2016-12-28 12:55:00

പ്രത്യാശയെക്കുറിച്ച് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍


ഫ്രാന്‍സീസ് പാപ്പായുടെ 2016 ലെ അവസാനത്തെതായിരുന്ന പ്രതിവാരപൊതുകൂടിക്കാഴ്ച ഈ ബുധനാഴ്ച (28/12/16) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍, അരങ്ങേറി.ഈ ദിനങ്ങളില്‍ റോമില്‍ സാമാന്യം നല്ല തണുപ്പ്അ നുഭവപ്പെടുന്നുണ്ടെങ്കിലും വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ ഈ പൊതുദര്‍ശന പരിപാടിയില്‍ പങ്കെടുക്കുന്നതിനെത്തിയിരുന്നു. പാപ്പാ അതിവിശാലമായ പോള്‍ ആറാമന്‍ ശാലയില്‍ പ്രവേശിച്ചപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദം കരഘോഷങ്ങളായും ആരവങ്ങളായും അലതല്ലി.പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ഹസ്തദാനമേകിയും കുശലം പറഞ്ഞും പിഞ്ചുകുഞ്ഞുങ്ങളെ  തലോടുകയും  ആശീര്‍വ്വദിക്കുകയും അവര്‍ക്ക് സ്നേഹചുംബനങ്ങളേകുകയും ചെയ്തുകൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ നീങ്ങി. ചിലര്‍ പാപ്പായ്ക്ക് ചെറുസമ്മാനങ്ങളേകി. തീര്‍ത്ഥാടകരില‍ ഒരാള്‍ നല്കിയ അര്‍ജന്തീനയുടെ പ്രത്യേക ചായയായ “മാത്തെ” പാപ്പാ അല്പം കുടിക്കുകയും ചെയ്തു. മാര്‍പ്പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.45 ഓടെ ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു

 “ അബ്രഹാം തുടര്‍ന്നു: എനിക്കൊരു സന്താനത്തെ അവിടന്നു തന്നിട്ടില്ല. എന്‍റെ  വീട്ടില്‍ പിറന്ന ദാസരില്‍ ഒരുവനായിരിക്കും എന്‍റെ അവകാശി. 4 വീണ്ടും അവന് കര്‍ത്താവിന്‍റെ അരുളപ്പാടുണ്ടായി: നിന്‍റെ അവകാശി അവനായിരിക്കില്ല; നിന്‍റെ മകന്‍ തന്നെയായിരിക്കും. 5 അവിടന്ന് അവനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു: ആകാശത്തേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്‍റെ സന്താനപരമ്പരയും  അതുപോലെയായിരിക്കും. 6 അവന്‍ കര്‍ത്താവില്‍ വിശ്വസിച്ചു. അവിടന്ന് അത് അവന് നീതീകരണമായി കണക്കാക്കി”.  ഉല്‍പ്പത്തിപ്പുസ്തകം, അദ്ധ്യായം 15, 3 മുതല്‍ 6 വരെ വാക്യങ്ങള്‍.

ഈ തിരുവചന ഭാഗം പാരായണംചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ സന്ദേശം നല്കി. ക്രിസ്തീയ പ്രത്യാശയെക്കുറിച്ചു പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധനപരമ്പര തുടര്‍ന്ന പാപ്പാ, വിശ്വാസത്തിലും പ്രത്യാശയിലും നമ്മുടെ പിതാവായ അബ്രഹാമിന്‍റെ മാതൃക അനുകരിക്കാന്‍ ഈ സന്ദേശത്തിലൂടെ എല്ലാവരെയും ക്ഷണിച്ചു.  ഇറ്റാലിയന്‍ ഭാഷയില്‍  e-ആയിരുന്ന പ്രസ്തുത സന്ദേശത്തിന്‍റെ സംഗ്രഹം താഴെ ചേര്‍ക്കുന്നു :

വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും പാതകാട്ടിത്തരുന്നതിന് വിശുദ്ധ പൗലോസ് റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ അബ്രഹാം എന്ന മഹാവ്യക്തിയെക്കുറിച്ച് നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തെക്കുറിച്ച് അപ്പസ്തോലന്‍ ഇപ്രകാരം എഴുതുന്നു: “പ്രതീക്ഷയ്ക്ക് സാധ്യത ഇല്ലാതിരുന്നിട്ടും പ്രത്യാശയോടെ അബ്രഹാം വിശ്വസിച്ചു, അങ്ങനെ അദ്ദേഹം അനേകം ജനതകളുടെ പിതാവായി” റോമാക്കാര്‍ക്കുള്ള ലേഖനം, അദ്ധ്യായം 4, വാക്യം 18. ഇത് ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ്, അതിശക്തമാണ്, പ്രതീക്ഷയില്ലാത്ത അവസ്ഥയിലും പ്രത്യാശപുലര്‍ത്തുകയാണ്. അതാണ് അബ്രഹാം ചെയ്തത്. തനിക്ക് ഒരു പുത്രനെ വാഗ്ദാനം ചെയ്ത ദൈവത്തിന്‍റെ വാക്ക് അബ്രഹാം വിശ്വസിച്ച ആ വിശ്വാസത്തെ സൂചിപ്പിക്കുകയാണ് വിശുദ്ധ പൗലോസ്. “സകലപ്രതീക്ഷകള്‍ക്കും എതിരെ”  പ്രത്യാശപുലര്‍ത്തിക്കൊണ്ടുള്ള ഒരു വിശ്വാസമര്‍പ്പിക്കലായിരുന്നു വാസ്തവത്തില്‍ അത്. കാരണം, സംഭവിക്കാന്‍ ഇടയില്ലാത്ത ഒരു കാര്യമാണ് കര്‍ത്താവ് പറയുന്നത്. എന്തെന്നാല്‍ അബ്രഹാമാകട്ടെ വൃദ്ധനും അദ്ദേഹത്തിന്‍റെ ഭാര്യയാകട്ടെ വന്ധ്യയും. അപ്പോള്‍ അതിനൊരു പരിഹാരമില്ല. എന്നാല്‍ ദൈവം അരുളിച്ചെയുന്നു. അബ്രഹാം അതു വിശ്വസിക്കുന്നു. മാനുഷികമായ പ്രതീക്ഷയില്ല, കാരണം അദ്ദഹം വൃദ്ധനും ഭാര്യ വന്ധ്യയുമാണ്, എങ്കിലും അബ്രഹാം വിശ്വസിച്ചു.

ദൈവത്തിന്‍റെ വാഗ്ദാനത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് അബ്രഹാം യാത്രയാരംഭിക്കയാണ്, സാറായുടെ ഗര്‍ഭപാത്രം വന്ധ്യമെങ്കിലും തനിക്ക് ദൈവം ഒരു പുത്രനെ നല്കുമെന്ന ഈ “ അസാധ്യതയെ”ക്കുറിച്ചുള്ള പ്രത്യാശയില്‍ അബ്രഹാം  സ്വന്തം നാടു ഉപേക്ഷിക്കാനും ഒരു പരദേശിയാകാനും സന്നദ്ധനാകുന്നു. അബ്രഹാം വിശ്വസിക്കുന്നു, പ്രത്യക്ഷത്തില്‍ അയുക്തികമായ ഒരു പ്രത്യാശയിലേക്ക് അദ്ദേഹത്തിന്‍റെ വിശ്വാസം തുറക്കപ്പെടുന്നു. മാനുഷികയുക്തികളെയും, ലോകത്തിന്‍റെതായ ജ്ഞാനത്തെയും, വിവേകത്തെയും, സമാന്യബുദ്ധിയെന്ന് സാധാരണ കുരുതുന്നതിനെയും ഉല്ലംഘിക്കാനും അസാധ്യമായതില്‍ വിശ്വാസിക്കാനുമുള്ള ഒരു കഴിവാണിത്. പ്രത്യാശ പുത്തന്‍ ചക്രവാളങ്ങള്‍ തുറന്നിടുന്നു, അചിന്തനീയമായവയെക്കുറിച്ചുപോലും സ്വപ്നം കാണാന്‍ പ്രാപ്തരാക്കുന്നു, അനിശ്ചിതമായ ഒരു ഭാവിയുടെ അന്ധകാരത്തില്‍ പ്രകാശത്തില്‍ ചരിക്കുക സാധ്യമാക്കിത്തീര്‍ക്കുന്നു. പ്രത്യാശയെന്ന പുണ്യം മനോഹരമാണ്, അത് ജീവിതത്തില്‍ മുന്നേറാന്‍ ഏറെ കരുത്തേകുന്നു.

