2012-10-11 19:39:23

കൊല്ലപ്പെടുന്ന ലക്ഷക്കണക്കിന്
പെണ്‍കുഞ്ഞുങ്ങള്‍


11 ഒക്ടോബര്‍ 2012, മുംബൈ
വിവേചന പൂര്‍ണ്ണമായ പെണ്‍ഭ്രൂണഹത്യ കൊലപാതകമാണെന്ന്,
ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയിലെ ഭാരതത്തില്‍നിന്നുമുള്ള അംഗം, ഡോക്ടര്‍ പാസ്ക്വാള്‍ കര്‍വാലോ പ്രസ്താവിച്ചു. ഒക്ടോബര്‍ 11-ാം തിയതി വ്യാഴാഴ്ച ഐക്യ രാഷ്ട്ര സംഘടന ആചരിച്ച ‘പെണ്‍കുഞ്ഞുങ്ങളുടെ അന്താരാഷ്ട്ര ദിന’ത്തോടനുബന്ധിച്ച് മുംബൈയില്‍ ചേര്‍ന്ന മാധ്യമ സമ്മേളനത്തിലാണ് ഡോക്‍ടര്‍ കര്‍വാലോ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

വിവേചനപരമായ പെണ്‍ഭ്രൂണഹത്യമൂലം ഭാരതത്തില്‍ പ്രതിവര്‍ഷം 30 ലക്ഷത്തോളം പെണ്‍കുഞ്ഞുങ്ങളാണ് കൊല്ലപ്പെടുന്നതെന്ന് ദേശിയ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ഡോക്‍ടര്‍ കര്‍വാലോ ചൂണ്ടിക്കാട്ടി. ഗോത്രാധിപത്യമുള്ള ഭാരതത്തിലെ സാമൂഹ്യ സംവിധാനത്തില്‍ ലിംഗ വിവേചനമില്ലാത്ത അല്ലെങ്കില്‍ ലിംഗസമത്വം മാനിക്കുന്ന ധാര്‍മ്മിക വ്യവസ്ഥിതി വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാരും സമൂഹവും കുടുംബങ്ങളും ഒത്തൊരുമിച്ചു പരിശ്രമിക്കണമെന്നും ഡോക്ടര്‍ കര്‍വാലോ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. മറ്റാരേയുംപോലെ ജീവിക്കാനും വളരാനും, പഠിക്കാനും പുരോഗതി പ്രാപിക്കാനുമുള്ള പെണ്‍കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും അടിസ്ഥാന അവകാശത്തിന്മേലുള്ള കൈകടത്തലാണ് ലിംഗവിവേചനം. സ്ത്രീ-പുരുഷ സംഖ്യയുടെ അനുപാതത്തില്‍ വരുന്ന ക്രമാതീതമായ താഴ്ച, ജനന നിരക്കിലുണ്ടാവുന്ന സാരമായ ഇടിവ്, സാമൂഹ്യ സുസ്ഥിതിയുടെ തകര്‍ച്ച എന്നീ ദീര്‍ഘകാല പ്രത്യാഘാതങ്ങളും പെണ്‍ഭ്രൂണഹത്യ എന്ന സാമൂഹ്യതിന്മയില്‍നിന്നും ഉടലെടുക്കുന്നതാണെന്നും ഡോര്‍ക്ടര്‍ കര്‍വാലോ ചൂണ്ടിക്കാട്ടി.









All the contents on this site are copyrighted ©.