2014-10-29 18:47:27

ദൈവം നമ്മുടെ ഇടയന്‍ (30)
വിശുദ്ധഗ്രന്ഥത്തിലെ അനശ്വരഗീതം


RealAudioMP3
വിശുദ്ധഗ്രന്ഥത്തിലെ സങ്കീര്‍ത്തനങ്ങളെക്കുറിച്ചുള്ള പൊതുവായ പഠനവും, അവയുടെ സാഹിത്യപരമായ വിഭജനത്തെക്കുറിച്ചും നാം മനസ്സിലാക്കി. തുടര്‍ന്ന് സങ്കീര്‍ത്തന പുസ്തകത്തില്‍ അധികമായി കാണുന്ന നീതിയുടെ സങ്കീര്‍ത്തനങ്ങളിലെ ശാപശൈലിയെക്കുറിച്ചും ചര്‍ച്ചചെയ്യുകയുണ്ടായി.
ഇനി, ഈ പ്രക്ഷേപണം മുതല്‍ നാം സങ്കീര്‍ത്തനങ്ങളുടെ വിശദാമായ പഠനങ്ങളിലേയ്ക്ക് – അതായത് സങ്കീര്‍ത്തനങ്ങള്‍ ഒന്നൊന്നായി പഠിക്കുവാന്‍ പോകുകയാണ്. പ്രായോഗിക കാരണങ്ങളാല്‍ കൃത്യമായും വിശുദ്ധ ഗ്രന്ഥത്തിലെ സങ്കീര്‍ത്തനങ്ങളുടെ സംഖ്യാക്രമത്തില്‍ ആയിരിക്കില്ല അവ കൈകാര്യം ചെയ്യുന്നത്. വളരെ ശ്രദ്ധേയവും ജനകീയവും, പ്രചാരത്തിലുള്ളതുമായ സങ്കീര്‍ത്തനങ്ങള്‍ ആദ്യമാദ്യം പഠിക്കാം. സംഖ്യാക്രമം തെറ്റിച്ചുള്ള പഠനത്തിന്‍റെ മുഖ്യകാരണം മലയാളത്തിലുള്ള അവയുടെ സംഗീതരൂപത്തിന്‍റെ വിരളതയാണ്, ലഭ്യതക്കുറവാണ്.

ഇന്നു നാം പഠിക്കാന്‍ പോകുന്നത് ഏറെ ജനപ്രീതിയാര്‍ജ്ജിച്ചതും പ്രശസ്തവുമായ 23-ാം സങ്കീര്‍ത്തനമാണ്- ‘കര്‍ത്താവ് എന്‍റെ ഇടയനാകുന്നു.’
ഈ പരമ്പരിയില്‍ നാം ഉപയോഗിക്കുന്ന ഈ സങ്കീര്‍ത്തനത്തിന്‍റെ ഗാനാവിഷ്ക്കാരം നിര്‍വ്വഹിച്ചത് ഫാദര്‍ വില്യം നെല്ലിക്കലാണ്. ആലപനം ഡാവിനാ, പശ്ചാത്തല സംഗീതം ഹാരി കൊറിയ.

Musical Version of Psalm 23
കര്‍ത്താവെന്‍റെ ഇടയന്‍ എന്നെ നയിക്കുന്നിടയന്‍
കുറവേതുമെനിക്കില്ല കുറവേതുമെനിക്കില്ല.

