2012-09-04 14:11:14

വിളിക്കുന്ന ദൈവം (6)
വിളി തരിസ്ക്കരിക്കുന്ന മനുഷ്യന്‍


RealAudioMP3
ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങള്‍ മോശ എഴുതിയതാണെന്ന പാരമ്പര്യമുണ്ട്. നാമിപ്പോള്‍ പഠന വിഷയമാക്കിയിരിക്കുന്ന പുറപ്പാടു ഗ്രന്ഥത്തിലാണ് എന്ന് മോശ എന്ന കഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്. രക്ഷയുടെ ചരിത്രത്തിലെ മോശയെന്ന മഹാകായന്‍റെ വ്യക്തിത്വം പൂര്‍ണ്ണമായും വെളിപ്പെടുത്തപ്പെടുന്നതും ഈ ഗ്രന്ഥത്തില്‍ തന്നെയാണ്. മോശയുടെ ജനനം മുതല്‍ മരണം വരെയുള്ള എല്ലാ സംഭവങ്ങളും പ്രവര്‍ത്തനങ്ങളും പുറപ്പാടു ഗ്രന്ഥത്തില്‍ അടങ്ങിയിരിക്കുന്നു. ഈജിപ്തിലെ ഫറവോയുടെ അടിമത്വത്തില്‍നിന്നു ഇസ്രായേല്‍ ജനത്തെ മോചിപ്പിച്ച് ദൈവം കാണിച്ചുകൊടുത്തൊരു ദേശത്ത് എത്തിക്കുന്ന ദൗത്യമായിരുന്നു മോശയുടേതെന്നും പുറപ്പാടിന്‍റെ പുസ്തകം വ്യക്തമാക്കുന്നു.

സീനായ് മലമുകളില്‍വച്ചു തന്നെ വിളിച്ച ദൈവത്തോടുള്ള മോശയുടെ പ്രതികരണവും,
ഇസ്രായേല്യരുടെ മോചനത്തിനായി ദൈവം അയാളെ ശക്തിപ്പെടുത്തി ഈജിപ്തിലേയ്ക്കു പറഞ്ഞയക്കുന്നതും ഈ പ്രക്ഷേപണത്തില്‍ ശ്രവിക്കാം.

ദൈവത്തിന്‍റെ വിളിയോട് മോശ ആദ്യം പ്രതികരിച്ചത് വിപരീതമായിട്ടാണ്. “ഫറവോയുടെ പക്കല്‍പോകാനും, ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍നിന്നു മോചിപ്പിക്കുവാനും ഞാന്‍ ആരാണ്?”

അപ്പോള്‍ ദൈവം അരുള്‍ചെയ്തു. “ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. നിന്നെ വിളിച്ചതു ഞാനാണ്. ഞാനാണു നിന്നെ അയയ്ക്കുന്നതും. ഇതാ ഒരടയാളം ഞാന്‍ തരുന്നു. ഇസ്രായേല്‍ ജനത്തെ നീ ഈജിപ്തില്‍നിന്നു മോചിച്ചു കഴിയുമ്പോള്‍, നിങ്ങള്‍ സീനായ് മലയില്‍ വന്ന് എന്നെ ആരാധിക്കും.”

അപ്പോള്‍ മോശ പറഞ്ഞു.
“ഇതാ ഞാന്‍...! ഇസ്രായേല്‍ മക്കളുടെ അടുക്കല്‍പ്പോയി, നമ്മുടെ പിതാക്കന്മാരുടെ ദൈവം നിങ്ങളുടെ അടുക്കലേയ്ക്ക് എന്നെ അയച്ചിരിക്കുന്നു എന്നു ഞാന്‍ പറയാം. എന്നാല്‍, ഒരു കാര്യം, അവിടുത്തെ പേരെന്താണ് എന്ന് അവര്‍ ചോദിച്ചാല്‍, ഞാന്‍ എന്തു പറയും?”


