2012-06-22 20:24:33

ദൈവത്തെ മാറ്റിവയ്ക്കുന്ന പ്രവണത
എവിടെയുമെന്ന് പാപ്പ


22 ജൂണ്‍ 2012, വത്തിക്കാന്‍
ധാരാളമായി പൊട്ടിമുളയ്ക്കുന്ന വിമത സഭകളെ ഗൗരവതരമായി ശ്രദ്ധിക്കേണ്ടതാണെന്ന് ബനഡിക്ട്
16-ാമന്‍ പാപ്പ പ്രസ്താവിച്ചു. കൊളൊമ്പിയായില്‍നിന്നും ആദ് ലീമിന അപ്പസ്തോലിക സന്ദര്‍ശനത്തിനെത്തിയ മെത്രാന്‍ സംഘത്തെ വത്തിക്കാനില്‍ ജൂണ്‍ 22-ാം തിയതി വെള്ളിയാഴ്ച രാവിലെ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു പാപ്പ. കൊളമ്പിയയില്‍ ധാരാളമായി പൊന്തിവരുന്ന പെന്തക്കോസ്താ, ഇവാഞ്ചെലിക്കല്‍ സഭകളെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ടാണ്
പാപ്പ ഇപ്രകാരം മെത്രാന്മാരെ ഉദ്ബോധിപ്പിച്ചത്. വിശ്വാസ ബോധ്യങ്ങളോ, ദൈവശാസ്ത്ര മൂല്യങ്ങളോ, പ്രബോധനങ്ങളോ ഇല്ലാതെ... അജപാലനപരവും ജീവിതബന്ധിയുമായ ചെറിയ പ്രശ്നങ്ങളാല്‍ കത്തോലിക്കാ സഭ വിട്ടുപോകുന്നവരാണ് ഇവരെന്നും, ഇടവക സമൂഹങ്ങളും സംഘടനകളും ഉപവിയുടെയും തുറവിന്‍റെയും മനോഭാവത്തോടെ വഴിതെറ്റിയവരെ സഭാകൂട്ടായ്മയിലേയ്ക്ക്
തിരികെ കൊണ്ടുവരാന്‍ പരിശ്രമിക്കണെന്നും പാപ്പാ മെത്രാന്മാരെ ഉദ്ബോധിപ്പിച്ചു.
ഇന്ന് എല്ലാ സമൂഹങ്ങളെയും ബാധിച്ചിരിക്കുന്ന മതനിരപേക്ഷതാവദവും, ‘ദൈവത്തെ അനുദിന ജീവിത മേഖലകളില്‍നിന്ന് മാറ്റിവയ്ക്കുന്ന’ പ്രവണതയും കൊളമ്പിയയിലും കാണുന്നുണ്ടെന്ന് പാപ്പ അഭിപ്രായപ്പെട്ടു. ആസന്നമാകുന്ന വിശ്വാസ വത്സരം ഉപയോഗപ്പെടുത്തിക്കൊണ്ട് ആത്മീയ
മൂല്യങ്ങളില്‍ വളരാനും, മനസ്സാക്ഷിയെ നവീകരിച്ചുകൊണ്ട് ദൈവത്തിലേയ്ക്ക് കൂടുതല്‍
അടുക്കുവാന്‍ ജനങ്ങളെ ശ്രദ്ധാപൂര്‍വ്വം സഹായിക്കണമെന്ന് പാപ്പ മെത്രാന്മാരെ ഉദ്ബോധിപ്പിച്ചു.

കൊളമ്പിയയിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും ബൊഗോട്ടയുടെ മെത്രാപ്പോലീത്തയുമായ, ആര്‍ച്ചുബിഷപ്പ് റൂബന്‍ ഗോമസ്സ് പാപ്പായ്ക്ക് നന്ദിയര്‍പ്പിച്ചു. ആഗോളസഭയ്ക്ക് പാപ്പാ നല്ക്കുന്ന ശ്രേഷ്ഠമായ പ്രബോധനങ്ങളോടും സുവിശേഷമൂല്യങ്ങളോടും കൗദാശിക ജീവിതത്തോടും വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് കൂട്ടായ്മയോടെ കൊളമ്പിയയിലെ സഭയെ മുന്നോട്ടു നയിക്കുമെന്നും, ആര്‍ച്ചുബിഷപ്പ് റൂബന്‍ പാപ്പായ്ക്ക് ഉറപ്പുനല്കി.








All the contents on this site are copyrighted ©.