2016-05-02 19:13:00

ക്രൈസ്തവസാക്ഷ്യത്തിന്‍റെ വിലയാണ് പീഡനം : പാപ്പാ ഫ്രാന്‍സിസിന്‍റെ വചനവിചാരം


മെയ് 2-ാം തിയതി തിങ്കളാഴ്ച, പേപ്പല്‍ വസതി സാന്താമാര്‍ത്തിയലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  പീഡനങ്ങള്‍ വിവിധ തരത്തിലാണ്. വലുതായ ശാരീരിക പീഡനങ്ങളാവാം, അല്ലെങ്കില്‍ മുറുമുറുപ്പിന്‍റെയും വിമര്‍ശനത്തിന്‍റെയും ചെറുതായ പീഡനങ്ങളുമാകാമെന്ന് പാപ്പാ പ്രസ്താവിച്ചു. ക്രിസ്തുവിന്‍റെ സാക്ഷികളാകാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്.

പരിശുദ്ധാത്മാവിനാല്‍ പ്രേരിതയായി പൗലോസില്‍നിന്നു വിശ്വാസം സ്വീകരിച്ച പട്ടുവ്യാപാരിയായിരുന്ന സ്ത്രീ, ലീദിയായുടെയും കുടുംബത്തിന്‍റെയും കഥ അപ്പസ്തോല നടപടി പുസ്തകത്തില്‍നിന്നും (നടപടി 16, 11-15) വ്യാഖ്യാനിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഇങ്ങനെ പങ്കുവച്ചത്. ക്രിസ്തുവിന് സാക്ഷ്യംപറയുന്ന പൗലോസ്ലീഹാ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് പറയുന്ന ലീദിയായുടെ പ്രേരകനും വിശ്വാസത്തിന്‍റെ പ്രയോക്താവും പരിശുദ്ധാത്മാവാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു. യേശു കര്‍ത്താവാണ്, രക്ഷകനാണെന്ന വചനം പൗലോസില്‍നിന്നുമാണ് കേള്‍ക്കുന്നതെങ്കിലും, അതിനെക്കുറിച്ചുള്ള ബോധ്യം ലീഡിയായ്ക്കു നല്കുന്നത് കര്‍ത്താവിന്‍റെ അരൂപിയാണ്. അങ്ങനെ ക്രിസ്തുവിലേയ്ക്കു നമ്മെ അടുപ്പിക്കുന്ന ഹൃദയത്തിന്‍റെ സ്പന്ദനങ്ങള്‍ ഉണര്‍ത്തുന്നത് പരിശുദ്ധാത്മാവാണെന്ന് പാപ്പാ വിശദീകരിച്ചു.

ക്രിസ്തുവിനെക്കുറിച്ചുള്ള പ്രേരണനല്ക്കുന്ന പ്രയോജകരായ പരിശുദ്ധാത്മാവ്, നമ്മെ ക്രിസ്തു സാക്ഷികളാക്കുന്നു. ക്രിസ്തുതന്നെ അതിനെക്കുറിച്ച് പറയുന്നത്, പാപ്പാ ചൂണ്ടിക്കാട്ടി എന്നെപ്രതി സംസാരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ പീഡിപ്പിക്കപ്പെടുമെന്ന് ക്രിസ്തു ശിഷ്യന്മാരോട് പ്രസ്താവിച്ചിട്ടുണ്ട്. അങ്ങനെ ക്രിസ്തുസാക്ഷ്യം ചെറുതും വലുതുമായ പീഡനങ്ങള്‍ക്ക് വഴിതെളിക്കുമെന്നതില്‍ സംശയമില്ല.

ക്രിസ്തു ശിഷ്യര്‍ക്കെതിരായ പരദൂഷണങ്ങള്‍, പിറുപിറുപ്പുകള്‍ ആരോപണങ്ങള്‍ തുടങ്ങി, ജയില്‍ വാസം പീഡനങ്ങള്‍ എന്നിവ പണ്ടെന്നപോലെ ഇന്നും ലോകത്ത് നടക്കുന്നുണ്ടെന്ന് പാപ്പാ വ്യക്തമാക്കി. സഭാചരിത്രത്തില്‍ ഉടനീളം പീഡനങ്ങളുടെ കഥകള്‍ സര്‍വ്വസാധാരണമാണെന്ന് പാപ്പാ പരാമര്‍ശിച്ചു. ദേവാലയങ്ങളില്‍നിന്നും ക്രൈസ്തവര്‍ വലിച്ചിഴക്കപ്പെടുന്നു. ദൈവനാമത്തെപ്രതി ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന അവസരങ്ങളുണ്ട്. ക്രൈസ്തവന്‍ സാക്ഷിയാകുന്നത് പരിശുദ്ധാത്മാവിന്‍റെ കൃപയാലാണ്. ഉത്ഥിതനായ ക്രിസ്തു ജീവിക്കുന്നു, ഇന്നും എന്നും ജീവിക്കുന്നു! അവിടുന്നു നമ്മോടൊപ്പമുണ്ട്. അവിടുന്ന് ദിവ്യബലിയിലൂടെ തന്‍റെ മരണവും ഉത്ഥാനവും അനുദിനം നമ്മോടൊപ്പം പരികര്‍മ്മംചെയ്യുന്നുണ്ട്. അങ്ങനെ പ്രതിസന്ധികള്‍ക്കും പീഡനങ്ങള്‍ക്കും മുന്നില്‍ ക്രിസ്തുസാക്ഷ്യം ഇന്നും തുടരുന്നു!

ക്രിസ്തുസാക്ഷ്യം വാക്കാലല്ല, നാം ജീവിതത്തില്‍ പകര്‍ത്തേണ്ടതാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ക്രിസ്തു പഠിപ്പിച്ചതും കല്പിച്ചതുംപ്രകാരം ജീവിച്ചുകൊണ്ട് അവിടുത്തെ സാക്ഷികളാകുന്നതിനുള്ള പരിശുദ്ധാത്മവരത്തിനായി പ്രാര്‍ത്ഥിക്കാം. ലൗകായത്വവും സുഖലോലുപതയും, ‘നുണയുടെ പിതാവിന്‍റെ പ്രേരണകള്‍, പൈശാചികമായ പ്രേരണകള്‍ നമ്മെ ക്രിസ്തുസാക്ഷ്യത്തില്‍നിന്നും അകറ്റാതിരിക്കട്ടെ, എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.