2013-02-19 16:22:24

ബിഷപ്പ് ആന്‍റണി ലോബോ കാലം ചെയ്തു


19 ഫെബ്രുവരി 2013, ഇസ്ലാമാബാദ്
ഇസ്ലാമാബാദ് – റാവല്‍പിണ്ടി രൂപതയുടെ മുന്‍അദ്ധ്യക്ഷന്‍ ബിഷപ്പ് ആന്‍റണി ലോബോ കാലം ചെയ്തു. ദീര്‍ഘകാലമായി രോഗാബാധിതനായിരുന്ന ബിഷപ്പ് ലോബോ (75) 18ാം തിയതി തിങ്കളാഴ്ച രാവിലെയാണ് കാലം ചെയ്തത്. അന്തിമോപചാര ശുശ്രൂഷ 20ാം തിയതി ബുധനാഴ്ച നടക്കും.

അദ്ദേഹത്തിന്‍റെ ദേഹവിയോഗ വാര്‍ത്തയില്‍ ദുഃഖിതരായ പാക്കിസ്ഥാന്‍ കത്തോലിക്കര്‍ രാജ്യത്തിന്‍റെ നാനാഭാഗത്തു നിന്ന് അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ഇസ്ലാമാബാദിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാനിലെ കത്തോലിക്കാ സമൂഹത്തിനുവേണ്ടി അദ്ദേഹം നടത്തിയ നിസ്വാര്‍ത്ഥ സേവനങ്ങള്‍, പ്രത്യേകിച്ച് വിദ്യാഭ്യാസ രംഗത്ത് അദ്ദേഹത്തിന്‍റെ സംഭാവനങ്ങള്‍, ജനങ്ങള്‍ കൃതജ്ഞതയോടെ അനുസ്മരിച്ചു.

പാക്കിസ്ഥാന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വിദ്യാഭ്യാസ കമ്മീഷന്‍റെ ചെയര്‍മാനായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം സിന്ധ് സര്‍വ്വകലാശാലയിലേയും ഷാ അബ്ദുള്‍ ലത്തീഫ് സര്‍വകലാശാലയിലേയും സെനറ്റ് അംഗം കൂടിയായിരുന്നു. മതാന്തര സംവാദത്തിനുവേണ്ടി നിലകൊള്ളുന്ന ‘ഒയാസിസ്’ മാസികയുടെ പത്രാധിപ സമിതിയിലും അദ്ദേഹം അംഗമായിരുന്നു. 1982 മുതല്‍ 93 വരെ കറാച്ചി രൂപതയുടെ സഹായമെത്രാനായും 1993മുതല്‍ 2010 വരെ ഇസ്ലാമാബാദ് – റാവല്‍പിണ്ടി രൂപതാദ്ധ്യക്ഷനായും ശുശ്രൂഷചെയ്തു. ആരോഗ്യപരമായ കാരണങ്ങളാല്‍ 2010 ഫെബ്രുവരി 18ന് ഇസ്ലാമാബാദ് – റാവല്‍പിണ്ടി രൂപതാദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ബിഷപ്പ് ലോബോ വിരമിച്ചു.
ദീര്‍ഘ വീക്ഷണത്തോടെ സഭയുടേയും സമൂഹത്തിന്‍റേയും നന്‍മയ്ക്കുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ച അജപാലകനാണ് കാലം ചെയ്ത ബിഷപ്പ് ലോബോയെന്ന് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി ഇസ്ലാമാബാദ് – റാവല്‍പിണ്ടി രൂപതാദ്ധ്യക്ഷനായി സ്ഥാനമേറ്റ ബിഷപ്പ് റൂഫിന്‍ ആന്‍റണി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.