2016-09-19 09:12:00

“പൊതുഭവനമായ ഭൂമിയോടു കരുണയുള്ളവരായിരിക്കാം…”


സെപ്തംബര്‍ ഒന്നാം തിയതിയാണ് “സൃഷ്ടിയുടെ സംരക്ഷണയ്ക്കായുള്ള പ്രാര്‍ത്ഥനാദിനം” ലോകമെമ്പാടും അനുവര്‍ഷം ആചരിക്കപ്പെടുന്നത്. സൃഷ്ടിയുടെ പ്രയോക്താക്കളും സംരക്ഷകരുമാകാനുള്ള വ്യക്തികളുടെയും സമൂഹങ്ങളുടെയും വിളി ദൃഢപ്പെടുത്തുന്ന ദിവസമാണിത്. ഒപ്പം നമ്മുടെ സംരക്ഷണയ്ക്കും ഉപയോഗത്തിനുമായി ദൈവം ഭരമേല്പിച്ച മനോഹരമായ ഭൂമിക്കും പ്രകൃതിക്കും നന്ദിപറയുന്നൊരു ദിവസവുമാണിത്. “സൃഷ്ടിയെ സംരക്ഷിക്കുന്നതിനുള്ള അവബോധത്തിനും കൃപയ്ക്കുമായി യാചിക്കുന്നതൊടൊപ്പം, നാം അതിനെ മോശമാക്കുകയും നശിപ്പിക്കുകയും ചെയ്യതതിന് ദൈവത്തോട് മാപ്പു യാചിക്കാനുമുള്ള ഒരുവസരമാണിത്” (1).

പൊതുഭവനമായ ഭൂമിയോടു കരുണയുള്ളവരായി ജീവിക്കണം എന്നാണ് സൃഷ്ടിയുടെ സംരക്ഷണയ്ക്കുള്ള പ്രാര്‍ത്ഥനാദിനത്തിന്‍റെ സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് നമ്മെ ഉദ്ബോധിപ്പിക്കുന്നത്. ഭൂമിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക എല്ലാവരുടേതുമാണ്. നമ്മുടെ ഉപഗ്രഹത്തിന്‍റെ ഉപായസാധ്യതകളുടെ ദുരുപയോഗത്തെക്കുറിച്ചും,  അതു നശിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും കഴിഞ്ഞ നൂറ്റാണ്ടുകളില്‍ മതനേതാക്കളും വിവിധ പ്രസ്ഥാനങ്ങളും സംഘടനകളും ജനങ്ങള്‍ക്ക് താക്കീതുനല്‍കുകയും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്തിട്ടുണ്ട്. പ്രകൃതിയുടെ വിനാശവും, അതു കാരണമാക്കുന്ന മനുഷ്യരിലെ ആത്മീയവും ധാര്‍മ്മികവുമായ അധഃപതനവും എക്കാലത്തും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്.

സൃഷ്ടിയുടെ സമഗ്രതയെക്കുറിച്ചുള്ള ആശങ്കയോടെ 2007-ാമാണ്ടില്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ റൊമേനിയയിലെ സിബ്യൂ നഗരത്തില്‍ സംഗമിച്ച ക്രൈസ്തവൈക്യ സമ്മേളനം സൃഷ്ടിയുടെ പരിപാലനത്തിനുള്ള സമയം  (The time for Creation) എന്ന പേരില്‍ എല്ലാവര്‍ഷവും അഞ്ച് ആഴ്ചകള്‍ മാറ്റിവച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. സെപ്തംബര്‍ 1-ാം തിയതി മുതല്‍, പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായി ലോകം അംഗീകരിക്കുന്ന അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ തിരുനാളായ  ഒക്ടോബര്‍ 4-ാം തിയതിവരെയുള്ള അഞ്ച് ആഴ്ചകളാണ് എല്ലാവര്‍ഷവും സൃഷ്ടിയുടെ സംരക്ഷണം എന്ന നിയോഗത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

