2013-07-13 14:32:16

ക്രിസ്തു നേദിച്ച നല്ല അയല്‍ക്കാരന്‍
സുവിശേഷത്തിലെ മൗലിക ദര്‍ശനം


RealAudioMP3
വിശുദ്ധ ലൂക്കാ 10, 25-37
ക്രിസ്തു പറഞ്ഞ നല്ല അയല്‍ക്കാരന്‍റെ ഉപമ

അപ്പോള്‍ നിയമജ്ഞന്‍ എഴുന്നേറ്റുനിന്ന് അവിടുത്തെ പരീക്ഷിക്കുവാന്‍ ചോദിച്ചു. “ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം.” അവിടുന്നു ചോദിച്ചു. “നിയമത്തില്‍ എന്ത് എഴുതിയിരിക്കുന്നു. നീ എന്തു വായിക്കുന്നു.” അവന്‍ ഉത്തരം പറഞ്ഞു. “നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മവോടും പൂര്‍ണ്ണ ശക്തിയോടും പൂര്‍ണ്ണ മനസ്സോടുംകൂടെ സ്നേഹിക്കണം, നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെയും.” അവന്‍ പ്രതിവചിച്ചു. “നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ചു പ്രവര്‍ത്തിക്കുക. നീ ജീവിക്കും.” എന്നാല്‍ അവന്‍ തന്നത്തന്നെ സാധൂകരിക്കാന്‍ ആഗ്രഹിച്ച് യോശുവനോടു ചോദിച്ചു. “ആരാണ് എന്‍റെ അയല്‍ക്കാരന്‍?” യേശു പറഞ്ഞു.

“ഒരുവന്‍ ജരൂസലേമില്‍നിന്ന് ജറീക്കോയിലേയ്ക്കു പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടം കൈയില്‍പ്പെട്ടു. അവര്‍ അവന്‍റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത് അവനെ പ്രഹരിച്ച് അര്‍ദ്ധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു. ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നപോയി. അതുപോലെ ഒരു ലേവ്യനും അവിടെ വന്നപ്പോള്‍, അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാല്‍ ഒരു സമറിയാക്കാരന്‍ യാത്രാമദ്ധ്യേ അവന്‍ കിടന്ന സ്ഥലത്തുകവന്നു. അവനെക്കണ്ട് മനസ്സലിഞ്ഞ്, അവടുത്തുചെന്ന് എണ്ണയും വീഞ്ഞുവൊഴിച്ച്, അവന്‍റെ മുറിവുകള്‍ വച്ചുകെട്ടി, തന്‍റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു. അടുത്ത ദിവസം അവന്‍ സത്രം സൂക്ഷിപ്പുകാരന്‍റെ കൈയില്‍ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു. ഇവന്‍റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം.”

“കവര്‍ച്ചക്കാരുടെ കൈയ്യില്‍പ്പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്?” “അവനോടു കരുണകാണിച്ചവന്‍” എന്ന് ആ നിയമജ്ഞന്‍ പറഞ്ഞു. യോശു പറഞ്ഞു. “നീയും പോയി അതുപോലെ ചെയ്യുക.”