ദൈവം മോശയോട് അരുള്‍ചെയ്തു.
“ഞാന്‍ യാവേയാണ്, ‘ഞാനാകുന്നവന്‍’.
ഇസ്രായേല്‍ മക്കളോടു നീ പറയുക. യാവേ ‘ഞാനാകുന്നവന്‍,’ എന്നെ നിങ്ങളുടെ പക്കലേയ്ക്ക് അയച്ചിരിക്കുന്നു. നിങ്ങളെ ഈജിപ്തിലെ കഷ്ടതകളില്‍നിന്നു മോചിപ്പിച്ച്, തേനും പാലും ഒഴുകുന്നൊരു ദേശത്തേയ്ക്ക് കൊണ്ടുപോകാന്‍ യാവേ നിശ്ചയിച്ചിരിക്കുന്നു എന്ന് അവരെ അറിയിക്കുക.”

ദൈവം മോശയെ വിളിച്ച് ദൗത്യം നല്കിയെങ്കിലും മോശ മേദിയാനില്‍തന്നെ കുടുംബത്തോടൊപ്പം പാര്‍ക്കുകയായിരുന്നു. ഒരുനാള്‍ ആടുകളെ മേയ്ക്കവേ ദൈവം വീണ്ടും മോശയോട് സംസാരിച്ചു.
“ഇസ്രായേല്‍ മക്കളോടു നീ പറയുക. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം, നിന്നെ അവരുടെ പക്കലേയ്ക്ക് അയച്ചിരിക്കുന്നു. യാവേ, ഇതാണ് എന്നേയ്ക്കുമുള്ള എന്‍റെ നാമധേയം. സര്‍വ്വ പുരുഷാന്തരങ്ങളിലൂടെയും അങ്ങനെ ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടട്ടെ.”

“മൂന്നു ദിവസത്തെ യാത്രചെയ്ത്, മരുഭൂമിയില്‍ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കുവാന്‍ നിങ്ങളെ അനുവദിക്കണം എന്ന് ഈജിപ്തിന്‍റെ അധിപനോടു പോയി പറയുക. നിര്‍ബന്ധിച്ചാലല്ലാതെ ഫറവോ നിങ്ങളെ വിട്ടയയ്ക്കില്ലെന്ന് എനിക്കറിയാം. അതിനാല്‍ ഞാന്‍ കൈനീട്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് ഈജിപ്തിനെ പ്രഹരിക്കും. അപ്പോള്‍ ഫറവോ നിങ്ങളെ വിട്ടയയ്ക്കും. ഈജിപ്തുകാരുടെ ദൃഷ്ടിയില്‍ ഈ ജനത്തോടു ഞാന്‍ കാരുണ്യം കാണിക്കും.”

ഇസ്രായേലിന്‍റെ മോചനമെന്ന വലിയ വെല്ലുവിളിയായിരുന്നു മോശയ്ക്കു മുന്നില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെയാണ് മോശ ഒഴിവുകഴിവുകള്‍ പറഞ്ഞത്. എന്നാല്‍ ദൈവത്തില്‍നിന്നും ഒളിച്ചോടുക അസാദ്ധ്യമാണ്. പല ന്യായങ്ങളും മോശ പറയുമെങ്കിലും അവയ്ക്കോരോന്നിനും ദൈവം തക്ക മറുപടി നല്കുന്നു. മാത്രമല്ല, ദൗത്യനിര്‍വ്വഹണത്തിനായി ദൈവം അയാളെ തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

മോശ പിന്നെയും വൈമനസ്സ്യം കാണിച്ചു. അയാള്‍ വിളിയനുസ്സരിച്ച് മുന്നോട്ടു പോകാന്‍ സന്നദ്ധനായില്ല. കാരണം, ദൈവം ആവശ്യപ്പെട്ടത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അയാള്‍ വിളി തിരസ്ക്കരിച്ചു.