ഈ നിര്‍ദ്ദേശം ലോകത്തുള്ള വിവിധ വിശ്വാസസമൂഹങ്ങള്‍ അംഗീകരിക്കുകയും, തദ്ഫലമായി ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ പരിസ്ഥിതിയുടെയും, പിന്നെ ഭൂമിയുടെ സമ്പത്തുക്കളുടെയും സംരക്ഷണത്തിന്‍റെ മേഖലയില്‍ ഫലവത്തായ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും കുറെയെങ്കിലും യാഥാര്‍ത്ഥ്യമാക്കപ്പെട്ടിട്ടുണ്ട്. പാരിസ്ഥിതികമായ നീതി നടപ്പിലാക്കുന്നതിനും, പാവപ്പെട്ടവരോട് പ്രതിപത്തി വളര്‍ത്തുന്നതിനും സഹായകമാകുന്ന ഉത്തരവാദിത്വപൂര്‍ണ്ണമായ പദ്ധതികള്‍ ആവിഷ്ക്കരിക്കപ്പെടുന്നതില്‍ കൂട്ടായ പരിശ്രമങ്ങള്‍ സഹായകമാണ്. അതുപോലെ ഭൂമി സകലരുടെയും പൊതുഭവനമാകയാല്‍ അതിലെ ഉപായസാധ്യതകളും സമ്പത്തുക്കളും പൊതുവായി ഉപോയഗിക്കപ്പെടണം, പങ്കുവയ്ക്കപ്പെടണം. ഇങ്ങനെ പരിസ്ഥിതി സംബന്ധിയായ സംരക്ഷണ സന്ദേശവുമായി വ്യത്യസ്ത മതസമൂഹങ്ങളും, ധാരാളം സാമൂഹ്യപ്രതിബദ്ധതയുള്ളവരും, പ്രത്യേകിച്ച് യുവജനങ്ങള്‍ ലോകത്തെവിടെയും ഇറങ്ങി പുറപ്പെട്ടിട്ടുണ്ട് എന്ന വസ്തുത പ്രത്യാശ പകരുന്ന കാര്യമാണ്.

 “ലോകത്തിന്നു സംഭവിക്കുന്ന പരിസ്ഥിതി വിനാശത്തെക്കുറിച്ചും, അതു സൃഷ്ടിക്കുന്ന ദാരിദ്ര്യാവസ്ഥ, വര്‍ദ്ധിച്ചുവരുന്ന പാവങ്ങളായ ജനങ്ങള്‍ എന്നിവയെക്കുറിച്ച് ലോകത്തുള്ള സകലരോടും സംവദിക്കാന്‍ ആഗ്രഹിക്കുന്നു” (Laudato Si’ ) എന്നാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിന്‍റെ ആദ്യഭാഗത്ത് പ്രസ്താവിക്കുന്നത്. സ്രഷ്ടാവായ ദൈവം നമുക്കു തന്ന ഭൂമി സമ്പന്നവും മനോഹരവുമായ ഒരു പൂന്തോട്ടമാണെങ്കിലും നാം അതിനെ “ഒരു തരിശുഭൂമിയും, അവശിഷ്ടങ്ങളുടെയും അഴുക്കിന്‍റെയും മാലിന്യങ്ങളുടെയും കൂമ്പാരമാക്കിയും മാറ്റിയിട്ടുണ്ട്” (ibid., 161). നിരുത്തരവാദിത്വപരവും സ്വാര്‍ത്ഥവുമായ ഭൂമിയുടെ ഉപയോഗംമൂലം നാം തന്നെ കാരണമാക്കുന്ന പരിസ്ഥിതി വിനാശത്തോടും ജൈവവൈവിധ്യങ്ങളുടെ വംശനാശത്തോടും നിസംഗരായിരിക്കാനോ, അവയ്ക്കുനേരെ കണ്ണടയ്ക്കാനോ സാദ്ധ്യമല്ല.

