2010-06-28 20:25:31

ബെല്‍ജിയത്തെ പോലീസ് അധിക്രമ ശൈലിയില്‍
മാര്‍പാപ്പ ആശങ്കപ്രകടിപ്പിച്ചു


26 ജൂണ്‍ 2010
കുട്ടികളുടെ ലൈഗിക ചൂഷണത്തിന്‍റെ പേരുപറഞ്ഞ് ബെല്‍ജിയത്തെ ബ്രസ്സല്‍സിലെ മെത്രാസന മന്ദിരത്തില്‍ പോലീസ് നടത്തിയ മിന്നല്‍-പരിശോധനയുടെ ശൈലി അപലപനീയമാണെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ.
ജൂണ്‍ 27-ാം തിയതി ഞായറാഴ്ച ബെല്‍ജിയത്തെ ദേശീയമെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും, ബ്രസ്സല്‍സിലെ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് ജോസഫ് ആന്ത്രയാ ലിയനാര്‍ഡോയ്ക്ക് അയച്ച പ്രത്യേക സന്ദേശത്തിലാണ് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയുടെ ശൈലിയില്‍ തനിക്കുള്ള ആശങ്കയും ദുഃഖവും മാര്‍പാപ്പ രേഖപ്പെടുത്തിയത്.
ബെല്‍ജിയത്തിന്‍റെ തലസ്ഥാനമായ ബ്രസ്സല്‍സില്‍ സ്ഥിതിചെയ്യുന്ന അതിമെത്രാസന മന്ദിരത്തില്‍ ജൂണ്‍ 25-ന് വെള്ളിയാഴ്ച ദേശീയ മെത്രാന്‍ സമിതി യോഗംചേരാന്‍ തയ്യാറായി നില്ക്കവേയാണ്, പൊടുന്നനെ പോലീസ് സന്നാഹം പരിശോധനയ്ക്കായ് എത്തിയത്. രാവിലെ 9 മണിക്കാരംഭിച്ച പരിശോധന വൈകുന്നേരം 7 മണിവരെ തുടരുകയും മെത്രാസന മന്ദിരത്തില്‍ സന്നിഹിതരായിരുന്ന മെത്രാന്മാരെയും സഹായികളെയും അവിടെത്തന്നെ ബന്ധികളാക്കി നിറുത്തുകയും അവരുടെ സെല്‍ഫോണ്‍, പ്രവര്‍ത്തനരേഖകള്‍ മുതലായവ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കത്തീദ്രല്‍ ദേവാലയവും ഓഫീസുകളും പരിശോധിച്ചശേഷം, രേഖകള്‍ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടാകാം എന്ന് സംശയിച്ച പോലീസ് ചരമമടഞ്ഞ
രണ്ടു മുന്‍മെത്രാന്‍മാരുടെ കുഴിമാടങ്ങള്‍ തുളച്ച് പരിശോധന നടത്തുകയും ചെയ്തു.
ബെല്‍ജിയത്തെ സഭയുടെ ഈ ദുഃഖത്തില്‍, തന്‍റെ പ്രത്യേക സാമീപ്യവും സഹാനുഭാവും മാര്‍പാപ്പ സന്ദേശത്തിലൂടെ പ്രകടമാക്കി. വ്യക്തി-തനിമയും സ്വാതന്ത്രൃവും അന്തസ്സും മാനിക്കുമ്പോഴും ഗൗരവകരമായ ലൈഗീകപീഡന കുറ്റങ്ങള്‍ സാമൂഹ്യനിയമങ്ങളുടെയും സഭാനിയമങ്ങളുടെയും വെളിച്ചത്തില്‍ കൈകാര്യംചെയ്യേണ്ടതാണെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ പ്രസ്താവിച്ചു. നീതിനടപ്പാക്കാന്‍വേണ്ടി സമയമെടുക്കുമ്പോഴും, വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അടിസ്ഥാനാവകാശങ്ങള്‍ മാനിക്കണമെന്നും, കുട്ടികളുടെ ലൈഗികചൂഷണ പ്രശ്നങ്ങള്‍ക്ക് ന്യായമായ പരിഹാരങ്ങള്‍ കണ്ടെത്തുവാന്‍ പരിശ്രമിക്കുന്നവരെ മുന്‍വിധിയോ നിഗൂഢതയോ കൂടാതെ, പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതാണെന്നും മാര്‍പാപ്പാ സന്ദേശത്തില്‍ പ്രസ്താവിച്ചു.
ബല്‍ജിയത്തെ സഭയ്ക്ക് തന്‍റെ പ്രാര്‍ത്ഥന വാഗ്ദാനംചെയ്ത മാര്‍പാപ്പ സന്ദേശത്തിലൂടെ തന്‍റെ അപ്പസ്തോലിക ആശിര്‍വ്വാദവും അവര്‍ക്കു നല്കി.







All the contents on this site are copyrighted ©.