്‍നിന്നാണ്. ലാസറിനെയും ജായിരൂസിന്‍റെ മകളെയും വിധവയുടെ മകനെയും ഉയര്‍പ്പിച്ച ക്രിസ്തുനാഥന്‍ മറ്റൊരു ലോകനേതാവിനും സാധിച്ചിട്ടില്ലാത്തവിധം തന്മയുടേയും മരണത്തിന്‍റെയും ഉരുക്കുചങ്ങലകള്‍ പൊട്ടിച്ചു കളയുകയായിരുന്നു. തന്‍റെ തന്നെ മരണംവും തിരുവുത്ഥാനവുംവഴി ഈ ആധിപത്യം അവിടുന്നു ശാശ്വതമാക്കുകയും ചെയ്തു.

നിത്യപ്രകാശമായ ക്രിസ്തു മനുഷ്യനായി അവതരിച്ചത് പാപത്തിന്‍റെ പടുകുഴിയില്‍ കഴിഞ്ഞിരുന്ന, ഭയചകിതരും ചഞ്ചലചിത്തരും നിരാശ്രയരുമായിരുന്ന മനുഷ്യര്‍ക്ക് ആശ്വാസമരുളുന്നതിനായിരുന്നു; ആശയും പ്രത്യാശയും പകരുന്നതിനും അവര്‍ക്ക് നന്മയുടെ സ്വാതന്ത്യം ഉറപ്പുവരുത്തുന്നതിനുമായിരുന്നു. അതിസങ്കീര്‍ണ്ണമായ ജീവിത പ്രശ്നങ്ങളുടെ മദ്ധ്യേ കഴിയുന്ന നമുക്ക്, ഒരു ദീപസ്തംഭമെന്നപോലെ ഉണര്‍വും ഉത്തേജനവും നല്കിക്കൊണ്ട് വിശ്വപ്രകാശമായ ക്രിസ്തു ഇന്നും നമ്മുടെ മദ്ധ്യേ വസിക്കുന്നു.
സത്യപ്രകാശമായ ക്രിസ്തുവിനെ അറിയുന്നതിനും അനുഗമിക്കുന്നതിനും അവസരം ലഭിച്ചവര്‍ അനുഗൃഹീതരാണ്. ക്രിസ്തുവെളിച്ചം നാം സര്‍വ്വാത്മനാ സ്വീകരിക്കുകയും ആ പ്രകാശത്തില്‍ ജീവിക്കുകയും വേണം. പ്രകാശത്തെ സ്വീകരിക്കുകയും ആ പ്രകാശം തങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് യഥാര്‍ത്ഥമായ ദൈവീകൈക്യം സിദ്ധിക്കുന്നു. ഈ വാഗ്ദാനം സത്യത്തെ സദാ അന്വേഷിക്കുവാനും സത്യപ്രകാശമായ യേശുവിന്‍റെ ചാരെ എത്തിച്ചേരാന്‍ തക്കവിധത്തിലുള്ള ജീവിതം നയിക്കുവാനും അത് നമ്മെ എവരേയും ശക്തരാക്കുന്നു.

“എന്നെ അനുഗമിക്കുന്നവന് ജീവന്‍റെ പ്രകാശം ലഭിക്കും.”
ജീവന്‍റെ പ്രകാശം എന്ന ഗ്രീക്ക് വാക്കിന് ജീവന്‍റെ സ്രോതസ്സില്‍നിന്നുമുയരുന്ന പ്രകാശമെന്നും, ജീവന്‍ തരുന്ന പ്രകാശമെന്നു അര്‍ത്ഥമുണ്ട്. ക്രിസ്തു പ്രകാശം മാത്രമല്ല, പ്രകാശദാതാവുമാണ്. അവിടുന്ന് ദൈവതേജസ്സ് പ്രതിഫലിക്കുക മാത്രമല്ല, അവിടന്ന് പ്രകാശം തന്നെയാണ്. സൂര്യകാന്തി പുഷ്പം എന്നും സൂര്യനെ നോക്കി നില്ക്കുന്നു. സൂര്യകാന്തി വിരിഞ്ഞു ശോഭിച്ചു നില്ക്കുന്നത് സൂര്യതേജസ്സിലാണ്.
