2012-12-11 17:28:06

സ്നാപക യോഹന്നാന്‍, വചനത്തിന്‍റെ ശബ്ദം


(ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഡിസംബര്‍ 9ാം തിയതി ഞായറാഴ്ച നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം.)

മിശിഹായുടെ വരവിനായി ഒരുക്കങ്ങള്‍ നടത്തുന്ന രണ്ടു വ്യക്തികളെ ആഗമന കാലത്തെ ആരാധനാക്രമത്തില്‍ നാം പ്രത്യേകം അനുസ്മരിക്കുന്നു, പരിശുദ്ധ കന്യകാമറിയത്തെയും വിശുദ്ധ സ്നാപക യോഹന്നാനേയും. ഇന്നു സുവിശേഷകനായ വി. ലൂക്കാ, വി.സ്നാപകയോഹന്നാനെയാണ് നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത്. സ്നാപകയോഹന്നാനെക്കുറിച്ചുള്ള വി.ലൂക്കാ സുവിശേഷകന്‍റെ വിവരണം മറ്റു സുവിശേഷകന്‍മാരുടേതില്‍ നിന്നും വിഭിന്നമാണ്. നാലു സുവിശേഷകന്‍മാരും ക്രിസ്തുവിന്‍റെ പരസ്യജീവിതാരംഭത്തിനു മുന്‍പ് ക്രിസ്തുവിന്‍റെ മുന്‍ഗാമിയായ സ്നാപക യോഹന്നാനെ അവതരിപ്പിക്കുന്നുണ്ട്. ക്രിസ്തുവും സ്നാപക യോഹന്നാനും തമ്മിലുള്ള ബന്ധത്തെയും അവരുടെ ദൗത്യത്തെക്കുറിച്ചും കൂടുതല്‍ ചരിത്രപരമായി വിവരിക്കുന്നത് വി.ലൂക്കാ സുവിശേഷകനാണ്. അമ്മമാരുടെ ഉദരത്തില്‍ ഉരുവായി ജനിക്കുന്നതു മുതല്‍ ആരംഭിക്കുന്നതാണ് ക്രിസ്തുവും സ്നാപകയോഹന്നാനും തമ്മിലുള്ള ബന്ധം. ഈയൊരു കാഴ്ച്ചപ്പാട് സ്നാപകയോഹന്നാനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ നമ്മെ സഹായിക്കുന്നു. പുരോഹിത കുടുംബാംഗങ്ങളായ സഖറിയയുടേയും എലിസബത്തിന്‍റേയും മകനായി ജനിച്ച സ്നാപക യോഹന്നാന്‍ അവസാന പ്രവാചകനായിരുന്നുവെന്നു മാത്രമല്ല പഴയ ഉടമ്പടിയുടെ കാലത്തെ പൗരോഹിത്യത്തെ മുഴുവന്‍ പ്രതിനിധീകരിച്ച്, യേശു ആരംഭിക്കുന്ന പുതിയ ഉടമ്പടിയ്ക്കായി ജനത്തെ ആത്മീയമായി ഒരുക്കുന്നതും അദ്ദേഹമാണ്. സ്നാപകയോഹന്നാന്‍റെ ജനനത്തിന്‍റെ ചരിത്രപശ്ചാത്തലം വ്യക്തമായി വിവരിക്കുന്ന വി.ലൂക്കാ സുവിശേഷകന്‍, സുവിശേഷവിവരണത്തെ കെട്ടുകഥയായി കണക്കാക്കാനുള്ള സാധ്യത പൂര്‍ണ്ണമായി തള്ളിക്കളയുന്നു. ‘തിബേരിയൂസ് സീസറിന്‍റെ പതിനഞ്ചാം ഭരണവര്‍ഷം പൊന്തിയൂസ് പീലാത്തോസ് യൂദായുടെ ദേശാധിപതിയും......അന്നാസും കയ്യാഫാസും പ്രധാനപുരോഹിതന്‍മാരും ആയിരിക്കേ’, (ലൂക്കാ 3, 1-2) തന്‍റെ സമകാലികര്‍ ശ്രദ്ധിക്കുക പോലും ചെയ്യാതിരുന്ന ഈ ചരിത്ര പശ്ചാത്തലത്തിലാണ് ക്രിസ്തുവിന്‍റെ തിരുപ്പിറവി എന്ന മഹാസംഭവം വി.ലൂക്കാ സുവിശേഷകന്‍ ചിത്രീകരിക്കുന്നത്. ദൈവം ചരിത്ര നായകരെ ചെറിയവര്‍ക്കുവേണ്ടിയുള്ള ചട്ടക്കൂടായി മാറ്റുന്നു.

മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്‍റെ ശബ്ദമെന്നാണ് വി.സ്നാപക യോഹന്നാനെ വി.ലൂക്കാ നിര്‍വ്വചിക്കുന്നത്. “കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍, അവന്‍റെ പാത നേരെയാക്കുവിന്‍. (ലൂക്കാ 3, 4)”. വചനം പ്രഘോഷിക്കുന്ന ശബ്ദമാണത്. ദൈവവചനം തന്നെയാണ് ഇവിടെയും ആദ്യം വരുന്നത്, കാരണം സ്നാപക യോഹന്നാന്‍ ദൈവവചനം സ്വീകരിച്ചതായി സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “സഖറിയായുടെ പുത്രനായ യോഹന്നാന് മരുഭൂമിയില്‍വച്ചു ദൈവത്തിന്‍റെ അരുളപ്പാടുണ്ടായി (ലൂക്ക 3, 2) ”. ക്രിസ്തുവിനു വേണ്ടിയുള്ള അതിശ്രേഷ്ഠമായ ഒരു ദൗത്യമാണ് യോഹന്നാന്‍ സ്വീകരിച്ചത്.
വിശുദ്ധ അഗസ്റ്റിന്‍റെ വ്യാഖ്യാനം ഇങ്ങനെയാണ്, “സ്നാപക യോഹന്നാന്‍ ശബ്ദമാണ്. ക്രിസ്തുവിനെക്കുറിച്ച് പറയപ്പെട്ടിരിക്കുന്നതാകട്ടെ ‘ആദിയില്‍ വചനമുണ്ടായിരുന്നു’ (യോഹ 1, 1) എന്നാണ്.” കടന്നുപോകുന്ന ശബ്ദമാണ് യോഹന്നാന്‍. ക്രിസ്തുവാണെങ്കില്‍ ആദിമുതലുള്ള നിത്യവചനമാണ്. ശബ്ദത്തില്‍ നിന്നു വചനത്തെ വേര്‍തിരിച്ചാല്‍ എന്താണുണ്ടാകുക? അവ്യക്തമായ സ്വരം. വാക്കുകളില്ലാത്ത ശബ്ദം ശ്രവണീയമാണ് എന്നാല്‍ അത് നമ്മുടെ ഹൃദയജ്ഞാനം വര്‍ദ്ധിപ്പിക്കുന്നില്ല. രക്ഷാകര വചനമായ ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിക്കാന്‍ നമ്മോടാവശ്യപ്പെടുന്ന ആ ശബ്ദം ശ്രവിക്കുക ഇന്ന് നമ്മുടെ കടമയാണ്. ബതലെഹെമിലെ എളിയ പുല്‍ത്തൊട്ടിലില്‍ ദൈവം നല്‍കുന്ന രക്ഷ വിശ്വാസത്തിന്‍റെ നയനങ്ങളാല്‍ ദര്‍ശിക്കുവാനായി ഈ ആഗമനകാലത്തില്‍ നമുക്കൊരുങ്ങാം. വസ്തുവകകളില്‍ ആനന്ദം കണ്ടെത്താന്‍ പ്രവണതയുള്ള ഉപഭോഗസംസ്ക്കാരത്തിന്‍റെ ലോകത്ത് അര്‍ത്ഥസമ്പൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ സ്നാപകയോഹന്നാന്‍ നമ്മെ പഠിപ്പിക്കുന്നു. അങ്ങനെ, ക്രിസ്തുമസ് ബാഹ്യമായ ഒരാഘോഷം എന്നതിനേക്കാളുപരിയായി മനുഷ്യന് സമാധാനവും ജീവനും യഥാര്‍ത്ഥ ആനന്ദവും നല്‍കാന്‍ ഭൂജാതനായ ദൈവപുത്രന്‍റെ തിരുനാളായിത്തീരട്ടെ.

സമാഗതനാകുന്ന കര്‍ത്താവിനെ സ്വീകരിക്കായുള്ള നമ്മുടെ ഈ യാത്ര പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതൃസഹജമായ മാധ്യസ്ഥത്തില്‍ സമര്‍പ്പിക്കാം. ദൈവം നമ്മോടു കൂടെ – എമ്മാനുവേലിനെ നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും സ്വീകരിക്കാനായി നമുക്കൊരുങ്ങാം.








All the contents on this site are copyrighted ©.