2011-09-23 20:07:36

ലൂതറിന്‍റെ ചിന്തയും ആത്മീയതയും
ക്രിസ്തുകേന്ദ്രീകൃതമെന്ന് മാര്‍പാപ്പ


23 സെപ്റ്റംമ്പര്‍ 2011, ഏര്‍ഫേര്‍ട്ട്
റോമിലെ മെത്രാനെന്ന നിലയില്‍ ലൂതര്‍ ദൈവശാസ്ത്രം പഠിച്ച് വൈദികനായ അസ്തീനിയന്‍ ആശ്രമത്തില്‍, ഇവിടെ വിവിധ ക്രൈസ്തവ സഭകളുടെ അദ്ധ്യക്ഷന്മാരോടൊപ്പം നില്ക്കുന്നത് വളരെ ഹൃദയസ്പര്‍ശിയായ എന്‍റെ അനുഭവമാണ്. എനിക്കെങ്ങിനെ ദൈവകൃപ സ്വീകരിക്കാം, എന്ന ആഴമായ ത്വരയും ചിന്തയുമായിരുന്നു ലൂതറിന്‍റെ ജീവിതയാത്രയിലെ പ്രേരകശക്തി.
അദ്ദേഹത്തന്‍റെ ദൈവശാസ്ത്രപരമായ എല്ലാ അന്വേഷണങ്ങളുടെയും
ആന്തരീക സംഘര്‍ഷങ്ങളുടെയും അടിസ്ഥാനം ഈ അന്വേഷണം തന്നെയായിരുന്നു. ലൂതറിന് ദൈവശാസ്ത്രം ഒരു പഠ്യവിഷയമോ ബൗദ്ധികാന്വേഷണമോ ആയിരുന്നില്ല, മറിച്ച് ദൈവത്തിനായുള്ള, ദൈവത്തോടൊപ്പമുള്ള ഒരു ആന്തരീക, ആത്മീയ പോരാട്ടമായിരുന്നു.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ലൂതര്‍ ചോദിച്ച അതേ, ചോദ്യം നാം ഇന്ന് നമ്മോടു ചോദിക്കേണ്ടതാണ്. ദൈവകൃപ നമുക്കെങ്ങനെ സ്വീകരിക്കാം, എന്ന്.
കാരണം, ദൈവം മനുഷ്യന്‍റെ പാപത്തിലോ പുണ്യത്തിലോ തല്പരനല്ലെന്നും, മനുഷ്യന്‍ ബലഹീനനാണെന്നും അവിടുത്തേയ്ക്കറിയാമെന്നും, ഇനിയൊരു അന്ത്യവിധിയും മരണാനന്തര ജീവിതവും ഉണ്ടെങ്കില്‍ത്തന്നെ
ദൈവം നമ്മോടു ഔദാര്യപൂര്‍ണ്ണനും കാരുണ്യവാനുമായിരിക്കും
എന്ന നിഗമനത്തില്‍, ജീവിതത്തെ ലാഘവത്തോടെ കണ്ടുകൊണ്ടാണ് ഇന്ന് മനുഷ്യന്‍ മുന്നോട്ടു ചരിക്കുന്നത്. ഇത് ആധുനിക ലോകത്തിന്‍റെ നവമായ ദൈവശാസ്ത്രമാണ്.
മനുഷ്യന്‍റെ തെറ്റുകള്‍ തിന്മകള്‍ ചെറുതാണ്, ദൈവത്തിന്‍റെ മുന്നില്‍ അത് തുലോം നിസ്സാരമാണ്, അതുകൊണ്ട് പ്രശ്നമൊന്നും ഇല്ല, എന്നൊരു ചിന്ത ഇന്നിന്‍റെ ചിന്താധാരയായി മാറിയിട്ടുണ്ട്. ഇത് ഏറെ അപകടരമാണ്.
തങ്ങളുടെതന്നെ നേട്ടത്തിനും കാര്യലാഭത്തിനുമായി ദൈവത്തെ വളച്ചൊടിക്കുന്നവര്‍ പാപത്തെ ലഘൂകരിക്കുന്നതുവഴി ദൈവത്തെ ലഘൂകരിക്കുകയും, എല്ലാം മനുഷ്യന്‍റെ ചെറിയ തെറ്റുകള്‍ മാത്രമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു.
മനുഷ്യന്‍റെ ആര്‍ത്തിയിലും വ്യാമോഹത്തിലും അധിഷ്ഠിതമായ ഈ ചെറിയ തിന്മകളാണ് ഇന്ന് ലോകഗതിയെ തകിടം മറിക്കുന്നത്. മതത്തിന്‍റെ പേരിലുള്ള ഭീകര പ്രവര്‍ത്തനങ്ങളും അധിക്രമങ്ങളും സുഖലോലുപതയ്ക്കുവേണ്ടിയുള്ള മരുന്നിന്‍റെയും മയക്കുമരുന്നുകളുടെയും ഉപയോഗവുമെല്ലാം ചെറിയ തെറ്റുകളില്‍ തുടങ്ങിയ വന്‍ തിന്മകളായി മാറിക്കഴിഞ്ഞു. ദൈവസ്നേഹവും ദൈവസ്നേഹത്തിലധിഷ്ഠിതമായ സഹോദരസ്നേഹവും ഇന്ന് സമൂഹത്തില്‍ ചെറുതായിട്ടെങ്കിലും നിലനിലനിന്നിരുന്നെങ്കില്‍, നമ്മുടെ ലോകത്തിന്‍റെ വലിയ ഭാഗങ്ങള്‍ വിശപ്പും ദാരിദ്ര്യവുംകൊണ്ടു വലയുമായിരുന്നോ.
ഇല്ല, തിന്മ ഒരിക്കലും ചെറിയ കാര്യമല്ല.
ദൈവത്തെ നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രമാക്കുകയാണെങ്കില്‍ ലോകത്ത് തിന്മ ഇത്രയ്ക്കും ശക്തിപ്പെടുകയില്ല.
മര്‍ട്ടിന്‍ ലൂതര്‍ ചോദിച്ച, എന്നില്‍ ദൈവത്തിന് എന്തു സ്ഥാനമുണ്ട്, ദൈവത്തിന്‍റെ മുന്നില്‍ ഞാന്‍ എവിടെയാണ്, ഈ ചോദ്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നവമായ രൂപത്തില്‍ അടിയന്തിരമായി ഉയര്‍ന്നുവരേണ്ടതാണ്.