സൂര്യകാന്തിപുഷ്പമെന്നും സൂര്യനെ നോക്കുന്നപോലെ
ഞാനുമെന്‍റെ നാഥനെത്താന്‍ നോക്കിവാഴുന്നു, നോക്കിവാഴുന്നു, എന്നാണ് ഈരടികള്‍. ക്രിസ്തു മനുഷ്യരുടെ ഇടയിലേയ്ക്ക് ഇറങ്ങിവന്ന, സകലത്തിനേയും പ്രകാശിപ്പിക്കുന്ന ദൈവികപ്രഭയാണ്. മനുഷ്യന് ദൈവീകജീവന്‍ പകരുന്ന വിശ്വപ്രകാശവും അവിടുന്നാണ്.
അതുപോലെ ക്രിസ്തു സാന്നിദ്ധ്യത്തിന്‍റെ പ്രഭയും കൃപയും ലഭിച്ച് നമ്മുടെ ജീവിതങ്ങള്‍ പ്രശോഭിതമാകുമ്പോള്‍ നാമും മനുഷ്യസ്നേഹത്തിലും ദൈവസ്നേഹത്തിലും വിരിഞ്ഞു നില്ക്കും.
സങ്കീര്‍ത്തകന്‍ ആലപിക്കുന്നതിങ്ങനെയാണ്,
“കര്‍ത്താവേ, നിന്‍റെ മുഖകാന്തി ഞങ്ങളുടെമേള്‍ പ്രകാശിപ്പിക്കണമേ,” – സങ്കീര്‍ത്തനം 4: 6. ദൈവത്തിന്‍റെ മുഖകാന്തി അതിന്‍റെ സമഗ്ര സൗന്ദര്യത്തോടെ യേശുവില്‍ തെളിഞ്ഞു നില്ക്കുന്നു. അവിടുന്ന് അദൃശ്യനായ ദൈവത്തിന്‍റെ പ്രതിരൂപവും Col. 1:15, ദൈവമഹത്വത്തിന്‍റെ പ്രതിഫലനവും Heb. 1:3, പ്രസാദവും സത്യവും നിറഞ്ഞവനും Jn.1:14, ആണല്ലോ. അവിടുന്ന്, വഴിയും സത്യവും ജീവനുമാകുന്നു Jn. 14:6. മനുഷ്യമനസ്സുകളിലുയരുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്ക് യേശുതന്നെ ഉത്തരം നല്കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും ഇക്കാര്യം അനുസ്മരിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ മനുഷ്യാസ്ഥിത്വത്തിന്‍റെ രഹസ്യത്തിലേക്കു പ്രകാശം വീശുന്നതും, അതിനെ അര്‍ത്ഥ സമ്പുഷ്ടമാക്കുന്നതും മനുഷ്യാവതാരം ചെയ്ത വചനത്തിന്‍റെ രഹസ്യം തന്നെയാണ്, ക്രിസ്തു മാത്രമാണ് (LG). ജനതകളുടെ പ്രകാശമായ ക്രിസ്തു തന്‍റെ സഭയില്‍ തെളിഞ്ഞു നില്ക്കുന്നു. സഭയെ ലോകത്തിലെ എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കാന്‍ അവിടുന്ന് അയയ്ക്കുകയും ചെയ്യുന്നു. സുവിശേഷ പ്രഘോഷണംവഴി ക്രിസ്തുവിന്‍റെ പ്രകാശം ലോകത്തു കൂടുതല്‍ തെളിയിക്കപ്പെടുന്നു.

പ്രകാശമായ ക്രിസ്തുവിനെ പുണ്യപാപങ്ങളുടെ കളിത്തട്ടിലേയ്ക്ക് നാം ചുരുക്കികളയരുത്. പൂര്‍ണ്ണ അവബോധത്തിന്‍റെയും പൂര്‍ണ്ണ സ്നേഹത്തിന്‍റേയും പ്രകാശമാണ് ക്രിസ്തു. പുണ്യപാപങ്ങള്‍ അവിടുത്തെ ചിന്തയുടെ ആനുപാതികമായ ചെറിയൊരു ഘടകം മാത്രമായിരുന്നു.
