2010-08-11 17:49:35

തെയ്സേയ്ക്ക്
പാപ്പായുടെ അഭിനന്ദനം


11 ആഗസ്റ്റ് 2010
തെയ്സേയിലെ പ്രാര്‍ത്ഥനാ സമൂഹത്തിന്‍റെ നായകനായിരുന്ന ബ്രദര്‍ റോജര്‍ സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പതറാത്ത സാക്ഷിയായിരുന്നുവെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സന്ദേശത്തില്‍ അറിയിച്ചു. പ്രാര്‍ത്ഥനയുടെ കൂട്ടായ്മയില്‍ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള യുവജനങ്ങളെ ഫ്രാന്‍സിലെ തെയ്സെയില്‍ ഒരുമിപ്പച്ചത് ബ്രദര്‍ റോജറാണെന്ന്, അദ്ദേഹത്തിന്‍റെ 5-ാം ചരമ വാര്‍ഷിത്തോടനുബന്ധിച്ച്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേവഴി തെയ്സേ സമൂഹത്തിനയച്ച കത്തില്‍ മാര്‍പാപ്പ പ്രസ്താവിച്ചു. 2005 ആഗസ്റ്റ 16-ാം തിയതി തെയ്സേയിലെ ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടയിലാണ് ബ്രദര്‍ റോജര്‍ ഒരു ഘാതകന്‍റെ കുത്തേറ്റു മരിച്ചത്. ബ്രദര്‍ റോജര്‍ വിവിധ ക്രൈസ്തവ സഭകള്‍ തമ്മിലുള്ള ഐക്യപ്രസ്താനത്തിന്‍റെ മുന്നോടിയായിരുന്നുവെന്ന് വത്തിക്കാനില്‍നിന്നുമുള്ള കത്തില്‍ വിശേഷിപ്പിച്ചു. ആയിരക്കണക്കിന് യുവതീയുവാക്കള്‍ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി പ്രാര്‍ത്ഥിക്കുന്നതിനും അദ്ദേഹത്തിന്‍റെ ഉപദേശംതേടുന്നതിനും, അതുവഴി ജീവിതത്തില്‍ അര്‍ത്ഥം കണ്ടെത്തുവാനുമായി തെയ്സേയില്‍ സമ്മേളിച്ചിരുന്നുവെന്ന് സന്ദേശം ചൂണ്ടിക്കാട്ടി. ബ്രദര്‍ റോജറിന്‍റെ പ്രാര്‍ത്ഥാനാശുശ്രൂഷ ഇന്നും തെയ്സേയില്‍ വിശ്വസ്തതയോടും ഫലപ്രദമായും തുടരുന്ന സഹോദരങ്ങള്‍ക്ക് മാര്‍പാപ്പ അനുഗ്രഹാശ്ശിസ്സുകള്‍ നേര്‍ന്നു.
ഫ്രാന്‍സിലെ ബര്‍ഗണ്ടിക്കടുത്തുള്ള തെയ്സ്സെ ഗ്രാമത്തില്‍ 1940-ലാണ്
ബ്രദര്‍ റോജര്‍ ഷൂറ്റ്സ്, വിവിധ ക്രൈസ്തവസഭകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള പ്രാര്‍ത്ഥനാക്കൂട്ടായ്മ തുടങ്ങിയത്. പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ലോകത്ത് നീതിയും സമാധാനവും ഐക്യവും സ്ഥാപിക്കുക, എന്നതായിരുന്നു കേന്ദ്രത്തിന്‍റെ മുഖ്യലക്ഷൃം.
ബൈബിള്‍ പഠനം, കൂട്ടായ അദ്ധ്വാനം, പങ്കുവയ്ക്കല്‍, സഭൈക്യദര്‍ശനം എന്നിവയും തെയ്സേ സമൂഹത്തിന്‍റെ പ്രത്യേകതകളായിരുന്നു. ലാളിത്യം, കരുണ്യം, ക്ഷമ എന്നീ പുണ്യങ്ങളും അവര്‍ പ്രചരിപ്പിച്ചിരുന്നു. വര്‍ഷത്തിലൊരിക്കല്‍ ലോകത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍നിന്നായി ഒരുലക്ഷത്തില്‍പ്പരം യുവതീയുവാക്കളെ സംഘടിപ്പിച്ച് പ്രാര്‍ത്ഥാസംഗമങ്ങള്‍ നടത്തുവാന്‍ ഇന്നും തെയ്സേ സമൂഹത്തിന് സാധിക്കുന്നു.







All the contents on this site are copyrighted ©.