2010-12-29 17:09:28

ഗായകര്‍ സമാധാനത്തിന്‍റെ
സന്ദേശവാഹകര്‍


29 ഡിസംമ്പര്‍ 2010
സമാധാനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും സന്ദേശവാഹകരാണ് ഗായകര്‍, എന്ന് കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ റോമില്‍ നടക്കുന്ന കത്തോലിക്കാ യുവഗായകരുടെ സമ്മേളനത്തോട് പ്രസ്താവിച്ചു. ഡിസംബര്‍ 28-ാം തിയതി, ചൊവ്വാഴ്ച വൈകുന്നേരം വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ നടന്ന കത്തോലിക്കാ യുവഗായകരുടെ Puveri Cantores സംഘടനയുടെ 36-ാമത് അന്തര്‍ദേശിയ സമ്മേളനം റോമില്‍ ഉദ്ഘാടനംചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ ബര്‍ത്തോണെ. നിങ്ങളുടെ ഹൃദയങ്ങള്‍കൊണ്ട് കര്‍ത്താവിന് ഒരു മധുരഗാനമാലപിക്കുവിന്‍, എന്ന് ആഹ്വാനംചെയ്ത കര്‍ദ്ദിനാള്‍ ബര്‍ത്തോണെ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും റോമാ പട്ടണത്തിലെത്തിയ ഗായകരോട് വിശുദ്ധ പത്രോസിന്‍റെ ഭൗതീകാവശിഷ്ടങ്ങള്‍ സന്ദര്‍ശിച്ചും പത്രോസിന്‍റെ പിന്‍ഗാമിയായ മാര്‍പാപ്പയെ നേരില്‍ക്കണ്ടും, തങ്ങള്‍ക്ക് ദാനമായിക്കിട്ടിയ ക്രൈസ്തവ വിശ്വാസത്തെ ബലപ്പെടുത്തണമെന്നും ഉദ്ബോധിപ്പിച്ചു.
ദൈവം സ്നേഹമാകുന്നു Deus caritas est, എന്ന ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ചാക്രിക ലേഖനത്തതിന്‍റെ സന്ദേശം ആപ്തവാക്യമായെടുത്തുകൊണ്ടാണ് ഗായകര്‍ ഈ വര്‍ഷം റോമില്‍ സമ്മേളിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സമ്മേളനം സ്വീഡന്‍റെ തലസ്ഥാനമായ സ്റ്റോക്ഹോം പട്ടണത്തിലായിരുന്നു.
ഹൃദയത്തില്‍ നിറയുന്ന ദൈവസ്നേഹമാണ് തങ്ങളെ ദൈവികമായ സമാധാനത്തിന്‍റേയും സൗന്ദര്യത്തിന്‍റേയും സ്തുതിപാടാന്‍ പ്രാപ്തരാക്കുന്നതെന്ന് സമ്മേളനത്തിനെത്തിയ യുവഗായകര്‍ സാക്ഷൃപ്പെടുത്തി.
ജനുവരി 1-ാം തിയതിവരെ നീണ്ടുനില്ക്കുന്ന സമ്മേളനമദ്ധ്യേ,
ഡിസംമ്പര്‍ 29-ാം തിയതി, ബുധനാഴ്ച രാവിലെ യുവഗായകര്‍ ബനഡിക്ട്
16-ാമന്‍ മാര്‍പാപ്പയുമായി വത്തിക്കാനില്‍വച്ച് കൂടിക്കാഴ്ച നടത്തി.







All the contents on this site are copyrighted ©.