മനുഷ്യന്‍റെ അനാസ്ഥയും അശ്രദ്ധയുംകൊണ്ട് ആയിരക്കണക്കിന് ജന്തുക്കളും സസ്സ്യലതാദികളും തങ്ങളുടെ സ്രഷ്ടാവായ ദൈവത്തെ പ്രകീര്‍ത്തിക്കാനാവാത്ത അനാസ്തിത്വത്തിന്‍റെ അവസ്ഥാവിശേഷം ഇന്നു ഭൂമിയില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അവ പാടെ കെട്ടടങ്ങിയിരിക്കുന്നു! വംശനാശം ഭവിച്ചിരിക്കുന്നു!! ഇങ്ങനെ ചെയ്യാന്‍ ആര്‍ക്കാണ് അധികാരം? ഇല്ല, ജീവജാലങ്ങളെ നശിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല. അവ നമ്മെപ്പോലെ ദൈവത്തിന്‍റെ സൃഷ്ടിയല്ലേ! (ibid., 33).  ഭാഗികമായി മനുഷ്യന്‍ തന്നെ കാരുണമാക്കുന്ന ആഗോളതാപനത്തിന്‍റെ കഠിനവും അസഹ്യവുമാകുന്ന പ്രതിഭാസം വളരുകയും, വര്‍ദ്ധിക്കുകയും, ഭൂമുഖത്തെ മനുഷ്യജീവിതം ക്ലേശകരമായിത്തീരുകയും ചെയ്യുന്നു. 2015-ാമാണ്ട് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആഗോള താപനില കാണിച്ചപ്പോള്‍, 2016-ല്‍ ഇനിയും ഉയര്‍ന്ന ആഗോള താപവാസ്ഥയായിരിക്കും എന്നാണ് വിദഗ്ദ്ധാഭിപ്രായം. ഭൂമിയെ ദുരുപയോഗിക്കുന്നതു വഴി, അതില്‍ വസിക്കുന്ന മനുഷ്യരെയും ജീവിജാലങ്ങളെയും നാം ഉപദ്രവിക്കുകയാണ്. അതേസമയം, ദൈവത്തിന്‍റെ ഓരോ സൃഷ്ടിക്കും എന്നും ആദരിക്കപ്പെടേണ്ട മൗലികവും നൈസര്‍ഗ്ഗികമായ മൂല്യമുണ്ട്, എന്ന സത്യം നാം എപ്പോഴും ഓര്‍മ്മിക്കേണ്ടതാണ്. അതിനാല്‍, കാലത്തിന്‍റെ ക്ലേശങ്ങളോട് ഉചിതമായും സമയബദ്ധമായും പ്രതികരിക്കുകയാണെങ്കില്‍, “നാം ഭൂമിയുടെയും അതിലെ പാവങ്ങളുടെയും ക്ലേശിക്കുന്നവരുടെയും രോദനം ഇനിയും കേള്‍ക്കേണ്ടതുണ്ട്” (ibid., 49). ഒപ്പം മറ്റു ജീവജാലങ്ങളെയും പരിരക്ഷിക്കേണ്ട കടമയുണ്ടെന്ന കാര്യവും മറന്നുപോകരുത്.

ന്യായമായും സന്തുലിതമായും ഉഴുത് ഉപയോഗിക്കാനാണ്, (ഉല്പത്തി 2, 15) സ്രഷ്ടാവായ ദൈവം മനുഷ്യനെ ഭൂമി ഭരമേല്പിച്ചത്. എന്നാല്‍ ഭൂമിയുടെയും പ്രകൃതിയുടെയും സുസ്ഥിതി മാനിക്കാതെ അത് ഉപയോഗിക്കുന്നതും, ദുര്‍വ്യയംചെയ്യുന്നതും പാപമാണ്. അശ്രദ്ധമായും സ്വാര്‍ത്ഥമായും മനുഷ്യര്‍ ഭൂമി ഉപയോഗിക്കുന്ന രീതി സസ്യലതാദികളുടെയും ജന്തുക്കളുടെയും ജൈവവൈധ്യങ്ങളുടെ തന്നെ വംശനാശത്തിന് കാരണമാക്കിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം ഉണ്ടാകത്തക്കവിധത്തില്‍ വനനശീകരണം വരുത്തുക, ഹരിതഭൂമി കൈയ്യേറുക, മല വെട്ടിനിരത്തുക, പുഴകളില്‍ മാലിന്യനിക്ഷേപം നടത്തുക, അവയുടെ ഗതിയെ നശിപ്പിക്കും വിധം മണ്ണുമാന്തിയെടുക്കുക എന്നിവ സൃഷ്ടിക്കെതിരായ പാപംതന്നെയാണ്. ഭൂമിയിലെ ജലാശയങ്ങളും, കരയും പുഴയും ചുറ്റുപാടുകളും മലിനീകരിക്കുന്ന വിധത്തില്‍ ഉപയോഗിക്കുന്നതും പാപമാണ്. ദൈവത്തിന്‍റെ സൃഷ്ടിയായ പ്രകൃതിക്ക് വിരുദ്ധമായി ചെയ്യുന്ന എല്ലാ പ്രവൃത്തികളും  ദൈവത്തിനെതിരായ പാപമാണ് (cf.2). ദൈവത്തോട് ഏറ്റുപറയേണ്ട തിന്മയാണ്.  പൊതുഭവനമായ ഭൂമിയില്‍ ഇന്നു നടമാടുന്ന അതിക്രമങ്ങളും തിന്മകളും കണക്കിലെടുക്കുമ്പോള്‍ കാരുണ്യത്തിന്‍റെ ജൂബിലവത്സരത്തില്‍ ക്രൈസ്തവമക്കള്‍ അനുരജ്ഞനത്തിന്‍റെ കൂദാശയുടെ സഹായത്താല്‍ ആഴമായ ആന്തരീക പരിവര്‍ത്തനത്തിന് തയ്യാറാകേണ്ടതാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുകയും നമ്മേടേ ആവശ്യപ്പെടുകയും ചെയ്യുന്നു  (LS, 217).