ഉയര്‍ന്ന ജാതിക്കാര്‍ താഴ്ന്ന ജാതിക്കാരോട് എങ്ങനെ പരുമാറണം എന്നതിന് പുരാതന ഇന്ത്യയിലും, എന്തിന് കേരളത്തിലും നമ്മുടെ ഓരോ സംസ്ഥാനങ്ങളിലും സാമൂഹ്യചട്ടങ്ങള്‍ ഉണ്ടായിരുന്നു. മേലാളന്മാരോട് കീഴാളന്മാര്‍ എങ്ങനെയാണ് പെരുമാറേണ്ടത്, കീഴ്ജാതിക്കാര്‍ക്ക് മേല്‍ജാതിക്കാരെ എത്രത്തോളം സമീപിക്കാം എന്നിങ്ങനെ നിരവധി നിയമങ്ങളുണ്ടായിരുന്നു. ഉയര്‍ന്ന സമുദായ ഗ്രൂപ്പുകളുടെ അന്തസ്സും അധികാരവും ധനവും സ്ഥാനമാനങ്ങളുമൊക്കെ സംരക്ഷിക്കുന്നതിനായിരുന്നു. ഇത്തരം മാമൂലകള്‍. അതിന്‍റെ അംശങ്ങള്‍ ഇന്നും സമൂഹത്തില്‍ നിലനില്ക്കുന്നു എന്നത് പലരും ഉറക്കെ സമ്മതിക്കുകയില്ലെങ്കിലും, കാര്യങ്ങള്‍ക്ക് ഇനിയും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അതിനാല്‍ അയല്‍ക്കാരനെ സ്നേഹിക്കുക എന്നതിന് സ്വന്തം സമുദായക്കാരെ സ്നേഹിക്കൂ എന്നും, അന്യസമുദായക്കാരെ ദ്രോഹിക്കൂ എന്നും അര്‍ത്ഥം വരുന്നുണ്ട്. 1936-വരെ മാറു മറയ്ക്കാനും മുട്ടിനു താഴെ മുണ്ടുടുക്കാനും ഈഴവ സ്ത്രീകളെ കേരളത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ അനുവദിച്ചിരുന്നില്ല എന്നത് ഓര്‍ക്കുക. ക്രിസ്തീയ വിശ്വാസം സ്വീകരിച്ച ശേഷവും ജാതിവ്യവസ്ഥതി പലരും സൗകര്യാര്‍ത്ഥം പാലിച്ചിരുന്നു. ക്രൈസ്തവരുടെ ഇടയില്‍പ്പോലും ഇന്നും വിവേചനമുണ്ട്. അതിനെ പിന്‍താങ്ങുന്ന മെത്രാന്മാരും വൈദികരുമുണ്ട് എന്ന പരാതിയുമായി തമിഴ്നാട്ടില്‍നിന്നും പ്രതിനിധി സംഘം ജൂണ്‍ മാസത്തില്‍ പാപ്പാ ഫ്രാന്‍സിന്‍റെ മുന്നില്‍ നിവേദനവുമായി എത്തിയിരുന്നു. ഇത് ഉദാഹരണമെന്നു മാത്രം.

ജാതിവ്യവസ്ഥിതിയുടെയും ഉച്ചനീചത്വത്തിന്‍റെയും പ്രത്യാഘാതമാണ് ഇന്ന് ക്രിസ്തു പറഞ്ഞ കഥയില്‍. ജരൂസലേമില്‍നിന്ന് ജറീക്കോയിലേയ്ക്കുള്ള വഴി പതിനേഴു മൈലുകളിലായി 3300 അടി താഴ്ചയിലേയ്ക്ക് പാറക്കെട്ടുകളിലൂടെയുള്ള ഇറക്കമാണ്. കള്ളന്മാര്‍ക്ക് പതിയിരുന്ന് ആക്രമിക്കാന്‍ സഹായിക്കുന്ന പറ്റിയ ഇടുങ്ങിയ പാത. ആ വഴിവന്ന മനുഷ്യന്‍ കള്ളന്മാരുടെ കൈയ്യില്‍പ്പെട്ടു. ക്രൂരമായി ആക്രമണവിധേയനായി വീണു വഴിയില്‍ക്കിടക്കുന്ന മനുഷ്യന്‍റെ കഥയാണ് ക്രിസ്തു ഇന്നത്തെ സുവിശേഷഭാഗത്തു പറഞ്ഞത്.

അതാ, പ്രതീക്ഷയുടെ കിരണം. ഒരു പുരോഹിതന്‍ ആ വഴിയെ യാദൃശ്ചികമായി വരുന്നു. വീണു കിടക്കുന്ന മനുഷ്യന് അയാള്‍ ആശ്വാസം കൊടുക്കുമെന്ന് വിചാരിച്ചു. അയാള്‍ ദൈവത്തിന്‍റെ മനുഷ്യനാണല്ലോ. മാത്രമല്ല മറ്റുള്ളവരെ സ്നേഹിക്കണമെന്നും സഹായിക്കണമെന്നും വചനവേദിയില്‍ നിന്നുകൊണ്ട് ആവേശപൂര്‍വ്വം പഠിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ നമ്മുടെ പ്രതീക്ഷയെ അയാള്‍ തകിടംമറിക്കുന്നു. അയാള്‍ മറുവശത്തുകൂടെ കടന്നുപോയി. കണ്ടിട്ടും സഹായിക്കാതെ വഴിമാറിപ്പോയി. പുരോഹിതന്‍റെ പിറകേ ആ വഴി കടന്നുപോയ ലേവ്യനും ഇതുപോലെ തന്നെ പെരുമാറി.