അനശ്വരതയുടെ പരിവേഷം പൂണ്ട സങ്കീര്‍ത്തനമാണിത്, ‘കര്‍ത്താവെന്‍റെ ഇടയനാകുന്നു,’ എന്ന 23-ാം സങ്കീര്‍ത്തനം. സങ്കീര്‍ത്തനങ്ങളെക്കുറിച്ച് ശാസ്ത്രീയമായി ഗ്രാഹ്യമൊന്നും ഇല്ലാത്തൊരാളോട്, ഏതെങ്കിലും ഒരു സങ്കീര്‍ത്തനം അറിയാമോ? എന്നു ചോദിച്ചാല്‍, 23-ാം സങ്കീര്‍ത്തനം പാടുകയോ, ചൊല്ലുകയോ ചെയ്യാന്‍ സാദ്ധ്യതയുണ്ട്. കുട്ടികള്‍ പോലും ഈ സങ്കീര്‍ത്തനത്തിന്‍റെ ഈരടികള്‍ മനോഹരമായി ഏറ്റുചെല്ലുന്നതു കേള്‍ക്കാം. ലോകത്തുള്ള സകല ഭാഷകളിലേയ്ക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതും, പലപ്പോവും സംഗീതാവിഷ്ക്കാരം ചെയ്തിട്ടുള്ളതുമായ ഗീതമാണ്. The Lord is my shepherd, കര്‍ത്താവെന്‍റെ ഇടയന്‍. എല്ലാ ഭാഷകളിലുമുള്ള കവികളെയും സംഗീത സംവിധായകരെയും ഈ ഗീതം എക്കാലത്തും ഏറെ ആകര്‍ഷിച്ചിട്ടുമുണ്ട്. അത്രയേറെ അറിയപ്പെട്ടതാണ്, പ്രശസ്തമാണിതെന്ന് ചുരുക്കം.
ഇതിലെ ചിന്താധാരയ്ക്കും ഭാവനാചിത്രങ്ങള്‍ക്കും വൈകാരിക മൂല്യങ്ങള്‍ക്കുമുള്ള അത്യപൂര്‍വ്വമായ വശ്യതയാണ് ഇതിനു കാരണം എന്നു പറയേണ്ടതില്ലല്ലോ. തന്‍റെ ജനത്തോട് ഗൗരവപൂര്‍വ്വകമായ ശ്രദ്ധയും ജാഗ്രതയും കാണിക്കുന്ന ഇടയനായിട്ടാണ്, ആദ്യത്തെ നാലു വാക്യങ്ങളില്‍ ദൈവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, ദൈവം സല്‍ക്കാരപ്രിയനും ഔദാര്യമതിയുമായ ആതിഥേയനുമാണെന്ന് തുടര്‍ന്നു വിവരിക്കുന്നു. ഇന്നത്തെ പ്രക്ഷേപണത്തില്‍, 23-ാം സങ്കീര്‍ത്തനത്തിന്‍റെ നാലു പദങ്ങളുടെ അല്ലെങ്കില്‍ സങ്കീര്‍ത്തന വാക്യങ്ങളുടെ വ്യാഖ്യാനം മനസ്സിലാക്കുവാന്‍ ശ്രമിക്കാം.

ദൈവസ്നേഹത്തിലും നന്മയിലും ശരണം ഗമിക്കാന്‍ മനുഷ്യനെ ഹാര്‍ദ്ദാമായി പ്രേരിപ്പിക്കുകയാണ്, ക്ഷണിക്കുകയാണ് ഈ സങ്കീര്‍ത്തനം. ദൈവത്തിന്‍റെ സാന്നിദ്ധ്യത്തിലും സാമീപ്യത്തിലുമാണ് മനുഷ്യനു ജീവനും സമാധാനവും സമൃദ്ധിയും ഉണ്ടാകുന്നത് - എന്ന ബോധ്യം പദങ്ങളില്‍ നമുക്ക് വെളിപ്പെട്ടു കിട്ടുന്നു. അങ്ങനെ സങ്കീര്‍ത്തന പുസ്തകത്തിലെ ഏറ്റവും വിലമതിക്കപ്പെട്ടതും സ്നേഹിക്കപ്പെടുന്നതുമായ ‘കാവ്യശില്പ’മാണ് 23-ാം ഗീതം എന്നു വേണമെങ്കില്‍ നമുക്ക് വിശേഷിപ്പിക്കാം. ഇതിന്‍റെ വൈകാരിക മൂല്യം സ്ഥലകാലമാനങ്ങളെ അതി ലംഘിക്കുന്നതാണ്. അതിനാല്‍ ഇന്നു നാം ഈ വരികള്‍ ഉരുവിടുമ്പോഴും, പാടുമ്പോഴും അവ നമ്മെ സ്പര്‍ശിക്കുന്നു. ഏറ്റവും അധികം ഹൃദിസ്ഥമാക്കപ്പെടുന്ന ബൈബിള്‍ ഭാഗം ഈ സങ്കീര്‍ത്തനമായിരിക്കാം എന്നാണ്, ചിലരുടെ അഭിപ്രായം. ദൈവത്തിലുള്ള ശിശുതുല്യമായ ശരണത്തിനുള്ള മകുടോദാഹരണമാണിത്. അതിനാല്‍ സാഹിത്യപരമായും ആശയപരമായും മനോഹരമായ ശരണസങ്കീര്‍ത്തനവുമാണിത്.