സൃഷ്ടിക്കും സൃഷ്ടിജാലങ്ങള്‍ക്കും എതിരായി നാം ഇത്രയുനാള്‍ ചെയ്തിട്ടുള്ള തിന്മകള്‍ ദൈവസന്നിധിയില്‍ ഏറ്റുപറയുകയോ, പാപസങ്കീര്‍ത്തനം ചെയ്യുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഈ ജൂബിലി വത്സരത്തില്‍ അവയ്ക്കെല്ലാം ദൈവത്തോടു മാപ്പും കാരുണ്യവും യാചിക്കാം. ഒപ്പം പാരിസ്ഥിതികമായ സുസ്ഥിതിക്കായി നമ്മുടെ അയല്‍ക്കാരോടും, സൃഷ്ടിയോടും, സൃഷ്ടാവായ ദൈവത്തോടും ഉത്തരവാദിത്വപൂര്‍ണ്ണമായി പെറുമാറാന്‍ പ്രതിജ്ഞാബദ്ധരാകാം (LS 10, 229).   + പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രകൃയയില്‍ ഒരു ആത്മശോധന ഇന്ന് അനിവാര്യമാണ്. പ്രപഞ്ചം ദൈവത്തിന്‍റെ ദാനമാണെന്ന അവബോധത്തോടെ, നന്ദിയും ആദരവുമുള്ള ഒരു മനോഭാവത്തോടെയായിരിക്കണം പ്രകൃതിയോടുള്ള നമ്മുടെ സമീപനരീതിയെ വിലയിരുത്തേണ്ടത്. ദൈവം നമ്മോടു കാണിക്കുന്ന കാരുണ്യവും ഔദാര്യവും നാം അംഗീകരിക്കണം, അതുവഴി സഹോദരങ്ങളോട് ഉദാരമായും, ത്യാഗപൂര്‍ണ്ണമായും അവര്‍ക്ക് നന്മചെയ്തുകൊണ്ട് പരസ്പരം സഹായിച്ചും ഈ ഭൂമിയ്ല്‍ വസിക്കാനാണ് പരിശ്രമിക്കേണ്ടത്.

സൃഷ്ടികളില്‍നിന്നും, അതായത് മറ്റു ജീവജാലങ്ങളില്‍നിന്നും അകന്നിരിക്കേണ്ടവരല്ല നാം, മറിച്ച് ഭൂമിയാകുന്ന വലിയ തറവാട്ടിലെ സഹജീവികളാണു നാം, എന്ന സ്നേഹമസൃണമായ ഓര്‍മ്മപ്പെടുത്തലോടെയാണ് ഈ ആത്മശോധന ചെയ്യേണ്ടത്. ഈശ്വരവിശ്വാസികളായ സകലരും സവിശേഷമായ കൂട്ടായ്മയുടെ പ്രാപഞ്ചിക വീക്ഷണമാണ് കൈക്കൊള്ളേണ്ടത്. ഭൂമിയെ പുറമെനിന്നും വീക്ഷിക്കുന്നതിനു പകരം നാം അതിന്‍റെ ഭാഗമാണെന്ന കാഴ്ചപ്പാട് വളര്‍ത്തിയെടുക്കണം. കാരണം, പിതാവായ ദൈവം നമ്മെ ഈ ഭൂമിയിലെ സകലജീവജാലങ്ങളുമായി ബന്ധപ്പെടുത്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അങ്ങനെയാണ് അവിടുന്ന് നമുക്ക് ജീവന്‍ നല്കിയിരിക്കുന്നതും. ഈ അവബോധത്തിലാണ് നാം ജീവിക്കേണ്ടതും വളരേണ്ടതും (220). ഇങ്ങനെയുള്ളൊരു ചിന്തയുണ്ടെങ്കില്‍ പ്രകൃതിയോടു നാം ചെയ്തിട്ടുള്ള ചെറുതും വലുതുമായ അപരാധങ്ങള്‍ ഏറ്റുപറയാനും, അവ തിരുത്താനും സാധിക്കും. കാരണം ദൈവം കരുണാര്‍ദ്രനാണ്, സ്നേഹസമ്പന്നനാണ്.