അപ്പോള്‍ ദൈവം തന്‍റെ നാമം വെളിപ്പെടുത്തികൊണ്ട്, പണ്ടു മുതല്‍ക്കേ മനുഷ്യനോട് ഉണ്ടായിരുന്നതും, എന്നേയ്ക്കും നിലനില്‍ക്കുന്നതുമായ അവിടുത്തെ വിശ്വസ്തത വെളിപ്പെടുത്തുന്നു. അവിടുന്ന് കാലാതീതനാണെന്നും അവിടുത്തെ വിശ്വസ്ത ശാശ്വതമാണെന്നും വ്യക്തമാക്കുന്നു.
‘യാവേ, I am who am…’.
ഞാന്‍ ആകുന്നുവന്‍’ എന്ന് സ്വയം വെളിപ്പെടുത്തുന്ന ദൈവം എന്നുമെന്നും ജീവിക്കുന്നവനും,
തന്‍റെ ജനത്തെ രക്ഷിക്കുന്നവനും, സദാ അവരോടൊപ്പം സന്നിഹിതനുമാണെന്ന് മോശയ്ക്ക് വെളിപ്പെടുത്തിക്കൊടുത്തു. ദൈവം അങ്ങനെ മോശയെ ബലപ്പെടുത്തി.

പുറപ്പാട് ഗ്രന്ഥത്തിന്‍റെ അദ്ധ്യായം 4, 1 ഇങ്ങനെയാണ് ഇസ്രായേലിന്‍റെ മോചനത്തിന്‍റെ തുടര്‍കഥ വിവരിക്കുന്നത്. മോശ പറഞ്ഞു, “ഇസ്രായേല്യര്‍ എന്നെ വിശ്വസിക്കുകയില്ല. എന്‍റെ വാക്കുകള്‍ അവര്‍ ചെവിക്കുള്ളുകയില്ല. കര്‍ത്താവ് എനിക്ക് പ്രത്യക്ഷപ്പെട്ടിട്ടില്ല, എന്നുതന്നെ അവര്‍ പറയും.”
അപ്പോള്‍ കര്‍ത്താവ് ചോദിച്ചു, “മോസസ്, നിന്‍റെ കൈയ്യില്‍ ഇരിക്കുന്നത് എന്താണ്?”
“ഇത് എന്‍റെ ഇടയ വടിയാണ്,” അയാള്‍ ഉത്തരംപറഞ്ഞു.
ദൈവം ആജ്ഞാപിച്ചു. “നീ അത് നിലത്തിടുക.”
ഉടനെ അത് സര്‍പ്പമായി മാറി. മോശ അതുകണ്ട്, ഭയന്നു മാറിനിന്നു. അപ്പോള്‍ കര്‍ത്താവ് അരുള്‍ചെയ്തു, “കൈനീട്ടി നീ അതിന്‍റെ വാലില്‍ പിടിക്കുക.” മോശ അപ്രകാരം ചെയ്തു.
അത് പൂര്‍വ്വരൂപം പ്രാപിച്ചു, വടിയായി മാറി.

വീണ്ടും ദൈവം അടയാളം നല്കി, “നിന്‍റെ കൈയ്യെടുത്ത് മാറിടത്തില്‍ വയ്ക്കുക.”
മോശ അപ്രകാരം ചെയ്തു. കൈതിരിച്ചെടുത്തപ്പോള്‍ അതില്‍ വെളുത്ത കുഷ്ഠമുള്ളതായി കാണപ്പെട്ടു. വീണ്ടും കൈ മാറിടത്തില്‍ വയ്ക്കാന്‍ ദൈവം ആവശ്യപ്പെട്ടു. അപ്പോള്‍ അത് സൗഖ്യപ്പെടുകയും ചെയ്തു.
“മോസസ്, ഞാന്‍ നല്കിയ ആദ്യത്തെ സാക്ഷൃം ഈജിപ്തുകാര്‍ സ്വീകരിക്കാതെ വന്നാല്‍, രണ്ടാമത്തെ അടയാളം ഉപയോഗിക്കുക, അപ്പോള്‍ അവര്‍ നിന്നില്‍ വിശ്വസിച്ചേക്കും.”.