എന്നാല്‍ ആയാസകരമായ യാത്രയാണത്. ക്ലേശത്തിന്‍റെതായ പ്രതിസന്ധിയുടെ നിമിഷം അബ്രഹാത്തിനുമുണ്ടാകുന്നു. എന്നാല്‍ വിശ്വസിച്ചുകൊണ്ട് സ്വഭവനവും, സ്വദേശവും വിട്ട്, സുഹൃത്തുക്കളെ വിട്ട് സകലതും ഉപേക്ഷിച്ചു അദ്ദേഹം പുറപ്പെടുന്നു. ദൈവം കാണിച്ച നാട്ടില്‍ അദ്ദേഹം എത്തിച്ചേരുന്നു, സമയം കടന്നു പോയി. ആ കാലഘട്ടത്തില്‍ യാത്ര ഇന്നത്തെപ്പോലെ വിമാനത്തില്‍ പത്തോ പതിനഞ്ചോ മണിക്കൂര്‍കൊണ്ടു നടത്തുന്നതുപോലെ ആയിരുന്നില്ല. മാസങ്ങള്‍, വര്‍ഷങ്ങള്‍ വേണ്ടിയിരുന്നു. കാലം കടന്നു പോയി, എന്നാല്‍ ഇതുവരെയും പുത്രനുണ്ടായില്ല. സാറായുടെ ഗര്‍ഭപാത്രം വന്ധ്യമായിത്തന്നെയിരുന്നു.

അബ്രഹാത്തിനു ക്ഷമനശിച്ചു എന്നു ഞാന്‍ പറയില്ല, എന്നാല്‍ അബ്രഹാം ദൈവത്തോടു പരാതി പറയുന്നു.  ഇതു നാം അബ്രഹാത്തില്‍ നിന്നു പഠിക്കണം. കര്‍ത്താവിനോട് പരാതി പറയുന്നത് ഒരു പ്രാര്‍ത്ഥനാരീതിയാണ്. അബ്രഹാം കര്‍ത്താവിനോടു പറയുന്നു, എനിക്കു സന്താനങ്ങളില്ല, ദമസ്ക്കസുകാരന്‍ ഏലിയേസര്‍ ആയിരിക്കും എന്‍റെ ഭവനത്തിന്‍റെ അവകാശി.. എനിക്കൊരു സന്താനത്തെ അവിടന്നു തന്നിട്ടില്ല. എന്‍റെ  വീട്ടില്‍ പിറന്ന ദാസരില്‍ ഒരുവനായിരിക്കും എന്‍റെ അവകാശി. അപ്പോള്‍ കര്‍ത്താവ് പറയുന്നു:  നിന്‍റെ അവകാശി അവനായിരിക്കില്ല; നിന്‍റെ മകന്‍ തന്നെയായിരിക്കും. എന്നിട്ട് കര്‍ത്താവ് അബ്രഹാത്തെ പുറത്തേക്കാനയിച്ചുകൊണ്ട് അരുളിചെയ്യുന്നു ആകാശത്തേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്‍റെ സന്താനപരമ്പരയും  അതുപോലെയായിരിക്കും. അവന്‍ കര്‍ത്താവില്‍ വിശ്വസിച്ചു. അവിടന്ന് അത് അവന് നീതീകരണമായി കണക്കാക്കി

