2017-05-15 13:03:00

വൈദികമേധാവിത്വത്തിനെതിരെ പാപ്പാ


വൈദികമേധാവിത്വത്തില്‍ നിന്നകന്നുപോകാന്‍ പാപ്പാ വൈദികരെ ആഹ്വാനം ചെയ്യുന്നു.

ദ്വിദിന ഫാത്തിമാതീര്‍ത്ഥാടനം കഴിഞ്ഞ് ശനിയാഴ്ച (13/05/17) വൈകുന്നേരം റോമിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്തില്‍ വച്ച് വിവിധരാജ്യക്കാരായിരുന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ജനങ്ങളെ സഭയില്‍ നിന്നകറ്റുന്ന പൗരോഹിത്യമേധാവിത്വം സഭയില്‍ ഒരു മഹാമാരിയാണെന്നും ഇത് തന്നെ ആശങ്കപ്പെടുത്തുന്നുവെന്നും പാപ്പാ പറഞ്ഞു.

കത്തോലിക്കവിശ്വാസം ശക്തമായ അനേകം നാടുകളുണ്ടെന്ന വസ്തുത അനുസ്മരിച്ച പാപ്പാ എന്നാല്‍ അവിടങ്ങളില്‍ വൈദികവിരുദ്ധത പ്രബലമാണെന്ന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

കുടിയേറ്റം ആഗോളതാപനം തുടങ്ങിയ പലകാര്യങ്ങളിലും പാപ്പായുടേതില്‍ നിന്ന് ഭിന്നമായ തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ പുതിയ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ  ഈ മാസം 24 ന് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ചയ്ക്കായി സ്വീകരിക്കാന്‍ പോകുന്ന പശ്ചാത്തലത്തില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് പാപ്പാ പൊതുവായ കാര്യങ്ങളെക്കുറിച്ചു സംസാരിക്കാനും മുന്നോട്ടുപോകാനും അല്പമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതുപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്ന് അല്പം തുറന്നുകിടക്കുന്ന വാതിലിന്‍റെ രൂപം പ്രതീകാത്മകമായി ഉപയോഗപ്പെടുത്തിക്കൊണ്ട് പറഞ്ഞു. സമാധാനം അനുദിനം നാം നിര്‍മ്മിച്ചെടുക്കേണ്ട ഒന്നാണെന്നും അതുപോലെതന്നെയുള്ള കരകൗശലവസ്തുക്കളാണ് ജനങ്ങള്‍ തമ്മിലുള്ള സൗഹൃദവും, പരസ്പര അറിവും, ബഹുമാനവും എന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഒരു വ്യക്തിയെ ശ്രവിക്കാതെ ഒരു വിധി പറയരുതെന്നും താന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലെന്നുമുള്ള തന്‍റെ ഉറച്ച ബോധ്യം വെളിപ്പെടുത്തിയ പാപ്പാ തന്‍റെ  ചിന്തകള്‍ താനും പ്രസിഡന്‍റ് ട്രംപ് അദ്ദേഹത്തിന്‍റെ ചിന്തകളും ഈ കൂടിക്കാഴ്ചാവേളയില്‍ പങ്കുവയ്ക്കുമെന്നും പറഞ്ഞു.

ഫാത്തിമയില്‍ നിന്ന് നിര്‍ഗ്ഗമിക്കുന്ന സമാധാനം, എവഞ്ചേലിക്കല്‍ സഭകളുമായുള്ള സംഭാഷണം, മെജ്ജുഗോറിലെ മരിയന്‍ ദര്‍ശനങ്ങള്‍, കുട്ടികള്‍ വൈദികരു സമര്‍പ്പിതരുടെയും  ലൈംഗികപീഢനങ്ങള്‍ക്കിരകളാകുന്നത് തടയുന്നതിനുള്ള നടപടികള്‍ പ്രായോഗികമാക്കല്‍ തുടങ്ങിയവയെക്കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും പാപ്പാ മറുപടി പറഞ്ഞു.

 








All the contents on this site are copyrighted ©.