പുരോഹിതന്‍, ലേവ്യന്‍, ഇനി വരുന്നത് ഇസ്രായേല്യന്‍ എന്നായിരിക്കാം കഥാതന്തു കേട്ടിരുന്നവര്‍ പ്രതീക്ഷിച്ചത്. അങ്ങനെ പുരോഹിത വര്‍ഗ്ഗത്തിനെതിരായി നാട്ടുകാരനായ അല്‍മായന്‍റെ, ഇസ്രായേല്‍ക്കാരന്‍റെ നന്മ ചിത്രീകരിക്കാമായിരുന്നു. എന്നാല്‍, കഥയില്‍ ക്രിസ്തു അപ്രതീക്ഷിതത്വം കലര്‍ത്തുന്നു. മൂന്നാമതായി വന്നത് സമറിയാക്കാരനാണ്, വിജാതിയന്‍. അല്‍മായനെ പുരോഹിതര്‍ക്കെതിരെ തിരിക്കാമെന്ന നമ്മുടെ മോഹവും ക്രിസ്തു ചിതറിച്ചു. വീണു കിടക്കുന്ന മനുഷ്യന്‍റെ ശത്രു- സമുദായത്തില്‍പ്പെട്ടയാളാണ് കഥയില്‍ ക്രിസ്തു കൊണ്ടുവന്നത്.... സമറിയാക്കാരന്‍!
യഹുദരും സമറിയാക്കാരും തമ്മില്‍ സമ്പര്‍ക്കമില്ല (യോഹ. 4, 9-10). മാത്രമല്ല യഹൂദനായ ക്രിസ്തുവിനെയും ശിഷ്യന്മാരെയും വിജാതിയരായ സമറിയക്കാര്‍ അവഹേളിക്കുകയും തിരസ്ക്കരിക്കുകയും ചെയ്തിട്ടുള്ളതാണ് (ലൂക്കാം 9, 51-56). അവരുടെ പ്രതിനിധിയെത്തന്നെയാണ് ഇവിടെ മുഖ്യകഥാപാത്രമായി ക്രിസ്തു കൊണ്ടുവരുന്നത്.

സമുദായത്തിലെ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി മനുഷ്യന്‍ ഉണ്ടാക്കിവച്ച മാമൂലുകളെ ഇടിച്ചു തകര്‍ക്കുകയാണ് ക്രിസ്തു. ജാതി, മതം, വംശം, ദേശം, വര്‍ണ്ണം ഇവയൊക്കെ മനുഷ്യനിര്‍മ്മിതമാണ്. ചിലര്‍ക്ക് മറ്റു ചിലരെ ഭരിക്കാനും ചൂഷണംചെയ്യാനുംവേണ്ടി നിര്‍മ്മിക്കപ്പെട്ട അതിര്‍വരമ്പുകള്‍. ക്രിസ്തു ഇവയെ എതിര്‍ക്കുന്നു, തച്ചുതകര്‍ത്ത് സ്വാതന്ത്ര്യം നല്കുന്നു. വീണുകിടക്കുന്ന മനുഷ്യന് ആവശ്യം വൈദ്യസഹായമാണ്. അത് മുസ്ലീമില്‍നിന്നായാലും ക്രിസ്ത്യാനിയില്‍നിന്നായാലും ബ്രാഹ്മണനില്‍നിന്നോ പുലയനില്‍നിന്നോ ആരില്‍നിന്നായാലും ഭേദമുണ്ടോ. ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. സഹായിക്കുമെന്ന് നാം കരുതിയ വ്യക്തികളുടെ സമൂഹത്തിലെ സ്ഥാനം കൃത്യമായി പറഞ്ഞിരുന്നു. പുരോഹിതന്‍, ലേവ്യന്‍, സമറിയാക്കാരന്‍. എന്നാല്‍ വീണുകിടക്കുന്നവന്‍റെ വര്‍ഗ്ഗവും വംശവും മതവും ജാതിയുമെന്താണെന്ന് പറഞ്ഞിട്ടുണ്ടോ, ഇല്ല. ഊഹിക്കണം, അയാള്‍ യഹൂദനായ നാട്ടുകാരനായിരിക്കാം. അതാരുമാവട്ടെ അപകടത്തില്‍പ്പെട്ടവനെ സഹായിക്കുക എന്നതാണ് കാരുണ്യം, സ്നേഹം, മനുഷ്യത്വം.