ഈ രംഗം അരങ്ങേറുന്നത് രാത്രിയിലാണ്, അബ്രഹാത്തിന്‍റെ ഹൃദയവും നൈരാശ്യത്തിന്‍റെയും നിരുത്സാഹത്തിന്‍റെയും അസാധ്യാമയതിനെക്കുറിച്ച് ഇനിയും പ്രത്യാശപുലര്‍ത്താനുള്ള ബുദ്ധിമുട്ടിന്‍റെയും അന്ധകാരത്തിലായിരുന്നു. എന്നിരുന്നാലും ദൈവത്തോടുള്ള ഈ പരാതിപ്പെടല്‍ വിശ്വാസത്തിന്‍റെ ഒരു രൂപം, ഒരു പ്രാര്‍ത്ഥന ആയിരുന്നു. പലപ്പോഴും  പ്രത്യാശ ഇരുട്ടാണ്, എന്നാല്‍ അവിടെയാണ് പ്രതീക്ഷയുള്ളത്, നമ്മെ മുന്നോട്ടുനയിക്കുന്ന പ്രത്യാശയുള്ളത്. യാഥാര്‍ത്ഥ്യത്തെ അതുപോലെ തന്നെ കാണാനും അതിന്‍റെതായ വൈരുദ്ധ്യങ്ങളെ സ്വീകരിക്കാനും ഭയമില്ലാതിരിക്കുന്നതും പ്രത്യാശയാണ്.

ആകയാല്‍ പ്രത്യാശയില്‍ തുടരാന്‍ കഴിയുന്നതിന് അബ്രഹാം ദൈവസഹായ പ്രാര്‍ത്ഥിക്കുകയാണ്. ഒരു പുത്രനെയല്ല അദ്ദേഹം ചോദിക്കുന്നത് മറിച്ച്, പ്രത്യാശയില്‍ തുടരാനുള്ള സഹായമാണെന്നത്, ജിജ്ഞാസയുളവാക്കുന്നു. പ്രത്യാശയുണ്ടാകാനുള്ള പ്രാര്‍ത്ഥനയാണ്.-  

ദൈവം അബ്രഹാത്തെ കൂടാരത്തിനു പുറത്തേക്ക്, അതായത് അദ്ദേഹത്തിന്‍റെ ഇടുങ്ങിയ വീക്ഷണയാഥാര്‍ത്ഥ്യത്തില്‍ നിന്ന് പുറത്തേക്കു കൊണ്ടുവരുകയും നക്ഷത്രങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. വിശ്വസിക്കുന്നതിന് വിശ്വാസത്തിന്‍റെ  കണ്ണുകളോടെ കാണാന്‍ പഠിക്കേണ്ടത് ആവശ്യമാണ്. ആ താരകള്‍ എല്ലാവരും കാണുന്നതു പോലല്ല, അബ്രഹാത്തെ സംബന്ധിച്ചിടത്തോളം അവ ദൈവത്തിന്‍റെ  വിശ്വസ്തതയുടെ അടയാളമായിത്തീരണം.

ഇതാണ് വിശ്വാസം, നാം സഞ്ചരിക്കേണ്ട പ്രത്യാശയുടെ പാത. നമുക്കും നക്ഷത്രങ്ങളെ നോക്കുകയെന്നതാണ് ഏക സാധ്യതയെങ്കില്‍ ഇതാ, ദൈവത്തില്‍ വിശ്വസിക്കുന്നതിനുള്ള സമയം സമാഗതമായിരിക്കുന്നു. അതിനപ്പുറം ഒരു നല്ല കാര്യമില്ല. പ്രത്യാശ നിരാശരാക്കില്ല. നന്ദി.  

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു. പൊതുകൂടിക്കാഴ്ചാവേളയില്‍ തനിക്കായി ചിലപ്രകടനങ്ങള്‍ കാഴ്ചവെച്ച ഗോള്‍ഡന്‍ സര്‍ക്കസ് കലാകാരന്മാരെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.പതിവുപോലെ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധനചെയ്ത പാപ്പാ നിണസാക്ഷികളായ പൈതങ്ങളുടെ തിരുന്നാള്‍ തിരുസഭ അനുവര്‍ഷം  ഡിസംബര്‍ 28 ന് ആചരിക്കുന്നത് അനുസ്മരിക്കുകയും അവര്‍, സകലരെയും വിശ്വാസത്തില്‍ ശക്തരായിരിക്കാന്‍ സഹായിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത് ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ   അപ്പസ്തോലികാശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.