2017-12-19 07:48:00

സന്തോഷമുള്ളവരായിരിക്കുക- പാപ്പായുടെ ത്രികാലജപ സന്ദേശം


തിരുപ്പിറവിത്തിരുന്നാളിനുള്ള ഒരുക്കത്തിന്‍റെ അടയാളങ്ങള്‍ ഉപരിയുപരി തെളിഞ്ഞു വരുന്ന ഈ ദിനങ്ങളില്‍ റോമില്‍ ശൈത്യം ആധിപത്യം പുലര്‍ത്തിതുടങ്ങിയിരിക്കുന്നു. നീലാംബരക്കുടക്കീഴില്‍ ആദിത്യാംശുക്കളാല്‍ കുളിച്ചു നിന്ന വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരം ഈ ഞായറാഴ്ചയും (17/12/17) മദ്ധ്യാഹ്നത്തില്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയിരുന്ന ആയിരക്കണക്കിന് വിശ്വാസികളാല്‍ നറഞ്ഞിരുന്നു. ഇക്കൊല്ലം ഡിസംബര്‍ 17 ഫ്രാന്‍സീസ് പാപ്പായുടെ എണ്‍പത്തിയൊന്നാം പിറന്നാള്‍ ദിനമായിരുന്നതിനാല്‍  പാപ്പയ്ക്ക് പിറന്നാള്‍ ആംശസകള്‍ നേരുന്ന ലിഖിതങ്ങളും കാണാമായിരുന്നു. തങ്ങള്‍ വീടുകളില്‍ തീര്‍ത്ത ചെറു പുല്‍ക്കൂടുകളില്‍ വയ്ക്കുന്നതിനുള്ള ഉണ്ണിയേശുവിന്‍റെ ചെറു രൂപങ്ങള്‍ ഈ ത്രികാലപ്രാര്‍ത്ഥനാവേളയില്‍ പാപ്പായെകൊണ്ടാശീര്‍വദിപ്പിക്കുന്നതിന് കൊണ്ടുവന്നിരുന്ന കുട്ടികളും ചത്വരത്തില്‍ സന്നിഹിതരായിരുന്നു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിന്‍റെ  മദ്ധ്യത്തില്‍ ഉയര്‍ന്നു നില്ക്കുന്ന ശിലാസ്തംഭത്തിനരികെ, ലോകരക്ഷകന്‍റെ  പിറവിത്തിരുന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കത്തിന്‍റെ ഭാഗമായി  പതിവുപോലെ ഇക്കൊല്ലവും നിര്‍മ്മിച്ചിരിക്കുന്ന മനോഹരമായ പുല്‍ക്കൂടും ഉയര്‍ത്തിയിരിക്കുന്ന ദീപാലംകൃത ക്രിസ്തുമസ്സ് മരവും കാണാനും പാപ്പായുടെ ദര്‍ശനഭാഗ്യം ലഭിക്കാനുമെത്തിയിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെയുള്ളവര്‍ റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 4.30 ന് പാപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ കരഘോഷങ്ങളാലും ആരവങ്ങളാലും തങ്ങളു‌ടെ സ്നേഹസന്തോഷങ്ങള്‍ പ്രകടിപ്പിച്ചു.