ഇനി, ആരാണ്, ആരായിരിക്കാം ഇതിന്‍റെ മൂലകൃതി പാടി തന്നിട്ടുള്ളത്? എന്നു ചോദിക്കുകയാണെങ്കില്‍.... ദാവീദ് രാജാവെന്നു പറയാമെങ്കിലും, പുരോഹിതനോ, ദേവാലയത്തിലെ ശുശ്രൂഷയുമായി ബന്ധപ്പെട്ട ആരെങ്കിലുമോ ആയിരിക്കാം, എന്നേ നമുക്ക് അനുമാനിക്കാനാകൂ. എന്നാല്‍ ആര്, എപ്പോള്‍ പാടിയാലും വ്യക്തിയെ സ്വാധീനിക്കുകയും ജീവിതത്തെ സ്പര്‍ശിക്കുകയും ചെയ്യുന്നതാണ് ഈ സങ്കീര്‍ത്തനത്തിലെ ഓരോ പദവും വാക്യവും... അതാണ് ഈ സങ്കീര്‍ത്തനത്തെ അനശ്വരമായ പ്രാര്‍ത്ഥനയാക്കുന്നത്.

Musical Version of Psalm 23

1. കര്‍ത്താവു നല്ലോരിടയന്‍ എനിക്കൊന്നിനും കുറവില്ല
പച്ചയായ പുല്‍പ്പുറങ്ങളില്‍ അവിടുന്നെ മേയ്ക്കുന്നു
ശാന്തമാം ജല തീരത്തേയ്ക്ക് അവിടുന്നെന്ന നയിക്കുന്നു
എനിക്കു കുളിരവനേകുന്നു എനിക്കു സാന്ത്വനമേകുന്നു
- കര്‍ത്താവെന്‍റെ ഇടയന്‍

ഇനി നമുക്ക് പദങ്ങളുടെ വ്യാഖ്യാനത്തിലേയ്ക്ക് കടക്കാം. ഈ സങ്കീര്‍ത്തനത്തിലെ ശ്രദ്ധേയമായ പദമാണ്:
1. കര്‍ത്താവ് എന്‍റെ ഇടയനാണ്. കാരണം അവിടുന്ന് എന്നെ പോറ്റുകയും നയിക്കുകയും ഭരിക്കുകയും ചെയ്യുന്നു.

ജരൂസലേമില്‍ എത്തുന്ന ആരാധനാസമൂഹം യാഹ്വേയെ ദൈവത്തെ ഇസ്രായേലിന്‍റെ ഇടയനായി സദാ മഹത്ത്വപ്പെടുത്തുന്നുണ്ട് (80, 1). ഇസ്രായേലില്‍ രാജാവ് ജനത്തിന്‍റെ ഇടയനായിരുന്നു. രാജാക്കന്മാരുടെ രാജാവായ യാവേയെ ജനത്തിന്‍റെ ഇടയനായിട്ടാണ് അവര്‍ മനസ്സിലാക്കിയിരുന്നത് 79, 13.
ശക്തനും ദയാലുവുമാണ് അവിടുന്ന്. അവിടുത്തെ കര്‍ത്തൃത്വത്തില്‍, അല്ലെങ്കില്‍ നിലപാടില്‍ വ്യക്തിക്കു യാതൊരു കുറവും ഉണ്ടാവില്ല.

