2016-07-04 20:21:00

ദൈവത്തിനും മാനവികതയ്ക്കും എതിരാണ് ഭീകരാക്രമണം


ബംഗ്ലാദേശിലെ ‍ധാക്കയില്‍ ജൂലൈ 2-ാം തിയതി ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അതിയായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് സന്ദേശമയച്ചു. ദൈവത്തിനും മാനവികതയ്ക്കും എതിരായ തിന്മയെന്ന് ഭീകരാക്രമണത്തെ പാപ്പാ വിശേഷിപ്പിക്കുകയും, അതിക്രമത്തെ അപലപ്പിക്കുകയും ചെയ്തു. ബംഗ്ലാദിശിന്‍റെ പ്രസിഡന്‍റ്, അബ്ദുള്‍ ഹമീദിനാണ് പാപ്പാ അനുശോചനസന്ദേശം അയച്ചത്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും  സന്ദേശത്തിലൂടെ പാപ്പാ അനുശോചനം അറിയിക്കുകയും, പ്രാര്‍ത്ഥനനേരുകയും ചെയ്തു.

ജൂലൈ 2-ാം തിയതി ശനിയാഴ്ച രാത്രിയില്‍ ജനത്തിരക്കുള്ള ധാക്ക നഗരമദ്ധ്യത്തിലാണ് സംഭവം നടന്നത്. പ്രത്യേകിച്ച് വിദേശികള്‍ ധാരാളം എത്തുന്ന വലിയ ഹോട്ടല്‍ സമുച്ചയത്തിലായിരുന്നു ഭീകരാക്രമണം. അന്നത്തെ റമദാന്‍ ഉപവാസം അവസാനിപ്പിച്ച് രാത്രിയില്‍ ഭക്ഷണംകഴിച്ചിരുന്ന ഏതാനും കുറെ ബംഗ്ലാദേശികളും, പിന്നെ അധികവും വിദേശികളുമായി 25-പേരാണ് ഇസ്ലാമിക ഭീകരരുടെ മൃഗീയതയ്ക്ക് ഇരയായത്.

‍ഞായറാഴ്ച (ജൂലൈ മൂന്നാം തിയതി) മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ ധാക്കാ, ബാഗ്ദാദ് എന്നിവിടങ്ങളില്‍ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തെക്കുറിച്ച് ജനങ്ങളെയും ലോകത്തെയും പാപ്പാ ഓര്‍മ്മപ്പെടുത്തി. മാനവിതയ്ക്കും ദൈവത്തിനും നിരക്കാത്ത പ്രവൃത്തിയെ പാപ്പാ അപലപിച്ചു. എന്നാല്‍ വിദ്വേഷത്താല്‍ അന്ധരായ അതിക്രമികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ ജനങ്ങളെ ഉദ്ബോധിപ്പിച്ചു. തുടര്‍ന്ന് അല്‍പനേരം മൗനം പാലിച്ചശേഷം, ജനങ്ങള്‍ക്കൊപ്പം ഒരു “നന്മനിറഞ്ഞ മറിയമേ...!” എന്ന പ്രാര്‍ത്ഥന പാപ്പാ ചൊല്ലിക്കി. ചത്വരം തിങ്ങിനിന്ന ആയിരങ്ങള്‍ പ്രത്യുത്തരിച്ചു. ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന പരിപാടി ഭീകരതയ്ക്കെതിരായ പ്രാര്‍ത്ഥനയോടെ സമാപിച്ചു.  








All the contents on this site are copyrighted ©.