അവിടത്തെ സൗന്ദര്യവും പ്രകാശവും പ്രസരിപ്പിക്കുന്ന ധ്യാനചിന്തകളെക്കാണാന്‍ നാം മറന്നുപോകരുത്. നിന്‍റെ കണ്ണ് നിന്‍റെ ശരീരത്തിന്‍റെ വിളക്കാണെന്ന് ധ്യാനിക്കുമ്പോള്‍ മനസ്സിലേക്കാണ് വെളിച്ചം പകരുന്നത്. താന്‍ പ്രകാശമാണെന്നു പറഞ്ഞപ്പോള്‍ യേശു മിശിഹാ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. . കാരണം യഹൂദ പാരമ്പര്യത്തില്‍തന്നെ പ്രകാശം ദൈവവുമായി ഏറെ ബന്ധപ്പെട്ടതായിരുന്നു.
“കര്‍ത്താവ് എന്‍റെ പ്രകാശവും രക്ഷയുമാകുന്നു,” സങ്കീര്‍ത്തനം 27, 1.
“കര്‍ത്താവു നിങ്ങളുടെ നിത്യ പ്രകാശമായിരിക്കും”. ഏശയ്യ 60, 19
“അവിടുത്തെ പ്രകാശത്തില്‍ ഞാന്‍ ഇരുട്ടിലൂടെയും നടന്നു,” ജോബ് 29, 3
“ഞാന്‍ ഇരുട്ടിലായിരുന്നപ്പോള്‍ കര്‍ത്താവെനിക്കു പ്രകാശമായി മിക്കാ.” 7, 8

ക്രിസ്തു വിശ്വപ്രകാശമായി തെളിയുന്നതും നിലകൊണ്ടതും ഇസ്രായേലിന് ദൈവസാന്നിദ്ധ്യമാകുന്നതും നിയമത്തിന്‍റെ അധീനത്തിലല്ല, മറിച്ച് സ്നേഹത്തിലാണ്. സ്നേഹമാണ് ലോകത്തിന്‍റെ വെളിച്ചമായി പരിണമിക്കുന്നത്. നിയമങ്ങളുടെയെല്ലാം പൂര്‍ത്തീകരണമായ ക്രിസ്തുവാണ് ഇന്ന് നമുക്ക് ദൈവസ്നേഹവും ദിവ്യവെളിച്ചവും തരുന്നത്. ക്രിസ്തുവാണ് സത്യമായ വിശ്വപ്രകാശമായി ഭവിക്കുന്നത്. സകല നിയമങ്ങളുടേയും പൂര്‍‍ത്തീകരണവും അവിടന്നു തന്നെയാണ്.
എന്നാല്‍ ക്രിസ്തു അന്ന് ഇസ്രായേലില്‍ തിരസ്കൃതനായതുപോലെ ഇന്നും നമ്മുടെ മദ്ധ്യേ തിരസ്കൃതനാകുന്നുണ്ട്. അതുകൊണ്ടാണ് യോഹന്നാന്‍ സുവിശേഷകന്‍ പറഞ്ഞത്. “ലോകത്തിലേയ്ക്കു വരുന്ന ഏതു മനുഷ്യനേയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ഉണ്ടായിരുന്നു. അത് ലോകത്തിലായിരുന്നു. ലോകം അവടുന്നുമൂലം ഉണ്ടായി. എന്നാല്‍ ലോകം അവിടത്തെ അറിഞ്ഞില്ല. അവിടുന്ന് സ്വന്തജനങ്ങളുടെ ഇടയിലേയ്ക്കു വന്നു. എന്നാല്‍ സ്വന്തജനങ്ങള്‍ അവിടുത്തെ സ്വീകരിച്ചില്ല. അവിടുത്തെ സ്വീകരിച്ചു വിശ്വസിക്കുന്നവര്‍ക്ക് ദൈവമക്കളാകുവാന്‍ അവിടുന്ന് ശക്തി നല്കി.” യോഹന്നാന്‍ 1, 9-12. ക്രിസ്തുവാകുന്ന ദിവ്യസൂര്യന്‍റെ കിരണമേറ്റ് വളര്‍ന്നവര്‍ വിശ്വാസത്തിന്‍റെ പൊന്‍വെളിച്ചം മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്കേണ്ടതാണ്. ക്രിസ്തു ശിഷ്യന്മാരെ അതുകൊണ്ടാണ് വെളിച്ചത്തിന്‍റെ മക്കള്‍ എന്ന് വിശേഷിപ്പിച്ചത്, യോഹന്നാന്‍ 12, 36. “നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു,” എന്നും യേശു തന്നെ വിശേഷിപ്പിച്ചിരിക്കുന്നു. (മത്തായി 5:14). സൂര്യകിരണങ്ങളില്‍ പ്രതിഫലിക്കുന്ന തുഷാരബിന്ദുക്കളെപ്പോലെ നീതിസൂര്യനായ യേശുവിന്‍റെ സ്നേഹം പ്രതിഫലിക്കുന്നവരായി നമുക്കു ജീവിക്കാന്‍ പരിശ്രമിക്കാം.