സ്രഷ്ടാവും സര്‍വ്വശക്തനുമായ ദൈവം മനുഷ്യന്‍റെ താത്വികമായ പഠനവിഷയം മാത്രമാവരുത്. നമ്മോടു സംസാരിക്കുകയും മനുഷ്യരോട് ഇടപഴകുകയും ചെയ്തിട്ടുള്ള, നമ്മോടൊത്തു വസിച്ച, മനുഷ്യരൂപമെടുത്ത ക്രിസ്തു
സത്യ ദൈവവും സത്യമനുഷ്യനുമാണെന്ന സത്യം നാം പ്രഘോഷിക്കണം.
ലൂതറിന്‍റെ ചിന്തകളും ആത്മീയതയും പൂര്‍ണ്ണമായും ക്രിസ്തു- കേന്ദ്രീകൃതമായിരുന്നു. ലൂതറിന്‍റെ വിശുദ്ധ ഗ്രന്ഥവ്യാഖ്യനമൊക്കെയും ക്രിസ്തു രഹസ്യങ്ങള്‍ വെളിപ്പെടുത്തുവാനും വ്യക്തമാക്കുവാനുമായിരുന്നു.
ക്രിസ്തു സ്നേഹവും, ക്രിസ്ത്വായ്ക്ക്യവുമാണ് ജീവിത വെളിച്ചമെന്ന് ലൂതര്‍ വെളിപ്പെടുത്തി.

മതനിരപേക്ഷവാദവും ദൈവത്തെ മറന്ന് ലോകഗതികളോടുള്ള അമിതമായ താല്പര്യവുമുള്ള ജീവിത ശൈലി വളര്‍ന്നു വരുന്ന ഇക്കാലഘട്ടത്തില്‍, ക്രൈസ്തവൈക്യത്തിന്‍റെ പാതയില്‍ നമുക്ക് പൊതുവായുള്ള നന്മകള്‍ ഒരുമിച്ചു പ്രഘോഷിക്കുക എന്ന പ്രായോഗിക ആദര്‍ശമാണ് കൈക്കൊള്ളേണ്ടത്. നമ്മെ ക്രൈസ്തവരാക്കുന്ന എല്ലാ നല്ല ഘടകങ്ങളും മൂല്യങ്ങളും ക്രൈസ്തവീകതയുടെ സമ്മാനവും ദാനവുമായി ലോകത്തിനു നല്കാനും പങ്കുവയ്ക്കാനും നമുക്കു സാധിക്കട്ടെ.
പൊതുസമ്പത്തായി നമുക്കുള്ള ക്രൈസ്ത മൂല്യങ്ങളും, തിരുവെഴുത്തുകളും, വിശ്വാസപ്രമാണങ്ങളും മറന്ന്, നമ്മെ വിഭജിക്കുകയും അകറ്റി നിറുത്തുകയും ചെയ്ത ഘടകങ്ങളില്‍ മുറുകെ പിടിച്ചു നിന്ന, നവോത്ഥനാ കാലത്തു സംഭവിച്ചത് പാളിച്ചയായിരുന്നു.
നമ്മുടെ പ്രവര്‍ത്തനങ്ങളിലും ഇടപെടലുകളിലും നമുക്കേവര്‍ക്കും പൊതുസ്വത്തായി ലഭിച്ചിട്ടുള്ള സുവിശേഷമൂല്യങ്ങളില്‍ മുറുകെ പിടിച്ചുകൊണ്ട് ഇളകാത്ത അടിത്തറയും ദൈവവുമായ ക്രിസ്തുവിന് ഒത്തൊരുമിച്ച് സാക്ഷൃമേകാന്‍ സാധിക്കട്ടെ.

ഇന്നത്തെ ലോകത്ത് സഭൈക്യമേഖലയില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു മേഖല വിശ്വാസമാണ്. മതനിരപേക്ഷ ചിന്തകള്‍ വിശ്വസജീവിതത്തെ വെള്ളം ചേര്‍ത്ത് തരംതാഴ്ത്തിക്കാണിക്കുമ്പോള്‍, ക്രൈസ്തവസഭയേയോ സമൂഹത്തെയോ സംരക്ഷിക്കുക എന്നതിനെക്കാളുപരി, ദൈവത്തിലുള്ള മനുഷ്യന്‍റെ വിശ്വാസത്തെ പരിരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതായിരിക്കണം, സഭൈക്യപാതയില്‍ നമ്മെ ഒന്നിപ്പിക്കുന്ന മുഖ്യഘടകം. ക്രിസ്തുവിലുള്ള വിശ്വാസം, ക്രിസ്തു സജീവനായ ദൈവമാണെന്ന വിശ്വാസം ഇന്ന് ലോകത്തിന് പങ്കവയ്ക്കുന്ന പ്രകൃയ ക്രിസ്തുവില്‍ നമ്മെ ഒന്നിപ്പിക്കുകയും നയിക്കുകയും ചെയ്യുന്ന സഭൈക്യശക്തിയാകട്ടെ.








All the contents on this site are copyrighted ©.