2014-04-16 18:46:01

ചിത്രം ആക്ഷേപമല്ല
ആദരവമാണെന്ന് ചിത്രകാരന്‍


16 ഏപ്രില്‍ 2014, വത്തിക്കാന്‍
സൈക്കിള്‍ ചവിട്ടുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ചിത്രം റോമാവാസികളിലും ഇവിടെ എത്തിയ ആയിരക്കണക്കിനു തീര്‍ത്ഥാടകരിലും കൗതുകമുണര്‍ത്തി. ഏപ്രില്‍ 14-ാം തിയതി ഓശാന ഞായര്‍ ദിനത്തിലാണ് പാപ്പാ ഫ്രാന്‍സിസ് സൈക്കിള്‍ ചവിട്ടുന്ന കാര്‍ട്ടൂണ്‍ ചിത്രം വത്തിക്കാന്‍റെ രാജവീഥിയിലുള്ള പരസ്യബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്.

സ്ഥാനികവടി പിന്നില്‍ തൂക്കിയിട്ടുകൊണ്ട്, പതിവുള്ള ലളിതമായ വെള്ളയങ്കിയും കുരിശുമാലയും ധരിച്ച് പുഞ്ചിരിയോടെ പാപ്പാ ഫ്രാന്‍സിസ് സൈക്കളിള്‍ സവാരി ചെയ്യുന്ന ബഹുവര്‍ണ്ണ കാര്‍ട്ടൂണ്‍ രേഖാചിത്രം ഏവരും സന്തോഷത്തോടെയാണ് വീക്ഷിച്ചത്. സൈക്കിളില്‍ നീങ്ങുന്ന പാപ്പായ്ക്കൊപ്പം തലയ്ക്കു മുകളിലായി മൂന്നു ചെറുപക്ഷികള്‍ പറന്നുയര്‍ന്നു നില്ക്കുന്നത് രചനയെ ചലനാത്മകവും ശ്രദ്ധേയവുമാക്കിയിരിക്കുന്നു.

ആക്ഷേപമല്ല, പാപ്പായോടുള്ള ആദരവും സ്നേഹവുമാണ് ചിത്രം വരയ്ക്കാന്‍ പ്രചോദനമായതെന്ന് റോമാക്കാരനായ കാര്‍ട്ടൂണിസ്റ്റ്, ഡിയേഗോ സേന്തി വത്തിക്കാന്‍ റേഡിയോയോടു പറഞ്ഞു. പാപ്പായുടെ വ്യക്തിത്വത്തിലെ ലാളിത്യമാണ് താന്‍ വരകളില്‍ കോറിയിടാന്‍ ശ്രമിച്ചതെന്ന് ചിത്രകാരന്‍ പറഞ്ഞു.

പെസഹാനാളില്‍ ജരൂസലേമിലേയ്ക്ക് വിനയാന്വിതനായി കഴുതപ്പുറമേറി പ്രവേശിച്ച ക്രിസ്തുവിന് സമാന്തരമായി, അനുദിനം നടന്ന് ഓഫിസിലേയ്ക്കും, ബസ്സില്‍ സഞ്ചരിച്ച് ധ്യാനത്തിനും, ലളിതമായ കാറില്‍ ഔദ്യോഗിക പരിപാടികള്‍ക്കും എത്തുന്ന പാപ്പായുടെ ലാളിത്യമാര്‍ന്ന വ്യക്തിത്വമാണ് സൈക്കിള്‍ സവാരിയുടെ ചിത്രസംയോജനത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന്, കാര്‍ട്ടൂണിസ്റ്റ് സേന്തി അഭിമുഖത്തില്‍ ഏറ്റുപറഞ്ഞു.

റോമിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കും ട്യൂറിസ്റ്റുകള്‍ക്കും നല്ല സൈക്കിളുകള്‍ സൗജന്യനിരക്കില്‍ വാടകയ്ക്കു കൊടുക്കുന്ന romabikes എന്ന കമ്പനിയാണ് നാഗരത്തിന്‍റെ നാലിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പാപ്പായുടെ കാര്‍ട്ടൂണ്‍ ചിത്രത്തിന്‍റെ പ്രായോജകരെന്നും ആര്‍ട്ടിസ്റ്റ് സേന്തി സമ്മതിച്ചു.








All the contents on this site are copyrighted ©.