2011-12-30 17:42:43

2011ാം ആണ്ടില്‍ വത്തിക്കാനിലെ പേപ്പല്‍ പരിപാടികളില്‍ പങ്കെടുത്തത് 25 ലക്ഷത്തിലധികം പേര്‍


30 ഡിസംബര്‍ 2011, വത്തിക്കാന്‍
25 ലക്ഷത്തിലധികം പേര്‍ ഇക്കൊല്ലം പേപ്പല്‍ പരിപാടികളില്‍ പങ്കെടുത്തുവെന്ന് വര്‍ഷാന്ത്യത്തില്‍ പരിശുദ്ധ സിംഹാസനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തുന്നു. മാര്‍പാപ്പയോടൊപ്പം പൊതുകൂടിക്കാഴ്ച്ച, പ്രത്യേക കൂടിക്കാഴ്ച്ച, ത്രികാലപ്രാര്‍ത്ഥ, ഇതര ആരാധനാക്രമാഘോഷങ്ങള്‍ എന്നിവയില്‍ പങ്കെടുത്തവരുടെ ഏകദേശകണക്കാണ് വത്തിക്കാന്‍ പുറത്തിറക്കിയിരിക്കുന്നത്. ഏകദേശം നാലുലക്ഷത്തോളം പേര്‍ പ്രതിവാര പൊതുകൂടിക്കാഴ്ച്ചകളില്‍ പങ്കെടുത്തപ്പോള്‍ ഒരുലക്ഷത്തി ആയിരത്തിയെണ്ണൂറോളം പേരാണ് പാപ്പ അനുവദിച്ച പ്രത്യേക കൂടിക്കാഴ്ച്ചകളില്‍ സന്നിഹിതരായിരുന്നത്. പന്ത്രണ്ടു ലക്ഷത്തിലധികം പേര്‍ ഇക്കൊല്ലം മാര്‍പാപ്പയോടൊപ്പം ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു. മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ ഏകദേശം എട്ടുലക്ഷത്തി നാല്‍പ്പത്താറായിരം പേര്‍ സംബന്ധിച്ചു.
വത്തിക്കാനിലും കാസില്‍ ഗണ്‍ഡോള്‍ഫോയിലും നടന്ന പരിപാടികളില്‍ പങ്കെടുത്തവരെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കണക്കാണിത്. മാര്‍പാപ്പ ഇറ്റലിക്കുള്ളിലും വെളിയിലുമായി നടത്തിയ നിരവധി അപ്പസ്തോലിക സന്ദര്‍ശനങ്ങളില്‍ പങ്കെടുത്തവരുടെ എണ്ണം ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2008, 2009, 2010 വര്‍ഷങ്ങളില്‍ 22 ലക്ഷത്തോളം പേരാണ് പേപ്പല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെത്തിയത്. എന്നാല്‍ 2007ലും 2005ലും ഇരുപത്തിയെട്ടു ലക്ഷത്തിലധികം പേര്‍ പേപ്പല്‍ പരിപാടികളില്‍ പങ്കുകൊണ്ടു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയോടൊപ്പം വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ഏറ്റവും അധികം ആളുകള്‍ വത്തിക്കാനിലെത്തിയത് 2006ലാണ്- മുപ്പത്തിരണ്ടു ലക്ഷം പേര്‍.








All the contents on this site are copyrighted ©.