ദൈവം മോശയ്ക്ക് മൂന്നാമതും ഒരടയാളം നല്കി.
“നദിയില്‍നിന്നും കൈകൊണ്ടു വെള്ളംകോരി കരയില്‍ ഒഴിക്കുക,” മോശയോട് ദൈവം ആവശ്യപ്പെട്ടു. കരയില്‍ ഒഴിച്ച വെള്ളം മുഴുവന്‍ രക്തമായി രൂപംകൊണ്ടു.
അപ്പോള്‍ ദൈവം പറഞ്ഞു. “ഈ അടയാളം, നിങ്ങളുടെ പിതാക്കന്മാരുടെ - അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം നിനക്കു പ്രത്യക്ഷപ്പെട്ടുവെന്നതിന്‍റെ അടയാളമായി, ഇസ്രായേലിലെ ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടി അവര്‍ക്ക് നീ കാണിച്ചുകൊടുക്കുക.”

അങ്ങനെ തന്‍റെ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് ദൈവം മോശയെ അത്ഭുതശക്തികള്‍കൊണ്ട് കരുപ്പിടിപ്പിച്ചു.
എന്നിട്ടും മോശയ്ക്ക് ദൈവത്തിന്‍റെ വിളിയെക്കുറിച്ച് ബോധ്യമായില്ല. അയാള്‍ വീണ്ടും പറഞ്ഞു. “കര്‍ത്താവേ, ഞാന്‍ സംസാരശേഷി ഇല്ലാത്തവനാണ്. സംസാരിക്കുമ്പോള്‍ എനിക്ക് തടസ്സമുണ്ട്. അതുകൊണ്ട് ദയവുണ്ടായി എനിക്കു പകരം മറ്റാരെയെങ്കിലും അയയ്ക്കണമേ.”

അപ്പോള്‍ ദൈവം കോപിച്ചു.
“നിനക്ക് സംസാരപാടവമുള്ളവനും ലേവ്യരുടെ വംശത്തില്‍പ്പെട്ടവനുമായ നിന്‍റെ ഒരു സഹോദരന്‍ ഉണ്ടല്ലോ – അഹറോന്‍. നിന്‍റെ സഹായത്തിന് അവനുണ്ടാകും. നിങ്ങളുടെ രണ്ടുപേരുടേയും നാവിനെ ഞാന്‍ ബലപ്പെടുത്തും. നിങ്ങള്‍ എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും തക്കസമയത്ത് ഞാന്‍ പറഞ്ഞു തരും. ഭയപ്പെടേണ്ട. നിന്‍റെ ഇടയ വടിയുമായി പോകുക. നിന്‍റെ ജനത്തെ നയിക്കുക. ഞാന്‍ നിന്‍റെ കൂടെയുണ്ട്.”

ദൈവം ഓരോരുത്തരെയും വിളിക്കുന്നു. വിളിയോടുള്ള ക്രിയാത്മകമായ പ്രതികരണമാണ് വിശ്വാസം. വിളിച്ച ദൈവത്തോട് മോശ കാണിച്ച വൈമനസ്സ്യം അയാളുടെ വിശ്വാസക്കുറവായിരുന്നു... ഒപ്പം മാനുഷിക വകല്യങ്ങളും. രണ്ടും ചേര്‍ന്ന് ദൈവവിലിയോടു പ്രതികരിക്കുന്നതില്‍ മോശ അനുഭവിച്ച മാനുഷിക സംഘഷങ്ങള്‍ക്കുശേഷം അയാള്‍ വിളി സ്വീകരിക്കുന്നു.
RealAudioMP3 RealAudioMP3







All the contents on this site are copyrighted ©.