സമ്പത്തിനോടുള്ള അത്യാര്‍ത്തിയും അതു കാരണമാക്കുന്ന അമിതമായ ലഭേച്ഛയുമാണ് നാം ഇന്നു കാണുന്ന പാരിസ്ഥിതിക വിനാശത്തിനു കാരണം. ഉദാഹരണത്തിന്, ലാഭേച്ഛയോടെ മാത്രം പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ ഖനികളും, ഖനന വ്യാവസായങ്ങളും ശ്രദ്ധിക്കേണ്ടവയാണ്. പിന്നെ പുഴകളും കായലോരങ്ങളും മലീമസമാക്കുന്ന രീതിയില്‍ വിഷംവമിച്ചുകൊണ്ട് അവയുടെ ഓരത്തു സ്ഥിതിചെയ്യുന്ന മറ്റു വ്യവസായ സമുച്ഛയങ്ങളും അപകടകരങ്ങളായി മാറിയിട്ടുണ്ട്. പരിസ്ഥിതി വിനാശം മാത്രമല്ല, മനുഷ്യജീവിതത്തെ അടിസ്ഥാനപരമായി ബാധിക്കുന്ന അന്തരീക്ഷ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, കുടിയിറക്കല്‍, രോഗങ്ങള്‍, വര്‍ദ്ധിച്ച മരണനിരക്ക് എന്നിവയ്ക്ക് അവ കാരണമാക്കുന്നുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കന്നു.

മനുഷ്യകുലം ഇന്ന് അനുഭവിക്കുന്ന പരിസ്ഥിതി സംബന്ധിയായ പ്രശ്നങ്ങള്‍ മറികടക്കുന്നതില്‍ ഈ തലമുറ തങ്ങളുടേതായ പങ്കുവഹിക്കേണ്ടതുണ്ട്. പ്രകൃതി പരിപാലനയുടെ പാഠങ്ങള്‍ നമ്മുടെ നല്ല പൈതൃകത്തില്‍നിന്നും സംസ്ക്കാരിക പാരമ്പര്യത്തില്‍നിന്നും ഉള്‍ക്കൊള്ളേണ്ടതാണ്. ഈശ്വരനില്‍ വിശ്വസിക്കുന്നവര്‍ക്ക് ഭൗതിക ജീവനില്‍നിന്നോ, ചുറ്റുമുള്ള പ്രകൃതിയില്‍നിന്നോ, സൃഷ്ടികളില്‍നിന്നോ വേറിട്ടു നില്ക്കാനാവില്ല. കാരണം മനുഷ്യന്‍റെ ആത്മീയജീവന്‍ എന്നു പറയുന്നത് പ്രപഞ്ത്തിലും അതോടൊപ്പവും കൂട്ടായ്മയില്‍ ജീവിക്കുന്നതാണ് (അങ്ങേയ്ക്കു സ്തുതി, 216).  ‌അതിനാല്‍ ഇന്നി‍ന്‍റെ പരിസ്ഥിതി പ്രശ്നങ്ങള്‍ നമ്മെ ആഴമായ ആത്മീയ പരിവര്‍ത്തനത്തിന് ക്ഷണിക്കുന്നു:

