2013-05-22 20:00:39

നിരീശ്വരവാദിക്കും നന്മ ചെയ്യാനാകുമെന്ന്
പാപ്പാ ഫ്രാന്‍സിസ്


22 മെയ് 2013, വത്തിക്കാന്‍
സകല മനുഷ്യരെയും ഒന്നിപ്പിക്കുന്ന സൂക്തമാണ് നന്മചെയ്യുക, എന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. മെയ് 22-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനിലെ തന്‍റെ വസതി, സാന്താ മാര്‍ത്തയോടു ചേര്‍ന്നുള്ള കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പ ഈ ചിന്ത പങ്കുവച്ചത്.

പ്രത്യയശാസ്ത്രങ്ങളുടെയും മതങ്ങളുടെയും അതിര്‍വരമ്പുകള്‍ കടന്ന് സമാധാനത്തിന് അടിത്തറ പാകുന്നത് നന്മയാണെന്ന് പാപ്പാ പ്രസ്താവിച്ചു. സത്യത്തിന്‍റെ ഉടമകള്‍ ആരായിരുന്നാലും അവര്‍ നന്മയുടെ വാഹകരാണെന്നും, നന്മ ചെയ്യുക എന്നത് ആരുടെയും കുത്തകയല്ലെന്നും, നന്മചെയ്യുന്നവര്‍ ആരായിരുന്നാലും അവരെ അംഗീകരിക്കണമെന്നും പാപ്പ വത്തിക്കാനിലെ ജോലിക്കാര്‍ക്കൊപ്പം അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ ഉദ്ബോധിപ്പിച്ചു.

സൃഷ്ടിയില്‍ത്തന്നെ എല്ലാ മനുഷ്യരെയും ദൈവം നന്മചെയ്യാന്‍ അയച്ചിരിക്കുന്നുവെന്ന്, പാപ്പ പ്രസ്താവിച്ചു. തന്‍റെ ഛായയില്‍ നമ്മെ സൃഷ്ടിച്ച സ്വര്‍ഗ്ഗീയ പിതാവ് ഏവര്‍ക്കും നല്കിയിട്ടുള്ള തിരിച്ചറിയല്‍ക്കാര്‍ഡാണ് നന്മയ്ക്കായുള്ള ആഹ്വാനമെന്നും, വിശ്വാസിയും അവിശ്വാസിയും നിരീശ്വരവാദിയും ഒരുപോലെ ഈ നന്മയ്ക്കായുള്ള ആഹ്വാനം ഉള്‍ക്കൊള്ളണമെന്നും പാപ്പ ആഹ്വാനംചെയ്തു. അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥയായ വിശുദ്ധ റീത്തായുടെ തിരുനാളാണിന്ന്.
നന്മ ചെയ്യുക അസാദ്ധ്യകാര്യമല്ല. ദൈവമക്കാളായ നാം അവിടുത്തെ സൃഷ്ടി കര്‍മ്മത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് എന്നും ലോകത്ത് നന്മ പങ്കുവച്ചു ജീവിക്കാന്‍ വിശുദ്ധ റീത്ത നമ്മെ സഹായിക്കട്ടെ, എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് പാപ്പാ തന്‍റെ ചിന്തകള്‍ ഉപസംഹരിച്ചു.








All the contents on this site are copyrighted ©.