2011-01-06 19:19:06

തേടുന്നവര്‍ക്ക് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നു...
പ്രത്യക്ഷീകരണത്തിരുനാളില്‍ - മാര്‍പാപ്പ


6 ജനുവരി 2011
വചനം കൂടാരമടിച്ചിരിക്കുന്ന സഭയോടൊപ്പം വിശ്വാസത്തില്‍ അനുയാത്രചെയ്യുന്നവര്‍ സത്യപ്രകാശമാകുന്ന ക്രിസ്തുവിനെ കണ്ടെത്തുന്നുവെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ ആഘോഷിച്ച പ്രത്യക്ഷീകരണ തിരുനാളില്‍ പ്രസ്താവിച്ചു.
ജനുവരി 6-ാം തിയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ പ്രത്യക്ഷീകരണ മഹോത്സവ ദിവ്യപൂജാര്‍പ്പണ മദ്ധ്യേയുള്ള വചനപ്രഘോഷണത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. പ്രത്യക്ഷീകരണ മഹോത്സവത്തില്‍ അനുസ്മരിക്കപ്പെടുന്ന രാജാക്കന്മാരുടെ അന്വേഷണ പാതയില്‍ ശ്രദ്ധേയമാകുന്ന മൂന്നു കാര്യങ്ങള്‍ മാര്‍പാപ്പ വിവരിച്ചുകൊണ്ടാണ് തന്‍റെ പ്രബോധനം തുടര്‍ന്നത്.
ഒന്നമതായി തന്‍റെ അധികാരസീമയ്ക്കപ്പുറം കാഴ്ച നഷ്ടപ്പെട്ട ഹെറോദേശ് രാജാവാണ് ക്രിസ്തുവിന്‍റെ വൈരിയായതെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
അധികാരഭ്രമത്തിന്‍റെ ചതുര്‍ക്കളത്തില്‍ ഏതു മനുഷ്യനും ക്രിസ്തുവിന്‍റെയും ക്രിസ്തീയ മൂല്യങ്ങളുടെയും വൈരിയാകുമെന്നും, നമ്മുടെ ജീവിതങ്ങളില്‍ ദൈവത്തിന് പ്രത്യേകം ഇടം കണ്ടെത്തിയെങ്കില്‍ മാത്രമേ തിന്മയുടെ വൈര്യം ഹൃദയങ്ങളില്‍നിന്ന് അകറ്റാനാവൂ എന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. രണ്ടാമതായി പൂജരാജാക്കള്‍ കണ്ടുമുട്ടിയ പണ്ഡിതന്മാര്‍ മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗദര്‍ശികളായെങ്കിലും, സ്വയം ആ പാതയില്‍ ചരിക്കാന്‍ അവര്‍ക്കായില്ലായെന്ന് പാപ്പ ചൂണ്ടിക്കാട്ടി.. വചനത്തിന്‍റെ ജീവിക്കുന്ന പാരമ്പര്യമാണ് സഭയെന്നും Verbum Domini 18, സത്യമെന്താണെന്നും അതെങ്ങിനെ പ്രാപിക്കാമെന്നും സഭ പഠിപ്പിക്കുന്നുവെന്നും മാര്‍പാപ്പ ആഹ്വാനംചെയ്തു. മൂന്നാമതായി നക്ഷത്രമാണ് പ്രപഞ്ച രഹസ്യങ്ങളുടെ പ്രതീകമാകുന്നതെന്നും, എളിമയില്‍ അന്വേഷിക്കുന്നവര്‍ക്ക് ദൈവം തന്നെത്തന്നെ ഈ ലോകത്ത് വെളിപ്പെടുത്തിക്കൊടുക്കുന്നുവെന്നും, ജീവിത യാത്രയുടെ അന്ത്യത്തില്‍ മനുഷ്യന് പ്രാപ്യമാക്കാവുന്ന വെളിച്ചം ദൈവമാണെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.