2013-10-01 17:50:07

കര്‍ദിനാള്‍മാരുടെ ഉപദേശക സമിതി, കൂടിയാലോചനയുടെ പുതിയ രൂപം


01 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ രൂപം നല്‍കിയ ഉപദേശക സമിതി കത്തോലിക്കാ സഭയുടെ ഭരണസംവിധാനത്തിലെ കൂടിയാലോചനയുടെ പുതിയൊരു രൂപമാണെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി. ഉപദേശക സമിതിയുടെ പ്രഥമ സമ്മേളനത്തിനു മുന്നോടിയായി വത്തിക്കാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. സഭാഭരണം മെച്ചപ്പെടുത്താനുള്ള പ്രോത്സാഹന ജനകമായ ഒരു സംവിധാനമാണ് ഈ ഉപദേശക സമിതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിപുലമായ മുന്നൊരുക്കത്തിനുശേഷമാണ് സമ്മേളനം ആരംഭിച്ചിരിക്കുന്നത്. ഉപദേശക സമിതി അംഗങ്ങള്‍ പല തവണ അനൗദ്യോഗിക കൂടിക്കാഴ്ച്ചകളും ചര്‍ച്ചകളും നടത്തിയെന്നും ഫാ.ലൊംബാര്‍ദി അറിയിച്ചു..
റോമന്‍ കൂരിയായുടേയും സാര്‍വ്വത്രിക സഭയുടെ അജപാലന ശുശ്രൂഷയേയും കുറിച്ച് ഉപദേശക സമിതിയിലെ അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞശേഷം മാര്‍പാപ്പ തന്നെയായിരിക്കും തീരുമാനങ്ങള്‍ എടുക്കുക. അതിനാല്‍ ത്രിദിന സമ്മേളനത്തിനു ശേഷം ഉടന്‍തന്നെ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഫാ.ലൊംബാര്‍ദി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മൂന്നു ദിവസവും രാവിലേയും വൈകീട്ടും യോഗം നടക്കും. മിക്കവാറും എല്ലാ യോഗവും മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തിലാണ് നടക്കുക. എന്നാല്‍ ബുധനാഴ്ചയിലെ പൊതുകൂടിക്കാഴ്ച്ച റദ്ദാക്കാത്തതിനാല്‍ ബുധനാഴ്ച രാവിലെ യോഗത്തില്‍ മാര്‍പാപ്പയുടെ സാന്നിദ്ധ്യമുണ്ടായിരിക്കില്ല. ബുധനാഴ്ച പതിവുപോലെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ മാര്‍പാപ്പ പൊതുക്കൂടിക്കാഴ്ച്ച നയിക്കും.








All the contents on this site are copyrighted ©.