വെളിച്ചത്തോടുള്ള ആഭിമുഖ്യമാണ് ആത്മീയത. ഈ വെളിച്ചത്തിനെതിരെ മുഖം തിരിക്കുമ്പോള്‍ എണ്ണിയാലൊടുങ്ങാത്ത ഭീതികളുടെ കരുവായി നമ്മള്‍ മാറുന്നു. ആര്‍ക്കും മെരുങ്ങാത്ത, എല്ലാവരേയും കുതറി വീഴ്ത്തിയ ഒരു കുതിരയുടെ പക്കലേയ്ക്ക് ഒരു ബലന്‍ ചെന്നു. അവന്‍ ആ കുതിരയെ ഒന്നു തിരിച്ചു നിറുത്തിയിട്ട്, നിഷ്പ്രയാസം അതിന്‍റെ പുറത്തുകയറി സവാരി ചെയ്തു. അവിടെ ഉണ്ടായിരുന്നവര്‍ ആശ്ചര്യപ്പെട്ടു. എല്ലാവരും അവനോടു ചോദിച്ചു, നിനക്കിതെങ്ങിനെ സാധിച്ചു. അവന്‍ പറഞ്ഞു, നിങ്ങളാ കുതിരയെ സൂര്യനെതിരായിട്ടാണ് നിറുത്തിയിരുന്നത്. മുന്നില്‍ പതിക്കുന്ന നിഴല്‍ കണ്ട് വിരണ്ടിരിക്കുകയായിരുന്നു കുതിര. ഞാനവനെ സൂര്യാഭിമുഖമാക്കി നിറുത്തി. അങ്ങനെ കുതിര ശാന്തനായി. അങ്ങിനെയാണ് ആ കുതിരപ്പുറത്ത് ഒരു സൗമ്യ സഞ്ചാരം തനിക്കു സാധിച്ചതെന്നാ ബാലന്‍ പറഞ്ഞു. ഒരിക്കലും വെളിച്ചത്തിനു നേരെ മുഖം തിരിക്കരുത്. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ നിഴലുകളെ നിങ്ങള്‍ തന്നെ ഭയപ്പെടും. വെളിച്ചത്തിലേയ്ക്ക്, നന്മയുടെ സൂര്യനിലേയ്ക്ക് തിരിയുക...നീതി സൂര്യനാകുന്ന ക്രിസ്തു, വിശ്വപ്രകാശമാകുന്ന ക്രിസ്തു. ഈ തപസ്സുകാലത്ത് അനുരഞ്ജനത്തിന്‍റെ പാതയില്‍ ചരിച്ച്, ക്രിസ്തുവിന്‍റെ പുനരുത്ഥാന പ്രഭയില്‍ പങ്കുചേരാന്‍ നമുക്കേവര്‍ക്കും ഒരുങ്ങാം.







All the contents on this site are copyrighted ©.