നമ്മുടെ ഉപയോഗത്തിനും സംരക്ഷണയ്ക്കും ദൈവം ഭരമേല്പിച്ച അത്ഭുതാവഹമായ സൃഷ്ടിക്ക് അവിടുത്തോട് നന്ദിപറയാം. നാം ലക്ഷ്യവയ്ക്കുന്ന മൗലികമായ പരിസ്ഥിതി സംരക്ഷണവും, പൊതുഭവനമായ ഭൂമിയുടെ പരിപാലനയും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കൂട്ടായ്മ അനിവാര്യമാണ്. അതിനാല്‍ ജാതിമതഭേദമെന്യേ നാം കൈകോര്‍ക്കേണ്ടിയിരിക്കുന്നു. മുതലാളിയെന്നോ തൊഴിലാളിയെന്നോ, ധനവാനെന്നോ ദരിദ്രനെന്നോ, പ്രാവയമായവരെന്നോ ചെറുപ്പക്കാരെന്നോ ഉള്ള വകഭേദമോ വ്യത്യാസമോ കണക്കിലെടുക്കാതെ, നാം ഒത്തൊരുമിച്ചും, പരസ്പരം സഹകരിച്ചും, ഭൂമിയെ പരിചരിക്കുവാനും സംരക്ഷിക്കുവാനുമായി കൈകോര്‍ക്കേണ്ടിയിരിക്കുന്നു. ഈ ലക്ഷ്യപ്രാപ്തിക്ക് കൂട്ടായ്മ അനിവാര്യമാണ്. കാരണം, ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പാരിസ്ഥിതക പ്രശ്നം ഒന്നാണ്. അത് നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പ്രശ്നമാണ്. അത് സകലരുടേതും, മാനവകുലത്തിന്‍റെതുമാണ്... അത് നിങ്ങളുടേതും എന്‍റേതുമാണ്!

കുടുംബങ്ങളെയും യുവജനങ്ങളെയും കുട്ടികളെയും പരിസ്ഥിതി സംരക്ഷിക്കുവാനുള്ള പ്രയത്നങ്ങളിലും പ്രവര്‍ത്തനങ്ങളിലും പങ്കുകാരാക്കാം.  അതുപോലെ സന്നദ്ധസംഘടനകളോടും സമൂഹ്യ പ്രസ്ഥാനങ്ങളോടും, പ്രകൃതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന തൊഴില്‍ സംവിധാനങ്ങളും എലാലം ഈ ഉദ്യമത്തില്‍ പങ്കുചേരണമെന്ന് അനുസ്മരിപ്പിക്കുകയും, സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. പ്രപഞ്ചനാഥന് പ്രകൃതിസ്തവം പാടിവാഴ്ത്തിയ, പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ആത്മീയ സഹായവും മാദ്ധ്യസ്ഥവും നമുക്ക് പ്രാര്‍ത്ഥിക്കാം:

പാവങ്ങളുടെയും അശരണരുടെയും പിതാവായ ദൈവമേ,

ഈ ഭൂമിയിലെ പരിത്യക്തരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും,

ഇതിലെ ഓരോ ജീവജാലങ്ങളും അങ്ങേ ദൃഷ്ടിയില്‍

വിലപ്പെട്ടവരാണല്ലോ. സ്നേഹധനനായ ദൈവമേ,

ഈ ഭൂമിയിലെ ജീവിതത്തിലും,

സഹോദരങ്ങളോടുള്ള സമീപനത്തിലും

ഞങ്ങളെ അങ്ങേ സമാധാനത്തിന്‍റെ ഉപകരണങ്ങളും

ദൂതരും ആക്കണമേ!

കാരുണ്യവാനായ ദൈവമേ, അനുദിനജീവിതത്തില്‍

ഞങ്ങള്‍ അങ്ങേ കാരുണ്യം തേടുന്നു.

ഇനിയും ഭൂമിയില്‍ ‍ഞങ്ങള്‍ ചെയ്യുന്ന അതിക്രമങ്ങള്‍ക്ക്

അങ്ങേ മാപ്പു യാചിച്ചും സ്വീകരിച്ചും

പൊതുഭവനമായ ഭൂമിയോട് രമ്യതപ്പെട്ടും

അനുരഞ്ജിതരായി ജീവിക്കാന്‍ ഞങ്ങള്‍ക്ക് കരുത്തേകണേ!

 

(Extract from the Message of the Holy Father. Prepared by fr. William Nellikal for the program of the day, 1 Sept. 2016)

 








All the contents on this site are copyrighted ©.