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലപ്രാര്‍ത്ഥനയ്ക്കൊരുക്കമായി നല്കിയ സന്ദേശത്തില്‍, ലത്തീന്‍ റീത്തിന്‍റെ  ആരാധനക്രമമനുസരിച്ച് ആഗമനകാലത്തിലെ മൂന്നാമത്തെതായിരുന്ന ഇക്കഴിഞ്ഞ പതിനേഴാം തിയതി ഞായറാഴ്ച(17/12/17) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട, വിശുദ്ധ ഗ്രന്ഥ ഭാഗങ്ങളില്‍, സദാ സന്തോഷമുള്ളവരായിരിക്കാനും പ്രാര്‍ത്ഥിക്കാനും  തിന്മയില്‍ നിന്നകന്നിരിക്കാനും നന്മയെ മുറുകെപ്പിടിക്കാനും ആഹ്വാനം ചെയ്യുന്ന, പൗലോസ് തെസലോണിക്കാക്കാര്‍ക്കെഴുതിയ ഒന്നാം ലേഖനം അഞ്ചാം അദ്ധ്യായം 16 മുതല്‍ 24 വരെയുള്ള വാക്യങ്ങളും കര്‍ത്താവിന്‍റെ വഴികള്‍ നേരെയാക്കുവിന്‍ എന്ന് മരൂഭൂമിയില്‍ വിളിച്ചു പറയുന്നവന്‍റെ സ്വരമാണ് താനെന്ന് സ്നാപക യോഹന്നാന്‍ സ്വയം സാക്ഷ്യപ്പെടുത്തുന്ന, യോഹന്നാന്‍റെ സുവിശേഷം ഒന്നാം അദ്ധ്യായം 6 മുതല്‍ 8 വരെയും 19 മുതല്‍ 28 വരെയും ഉള്ള വാക്യങ്ങള്‍ വിശകലനം ചെയ്തു. 

പാപ്പായുടെ വിചിന്തനം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം 

ആനന്ദത്തിലേക്കു ക്ഷണിക്കപ്പെട്ടവര്‍ നമ്മള്‍

ജാഗരൂകരായിരിക്കുക എന്നതിന്‍റെ അര്‍ത്ഥം എന്താണെന്നും കര്‍ത്താവിന്‍റെ  വഴിയൊരുക്കുക എന്നതില്‍ അടങ്ങിയിരിക്കുന്നതെന്താണെന്നും കഴിഞ്ഞ ഞായറാഴ്ചകളിലെ ആരാധനാക്രമം എടുത്തുകാട്ടി. ആഗമനകാലത്തിലെ മൂന്നാമത്തെതായ “ആനന്ദ ഞായര്‍” എന്നറിയപ്പെടുന്ന ഈ ഞായറാഴ്ച, ആരാധനാക്രമം നമ്മെ ക്ഷണിക്കുന്നത്, ഇതെല്ലാം നിവര്‍ത്തിയാക്കപ്പെടേണ്ടത് എന്തരൂപിയിലണോ, ആ ചൈതന്യം, അതായത്, ആ ആനന്ദം ഉള്‍ക്കൊള്ളാനാണ്. കര്‍ത്താവിന്‍റെ ആഗമനത്തിനുള്ള ഒരുക്കത്തില്‍ മൂന്നു മനോഭാവങ്ങള്‍ സ്വീകരിക്കാന്‍ പൗലോസ് അപ്പസ്തോലന്‍ നമ്മെ ക്ഷണിക്കുന്നു, നിങ്ങള്‍ ഇത് നല്ലവണ്ണം ശ്രദ്ധിക്കുക: മൂന്നു മനോഭാവങ്ങള്‍. ഇവയില്‍ ഒന്നാമത്തേത് ചിരാനന്ദം ആണ്. രണ്ടാമത്തേത് നിരന്തര പ്രാര്‍ത്ഥനയും മൂന്നാമത്തേത് അവിരാമ കൃതജ്ഞതാപ്രകാശനവുമാണ്.

