2014-05-20 17:42:02

മതാന്തര സംവാദം വിശ്വാസത്തിന്‍റെ ആപേക്ഷികവത്കരണമല്ല


20 മെയ് 2014, വത്തിക്കാൻ
മതാന്തര സംവാദം വിശ്വാസത്തിന്‍റെ ആപേക്ഷികവത്കരണമല്ലെന്ന് മാർപാപ്പ. മതാന്തര സംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ സുവർണ്ണ ജൂബിലി ആഘോഷത്തിനു നൽകിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. അന്യ മത സംസ്ക്കാരങ്ങളോട് തുറന്ന സംവാദത്തിന് സഭ എന്നും തയ്യാറാണെന്നും പൊന്തിഫിക്കൽ കൗൺസിലിന്‍റെ അധ്യക്ഷൻ കർദിനാൾ ജീൻ ലൂയി തൗറാന് അയച്ച സന്ദേശത്തിൽ പാപ്പ വ്യക്തമാക്കി. സഭാ നവീകരണം ലക്ഷ്യമിട്ട രണ്ടാം വത്തിക്കാൻ സൂന്നഹദോസിന്‍റെ നിർദേശപ്രകാരമാണ് ധന്യനായ പോൾ ആറാമൻ പാപ്പ അക്രൈസ്തവരുമായുള്ള സംവാദത്തിന് ഒരു കാര്യാലയം രൂപീകരിച്ചത്. സൂന്നഹദോസിന്‍റെ പ്രബോധനങ്ങൾ നടപ്പിലാക്കാനും, സൂന്നഹദോസ് വിഭാവനം ചെയ്ത നവീകരണത്തിന്‍റെ പാതയിലൂടെ സാർവ്വത്രിക സഭയെ നയിക്കാനുമായുള്ള പാപ്പായുടെ പരിശ്രമമായിരുന്നു അതെന്ന് പാപ്പാ ഫ്രാൻസിസ് അനുസ്മരിച്ചു.

സുവർണ്ണ ജൂബിലി നിറവിലെത്തിയിരിക്കുന്ന പൊന്തിഫിക്കൽ കൗൺസിൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടു കാലത്ത് നിറവേറ്റിയ ദൗത്യങ്ങൾ കൃതജ്ഞതയോടെ അനുസ്മരിച്ച പാപ്പ ജനതകളിൽ സമാധാനം വളർത്താനും അവരെ പുരോഗതിയിലേക്ക് നയിക്കാനും കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ കൗൺസിലിനു സാധിക്കട്ടെയെന്നും ആശംസിച്ചു.








All the contents on this site are copyrighted ©.