2014-01-15 15:49:56

കർദിനാൾസ്ഥാനം എളിയശുശ്രൂഷയ്ക്കുള്ള വിളി: മാർപാപ്പ


15 ജനുവരി 2014, വത്തിക്കാന്‍
കർദിനാൾസ്ഥാനം എളിയശുശ്രൂഷയ്ക്കുള്ള വിളിയാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഫെബ്രുവരി 22ന് സഭയിലെ പുതിയ കർദിനാൾമാരായി വാഴിക്കപ്പെടാന്‍ പോകുന്ന 19 അജപാലകശ്രേഷ്ഠർക്ക് അയച്ച അനുമോദന സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. “പ്രിയ സഹോദരാ” എന്ന അഭിസംബോധനയോടെ ആരംഭിക്കുന്ന സന്ദേശത്തില്‍ നിയുക്ത കർദിനാളിനെ പിതൃസഹജമായ വാത്സല്യത്തോടെ അനുമോദിച്ച് അനുഗ്രഹാശിസുകൾ നേർന്ന പാപ്പ, തന്‍റെ പ്രാർത്ഥന അവർക്ക് ഉറപ്പുനല്‍കുകയും അവരുടെ പ്രാർത്ഥാസഹായവും സഹകരണവും അഭ്യർത്ഥിക്കുകയും ചെയ്തു.
കർദിനാൾസ്ഥാനം ഒരു സ്ഥാനകയറ്റമോ, പദവിയോ, അലങ്കാരമോ ആയി പരിഗണിക്കരുത്. ക്രിസ്തുവിനെപ്പോലെ സ്വയം താഴ്ന്നിറങ്ങി ഒരു എളിയ ദാസന്‍റെ ശുശ്രൂഷ ചെയ്യാനുള്ള വിളിയാണത്. ഈ ശുശ്രൂഷ നിറവേറ്റാൻ മനസും ദർശനവും കൂടുതല്‍ വിശാലമാകണം. എളിമയോടും ലാളിത്യത്തോടും കൂടി പുതിയ ശുശ്രൂഷാ സ്ഥാനത്തേക്കു പ്രവേശിക്കാന്‍ നിയുക്ത കർദിനാൾമാരെ ആഹ്വാനം ചെയ്ത പാപ്പ, സുവിശേഷാരൂപിക്കും ലാളിത്യത്തിനും നിരക്കാത്ത ആഘോഷപരിപാടികൾ ഒഴിവാക്കി, സസന്തോഷം ഈ ശുശ്രൂഷാസ്ഥാനം ഏറ്റെടുക്കണമെന്നും അവരെ ഉത്ബോധിപ്പിച്ചു.


Reported: Vatican Radio, TG







All the contents on this site are copyrighted ©.