2. ഇനി, ഇടയന്‍ ആടുകളെ പച്ചപ്പുല്‍ തകിടികളിലേയ്ക്കും, പ്രശാന്തമായ അരുവികളിലേയ്ക്കും, ജലാശയങ്ങളിലേയ്ക്കും നയിക്കുന്നു. വിശ്രമവും ഭക്ഷണവും ജലവും ആടുകള്‍ക്ക് വേണ്ടുന്നതെല്ലാമും ഇടയന്‍ നല്കുന്നു.
ഇത് ദൈവത്തിന്‍റെ സമ്പല്‍ സമൃദ്ധിയുടെ പറുദീസയെ ഓര്‍മ്മപ്പെടുത്തുകയാണ് (ഉല്പത്തി 2, 9). കൂടാതെ, ഭാവിയിലെ ദൈവരാജ്യത്തില്‍, ദൈവസിംഹാസനത്തില്‍നിന്നും ദേവാലയത്തില്‍നിന്നും പൊട്ടിപ്പുറപ്പെടുന്ന അരുവിയെയും ഇത് അനുസ്മരിപ്പിക്കുന്നു. (എസെക്കി 47, 1-12, വെളി 22, 1). വിശ്രമത്തിന്‍റെ ജലാശയങ്ങള്‍ ദൈവം തന്‍റെ ജനത്തിന് ഉറപ്പുനല്കിയ വാഗ്ദത്തനാടിനെയും അനുവാചകരുടെ മനസ്സില്‍ വിരിയിക്കുന്നുണ്ട് (ഹെബ്രാ. 4, 1-11).

Musical Version of Psalm 23

2. എന്നെ നേര്‍വഴി കാട്ടുന്നു ഇരുളില്‍നിന്നുമകറ്റുന്നു
ഭയമേതു മെനനിക്കില്ല് അങ്ങെന്‍ കൂടെയുണ്ടല്ലോ
എനിക്കു ഭക്ഷണമെകുന്നു എന്നൈ തൈലം പൂശുന്നു
എന്‍റെ പാത്രം നിറയുന്നൂ കാരുണ്യത്താല്‍ നിറയുന്നൂ
- കര്‍ത്താവെന്‍റെ ഇടയന്‍
3. പുനര്‍ജ്ജീവിപ്പിക്കുക എന്നു പറഞ്ഞാല്‍ ഉന്മേഷവും മനസ്സുതിരിവും
മാനസാന്തരവും നവജീവനും നല്കുക എന്നാണ്. യാവേയുടെ നന്മനിറഞ്ഞ കര്‍ത്തൃത്വത്തില്‍ ഓരോരുത്തരും അവിടുത്തെ താല്പര്യവും ശ്രദ്ധയും പരിപാലനയും അനുഭവിച്ചറിയുകയാണ്. യാഹ്വേ സംരക്ഷിക്കുമെന്നും, നീതി മാര്‍ഗ്ഗത്തില്‍ നയിക്കുമെന്നും. അതായത് (ഇപ്പോള്‍ നയിക്കുന്നു, എപ്പോഴും നയിച്ചുകൊണ്ടിരിക്കുന്നു, ഇനിയും നയിക്കും, പാലിക്കും എന്നുള്ള) ശക്തമായ ബോധ്യം ആരാധകനുണ്ട് (സങ്കീ. 4, 7-8). ഈ ബോധ്യത്തിലുള്ള വിശ്വാസപൂര്‍ണ്ണമായ പ്രാര്‍ത്ഥനയാണ് ഈ സങ്കീര്‍ത്തനം.

‘കര്‍ത്താവേ, എന്‍റെ ശത്രുക്കള്‍ നിമിത്തം, എന്നെ അങ്ങയുടെ നീതി മാര്‍ഗ്ഗത്തിലൂടെ നയിക്കണമേ. എന്‍റെ മുമ്പില്‍ അങ്ങയുടെ പാത സുഗമമാക്കണമേ. തന്നെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ശത്രുക്കളോട് സങ്കീര്‍ത്തകന്‍ യുദ്ധത്തിലാണ്. എന്നാല്‍ ഇവിടെ സങ്കീര്‍ത്തകന്‍റെ ആശ്രയം ദൈവത്തിന്‍റെ സംരക്ഷണയിലും ശക്തിയിലുമാണെന്നു മാത്രം (20, 1).