ഭൂമിയുടെ പരിപൂര്‍ണ്ണ സൗഖ്യമായിരുന്നു ക്രിസ്തുവിന്‍റെ സ്വപ്നം. സൗഖ്യം ശരീരവുമായി മാത്രം ബന്ധപ്പെട്ട ഒന്നായിരുന്നില്ല അവിടുത്തേയ്ക്ക്. കണ്ണുണ്ടായിരുന്നിട്ടും കാണാതിരിക്കുക, ചെവിയുണ്ടായിട്ടും കേള്‍ക്കാതിരിക്കുക എന്നൊക്കെ പറയുമ്പോള്‍ അതിന് ശരീരത്തോട് ഒന്നും ചെയ്യാനില്ലെന്ന് നമുക്കറിയാം. ഒരാളുടെ എല്ലാ തലങ്ങളിലും തരങ്ങളിലുമുള്ള ശ്രേഷ്ഠത, ഡിഗ്നിറ്റി വീണ്ടെടുക്കുക എന്നതാണ് ക്രിസ്തുവിന്‍റെ മനസ്സിലെ സൗഖ്യത്തിന്‍റെ അര്‍ത്ഥം. പുതിയൊരു ആരാധനക്രമം രൂപപ്പെടുത്താനായിരുന്നില്ല ക്രിസ്തുവിന്‍റെ വരവ്. പലപ്പോഴും നമ്മുടെ ലിറ്റര്‍ജി വിവാദങ്ങളൊക്കെ മനുഷ്യനില്‍നിന്ന് തെന്നിമാറാനുള്ള ഒന്നാംതരം കളികളാണെന്ന് തോന്നാറുണ്ട്. മനുഷ്യന്‍റെ പൂര്‍ണ്ണശ്രേഷ്ഠത വീണ്ടെടുക്കുകയാണ് ക്രിസ്തുവിന്‍റെ ലക്ഷൃം. ശരീരമാണ് ദേവാലയമെന്ന് അവിടുന്ന് ഒരിക്കല്‍ പറയുന്നുണ്ട്. ഈ ദേവാലയം നിങ്ങള്‍ നശിപ്പിക്കൂ. മൂന്നു ദിവസത്തിനകം ഞാനത് പുനരുദ്ധരിക്കും. യഹൂദര്‍ ചോദിച്ചു. ഈ ദേവാലയം പണിയുവാന്‍ നാല്പത്തിയാറു സംവത്സരം എടുത്തു. വെറും മൂന്നു ദിവസത്തിനകം നിങ്ങളത് പുനരുദ്ധരിക്കുമോ. എന്നാല്‍ അവിടുന്നു പറഞ്ഞത് തന്‍റെ ശരീരമാകുന്ന ആലയത്തെക്കുറിച്ചാണ് (യോഹ. 2, 18-21), ശരീരത്തിന് ഉടലെന്നും മാനവരാശി എന്നും സൂചനയുണ്ടാവണം. രണ്ടോ മൂന്നോ പേര്‍ കൂടുന്നതിന്‍റെ മദ്ധ്യേ ഞാനുണ്ടാവുമെന്നുള്ളതും മാനവശരീരമെന്ന ദേവാലയത്തിന്‍റെ ബലപ്പെടുത്തല്‍തന്നെയാണ്. കല്ലുകള്‍ ചേര്‍ത്തുവച്ചല്ല, കരങ്ങള്‍ കോര്‍ത്തു പിടിക്കുമ്പോഴാണ് ദേവാലയം രൂപപ്പെടുന്നതെന്നും ക്രിസ്തുവിനറിയാം.