നമുക്കുണ്ടായിരിക്കേണ്ട മൂന്നു മനോഭാവങ്ങള്‍

1- സ്ഥായിയായ സന്തോഷം

ചിരാനന്ദമെന്ന പ്രഥമ ഭാവം. പലോസപ്പസ്തോലന്‍ പറയുന്നു: “എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍” (1 തെസ്സലോണിക്ക:5,16). നമ്മുടെ ആഗ്രഹങ്ങള്‍ക്ക്    വിപരീതമായവ സംഭവിക്കുമ്പോള്‍ പോലും സദാ സന്തോഷം പുലര്‍ത്ത​ണം എന്നാണ് ഇതിനര്‍ത്ഥം. ഇവിടെ സമാധാനം എന്ന അഗാധമായ ഒരാനന്ദം ഉണ്ട്. ആ ആനന്ദം ആന്തരികവുമാണ്. സമാധാനം ഭൗമികതലത്തിലുള്ള ഒരാനന്ദമാണ് എന്നിരിക്കിലും അത് ആനന്ദം തന്നെയാണ്. ഉത്ക്കണ്ഠകളും ബുദ്ധിമുട്ടുകളും സഹനങ്ങളും ഓരൊരുത്തരുടെയും ജീവിതത്തിലൂടെ കടന്നുപോകുന്നു; നാമെല്ലാവരും അതനുഭവിച്ചിട്ടുണ്ട്. പലപ്പോഴും നമ്മെ ചൂഴ്ന്നു നില്ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍  ആതിഥ്യവിമുഖങ്ങളും ഇന്നത്തെ സുവിശേഷം നമ്മെ ഓര്‍മ്മപ്പെടുത്തുന്നതുപോലെ സ്നാപകയോഹന്നാന്‍റെ സ്വരം പ്രതിധ്വനിക്കുന്ന മരുഭൂമിക്ക് സമാനം ഊഷരവുമാണെന്ന പ്രതീതിയുളവാക്കുന്നു.  എന്നാല്‍ ഈ മരുഭൂമി നിവസിതമാണെന്ന സുനിശ്ചിതത്വത്തില്‍ നമ്മുടെ ആനന്ദം അധിഷ്ഠിതമാണെന്ന് സ്നാപകയോഹന്നാന്‍റെ വാക്കുകള്‍ വെളിപ്പെടുത്തുന്നു. സ്നാപകയോഹന്നാന്‍ പറയുന്നു:”നിങ്ങള്‍ അറിയാത്ത ഒരുവന്‍ നിങ്ങളുടെ മദ്ധ്യേ നില്‍പ്പുണ്ട്” (യോഹന്നാന്‍ 1,26). ആ ഒരുവന്‍ യേശുവാണ്, ഏശയ്യാ പ്രവാചകന്‍ അടിവരയിട്ടുകാട്ടുന്നതു പോലെ, “പീഢിതരെ സദ്വാര്‍ത്ത അറിയിക്കാനും ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്ധിതര്‍ക്ക്   സ്വാതന്ത്ര്യവും പ്രഘോഷിക്കാനും കര്‍ത്താവിന്‍റെ കൃപാവത്സരം പ്രഖ്യാപിക്കാനും” (ഏശയ്യ,61,1-2) പിതാവിനാല്‍ അയക്കപ്പെട്ടവന്‍. യേശു നസ്രത്തിലെ സിനഗോഗിലെ പ്രസംഗവേളയില്‍ സ്വന്തമാക്കിയ ഈ വാക്കുകള്‍ ലോകത്തില്‍ യേശുവിന്‍റെ ദൗത്യം പാപത്തിലും പാപത്തിന്‍റെ ഫലമായ വ്യക്തിപരവും സാമൂഹികവുമായ അടിമത്തങ്ങളിലും നിന്ന് മോചനം നല്കലാണെന്ന് വ്യക്തമാക്കുന്നു. യേശു ഈ ലോകത്തിലേക്കു വന്നത് മനുഷ്യര്‍ക്ക് ദൈവമക്കള്‍ക്കടുത്ത ഔന്നത്യവും സ്വാതന്ത്ര്യവും വീണ്ടും നല്കുന്നതിനാണ്. അതു പ്രദാനം ചെയ്യാനും അതിനാലുള്ള ആനന്ദമേകാനും അവിടത്തേക്കു മാത്രമെ സാധിക്കുകയുള്ളു.