നീതിയുടെ മാര്‍ഗ്ഗങ്ങളെ സത്യമാര്‍ഗ്ഗമായും, പരിശുദ്ധിയുടെ പാതയായും, പാപത്തിന്‍റെ ശക്തിക്കെതിരായ കോട്ടയായും, സ്നേഹച്ചങ്ങലയാലുള്ള ബന്ധനമായും, എളിമയുടെ പാഠങ്ങള്‍ പഠിപ്പിക്കലായും മനസ്സിലാക്കാം.
ഈ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവര്‍.... ജാഗ്രതയും സൂക്ഷ്മതയും സഹിഷ്ണുതയും പ്രാര്‍ത്ഥനയും പരിത്യാഗവും ഉള്ളവരാണ്. ദൈവം എല്ലാം ചെയ്യുന്നത് തന്‍റെ നാമത്തെ പ്രതിയാണ്. നമ്മുടെ പേരുകള്‍ക്കു ശക്തിയില്ല, വിലയില്ല. നമ്മുടെ പുണ്യവും ധര്‍മ്മവും യോഗ്യതയും നിസ്സാരമാണ്. എന്നാല്‍ ദൈവം തന്‍റെ പദ്ധതികള്‍ നിവര്‍ത്തിക്കുന്നു.


4. ഇടയന്‍ തന്‍റെ ആടുകളെ പച്ചയായ പുല്‍പ്പുറങ്ങളില്‍ മേയിക്കുന്നു.
അവ പുല്ലു മേഞ്ഞു നടക്കുകയായിരിക്കാം, എങ്കിലും അപകടം എങ്ങും പതിയിരിപ്പുണ്ട്. ഇടന്‍റെ സംരക്ഷണ ശക്തിയും ജാഗ്രതയുമാണ് അവരെ കാത്തുപാലിക്കുന്നത്. പുല്‍മേടുകളും ജലാശയങ്ങളും തേടിപ്പോകുമ്പോള്‍ ഇരുളടഞ്ഞ താഴ്വാരകള്‍ കന്നുപോകേണ്ടിവരും. മരണത്തിന്‍റെ നിഴല്‍ വീണ താഴ്വാരങ്ങളുമുണ്ടാകാം. അവിടം ഇരുണ്ടതും അപകടം പതിയിരിക്കുന്നതുമാണ് – ജീവിതത്തിലെ വലിയ പരീക്ഷകളായും തീരാത്ത ദുഃഖമായും, തോരാത്ത കണ്ണീരായും അതിനെ മനസ്സിലാക്കാം. പക്ഷേ, സങ്കീര്‍ത്തകന്‍ ഇരുണ്ട മലമടക്കിലും അപകടങ്ങളെ ഭയപ്പെടുന്നില്ല, കാരണം തന്‍റെ പ്രത്യാശ കര്‍ത്താവിലാണ്. അവിടുന്നു തന്‍റെ ഇടയനാണ്, നാഥനാണ്!

Musical Version of Psalm 23

3. ജീവിതകാലമൊക്കെയും നാഥനു നന്ദിപറഞ്ഞീടാം
കര്‍ത്താവിന്നുടെ ഭവനത്തില്‍ ദീര്‍ഘകാലം പാര്‍ത്തിടാം
നന്മയും കാരുണ്യവും എന്നുമെന്നെ പിന്‍തുടരും
കര്‍ത്താവിന്‍റെ ഗേഹത്തില്‍ എന്നും ഞാന്‍ വസിച്ചീടാം.
- കര്‍ത്താവെന്‍റെ ഇടയന്‍

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ അവതരിപ്പിച്ച വത്തിക്കാന്‍ റേഡിയോയുടെ വചനവീഥി എന്ന ബൈബിള്‍ പഠനപരിപാടിയാണ്.

എക്കാലത്തും മനുഷ്യമനസ്സുകള്‍ക്ക് കുളിര്‍മ്മയും പ്രത്യാശയും നല്കിയിട്ടുള്ള 23-ാമത്തെ സങ്കീര്‍ത്തനത്തിന്‍റെ ബാക്കിയുള്ള പദങ്ങളുടെ വ്യാഖ്യാന പഠനം അടുത്തയാഴ്ചയില്‍....








All the contents on this site are copyrighted ©.