മനുഷ്യനെ കേന്ദ്രീകരിച്ചുള്ള ദൈവവിചാരമാണ് ആരോഗ്യകരമായ ആത്മീയത. മാനവരാശിയെ ദൈവം വേര്‍തിരിക്കുന്നത് ആരാധിച്ചവരും, ആരാധിക്കാത്തവരുമെന്ന മാനദണ്ഡത്തിലല്ല. സ്നേഹിച്ചവരും സ്നേഹിക്കാത്തവരുമെന്ന മുഴക്കോല്‍ ഉപയോഗിച്ചായിരിക്കും. ജോണ്‍ ഓഫ് ദി ക്രോസ് പറയുന്നതുപോലെ “ഒടുവില്‍ സ്നേഹമായിരിക്കും ഒരാളുടെ വിധിയാളന്‍. നീ മനുഷൃനു നല്‍കിയതൊക്കെ ദൈവത്തിനാണ് നേദിച്ചത്. മനുഷ്യന് നല്‍കാത്തതൊക്കെ ദൈവത്തിനും നിഷേധിക്കപ്പെടുകയാണ്. ”

ക്രിസ്തുവിന്‍റെ മനസ്സിലെന്നതുപോലെ സഭയും സഭാമക്കളുടെ ജീവിതങ്ങളും പുനര്‍നിര്‍വചിക്കപ്പെടണം. ദൈവാലയത്തെക്കാള്‍, ഒരാതുരാലയമായി സഭയെ കാണണം. ഹോസ്പിറ്റലെന്നോ, ഹോസ്പിസ് എന്നോ വിശേഷിപ്പിച്ചുകൊള്ളൂ. സൗഖ്യത്തിന്‍റെയും സാന്ത്വനത്തിന്‍റെയും ഉള്ളിടമാണത്. സുവിശേഷ ജീവിതത്തിന്‍റെ നടവഴികളിലേയ്ക്ക് പദമൂന്നുന്നവരെ സൗഖ്യപ്പെടുത്തുകയാണ് ക്രിസ്തു ശിഷ്യരുടെ ധര്‍മ്മമെന്ന് ക്രിസ്തു ആവര്‍ത്തിച്ചുറപ്പിക്കുന്നു. മുഴുവന്‍ അജപാലന ശുശ്രൂഷയ്ക്കുംകൂടി പറയാവുന്ന ഏക പദമാണ് സൗഖ്യം.

ക്രിസ്തു അവസാനംവരെ ഈ സൗഖ്യശ്രൂഷയില്‍ ഏര്‍പ്പെട്ടുവെന്ന് സുവിശേഷം സാക്ഷൃപ്പെടുത്തുന്നു. അതിന്‍റെ ദൃശ്യ അടയാളങ്ങളാണ് പീഡാനുഭവ യാത്രയുടെ തൊട്ടുമുന്‍പുപോലും പത്രോസ് മുറിപ്പെടുത്തിയ സൈനികനെ അവിടുന്ന് സൗഖ്യപ്പെടുത്തിയത്. മരണത്തിനുശേഷവും അവന്‍റെ നെഞ്ചില്‍നിന്നു വാര്‍ന്നുവീണ രക്തവും ജലവും ഒരുവന്‍റെ അന്ധതയെ സുര്യവെളിച്ചത്തിലേയ്ക്ക് വീണ്ടെടുത്തുവെന്ന പാരമ്പര്യകഥയും ഓര്‍മ്മിക്കുന്നില്ലേ. വിശ്വത്തര ചലച്ചിത്രമായ ബെന്‍ഹറിന്‍ അവസാനത്തെ സീനില്‍ കാല്‍വരിയില്‍നിന്ന് വാര്‍ന്നൊലിച്ച രക്തകണങ്ങള്‍ ആ ശോകയാമത്തില്‍ പെയ്തിറങ്ങിയ മഴയില്‍ ഒലിച്ചറങ്ങുന്നു. ക്രിസ്തുവിനെ തേടിയലഞ്ഞ ബെന്‍ഹറിന്‍റെ രോഗഗ്രസ്ഥരായ സഹോദരിക്കും അമ്മയ്ക്കും അത്ഭുതകരമായി സൗഖ്യം ലഭിച്ചത് കാല്‍വരിയിലെ ദിവ്യനിണമണിഞ്ഞ ജലധാരയില്‍ സ്പര്‍ശിച്ചപ്പോഴാണ്.... പാപവിമോചകനും സൗഖ്യദായകനുമായ യേശു നമ്മെയും സകല ബന്ധനങ്ങളില്‍നിന്നും സ്വതന്ത്രരാക്കി നന്മയില്‍ നയിക്കട്ടെ.
Presented : nellikal, Vatican Radio








All the contents on this site are copyrighted ©.