2016-07-23 12:13:00

സാരസാന്ദ്രമാകുന്ന ഓഷ്വിറ്റസ് – ബിര്‍കെനവു സന്ദര്‍ശനം


     പോളണ്ടില്‍ നാസികള്‍ യഹൂദരെ കൂട്ടക്കുരുതികഴിച്ച ഇടങ്ങളായ ഓഷ്വിറ്റസ് – ബിര്‍കെനവു എന്നീ തടങ്കല്‍ പാളയങ്ങളില്‍ പാപ്പാ നടത്താന്‍പോകുന്ന സന്ദര്‍ശനം അപരനോടുള്ള ആദരവ് ജീവനോടുള്ള ആദരവ് തുടങ്ങിയ ഉന്നതമൂല്യങ്ങള്‍ വീണ്ടും കണ്ടെത്തുന്നതിനും അവയെ സംരക്ഷിക്കുന്നതിനുമുതകുന്ന ആത്മശോധനാ പ്രക്രിയയുടെ അടയാളമായി ഭവിക്കുമെന്ന് ഇറ്റലിയിലെ യഹൂദസമൂഹത്തിന്‍റെ നേത്രി നൊയേമി ദി സേഞ്ഞി.

     ആഗോളസഭാതലത്തില്‍ ആചരിക്കപ്പെടുന്ന മുപ്പത്തിയൊന്നാം ലോകയുവജന സംഗമത്തില്‍ സംബന്ധിക്കുന്നതിന് ഈ വരുന്ന 27ന് (27/07/16) പോളണ്ടിലെ ക്രക്കോവ് നഗരത്തിലെത്തുന്ന ഫ്രാന്‍സീസ് പാപ്പാ ഇരുപത്തിയൊമ്പതാം തീയതി വെള്ളിയാഴ്ച (29/07/16) ഈ കഠിനാദ്ധ്വന തടങ്കല്‍ പാളയങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചുകൊണ്ട് ഇറ്റലിയിലെ യഹൂദസമൂഹത്തിന്‍റെ നാമത്തില്‍ പാപ്പായ്ക്കെഴുതിയ കത്തിലാണ്  ഈ പ്രസ്താവനയുള്ളത്.

     ഔപചാരിക പ്രഭാഷണം ഒഴിവാക്കി ഈ സന്ദര്‍ശനത്തിന്‍റെ  ആന്തരികഭാവത്തിനൂന്നല്‍ നല്കുന്ന അഗാധവും സുദീര്‍ഘവുമായ നിശബ്ദതയില്‍ അതു അരങ്ങേറുമെന്നത് ഏറെ സാരസാന്ദ്രമാണെന്ന് പറഞ്ഞുകൊണ്ട് പാപ്പായുടെ ഈ സന്ദര്‍ശന ശൈലിയില്‍ നൊയേമി ദി സേഞ്ഞി സംതൃപ്തി പ്രകടിപ്പിക്കുന്നു.

     ആ മണ്ണില്‍ നിന്ന് തിരിച്ചെത്താന്‍ കഴിയാതിരുന്ന അനേകരായ കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും യുവതീയുവാക്കളുടെയും പുരുഷന്മാരുടെയും രോദനത്തെയും വേദനയെയും മാറ്റൊലികൊള്ളിക്കുന്ന ഒരു  പ്രാര്‍ത്ഥനാരൂപമായിരിക്കും ഈ സന്ദര്‍ശനമെന്നും അവര്‍ എഴുതുന്നു.

     തങ്ങള്‍ പിന്‍ചെല്ലുന്ന ആദര്‍ശങ്ങളും ആദ്ധ്യാത്മികതയും സാസ്കാരികപൈതൃകവും എന്തുതന്നെയുമായിക്കൊള്ളട്ടെ അവയെ ഉലംഘിച്ചുനിന്നുകൊണ്ട് സകലപൗരന്മാര്‍ക്കും മാതൃകയേകാന്‍ എല്ലാ മതനേതാക്കളും എന്നത്തേയുംകാളുപരിയായി ഇന്നു വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് നൊയേമി ദി സേഞ്ഞി തന്‍റെ കത്തില്‍ അനുസ്മരിക്കുന്നു.








All the contents on this site are copyrighted ©.