2- നിരന്തര പ്രാര്‍ത്ഥന

മിശിഹായ്ക്കായുള്ള കാത്തിരിപ്പിന്‍റെ സവിശേഷതയായ ആനന്ദം സുസ്ഥിര പ്രാര്‍ത്ഥനയില്‍ അധിഷ്ഠിതമാണ്. ഇതാണ് ദ്വതീയ മനോഭാവം. പൗലോശ്ലീഹാ പറയുന്നു:”ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍” (1 തെസ്സ:5,17). യഥാര്‍ത്ഥ ആനന്ദത്തിന്‍റെ   ഉറവിടമായ ദൈവവുമായി സ്ഥായിയായ ഒരു ബന്ധം സ്ഥാപിക്കാന്‍ പ്രാര്‍ത്ഥന വഴി നമുക്കു സാധിക്കും. ക്രൈസ്തവന്‍റെ സന്തോഷം മേടിക്കുന്നതല്ല, അതു വാങ്ങാന്‍ കഴിയില്ല. വിശ്വാസത്തിലും നമ്മുടെ ആനന്ദകാരണമായ യേശുക്രിസ്തുവുമായുള്ള സമാഗമത്തിലും നിന്ന് നിര്‍ഗ്ഗമിക്കുന്നതാണ് അത്. നാം ക്രിസ്തുവില്‍ എത്രമാത്രം വേരൂന്നിയിരിക്കുന്നുവോ, നാം എത്രമാത്രം യേശുവിനോട് അടുത്തിരിക്കുന്നുവോ, അത്രമാത്രം ആന്തരിക പ്രശാന്തത നാം, അനുദിന വൈരുദ്ധ്യങ്ങള്‍ക്കു മദ്ധ്യേയും, കണ്ടെത്തും. ആയതിനാല്‍, യേശുവുമായി കണ്ടുമുട്ടിയ ക്രൈസ്തവന് ആപത്തുകളുടെ ഒരു പ്രവാചകനായിരിക്കാനാകില്ല, പ്രത്യുത അവന്‍ ആനന്ദത്തിന്‍റെ സാക്ഷിയും പ്രഘോഷകനും ആയിരിക്കും. മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ട ഒരാനന്ദമാണിത്. ജീവിതയാത്രയുടെ ഭാരത്തെ ലഘൂകരിക്കുന്ന സാംക്രമിക സന്തോഷമാണിത്.

3-നന്ദി പ്രകടനം

പൗലോസപ്പസ്തോതലന്‍ ചൂണ്ടിക്കാട്ടുന്ന മൂന്നാമത്തെ മനോഭാവം അനവരത കൃതജ്ഞതാപ്രകാശനമാണ്. അതായത് ദൈവത്തോടുള്ള നന്ദിയുടെ ഭാവമായ സ്നേഹം ഉള്ളവരായിരിക്കുക. വാസ്തവത്തില്‍ നമ്മുടെ കാര്യത്തില്‍ വളരെ വിശാലമനസ്ക്കാനാണ് ദൈവം. അവിടത്തെ അനുഗ്രഹങ്ങള്‍ക്ക്, അവിടത്തെ കരുണാര്‍ദ്ര സ്നേഹത്തിനും ക്ഷമയ്ക്കും നന്മയ്ക്കും എന്നും നന്ദിയുള്ളവരായിരിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. അപ്രകാരം നമുക്ക് നിരന്തര കൃതജ്ഞാതാപ്രകാശനത്തില്‍ ജീവിക്കാം.

പരിശുദ്ധ മറിയം: ആനന്ദ കാരണം

സന്തോഷം, പ്രാര്‍ത്ഥന, കൃതജ്ഞത എന്നീ ത്രിവിധ മനോഭാവങ്ങളാണ് തിരുപ്പിറവി അധികൃതമായി ജീവിക്കുന്നതിന് നമ്മെ ഒരുക്കുന്നത്. നമുക്കു ഏകയോഗമായി അത് ആവര്‍ത്തിക്കാം: ആനന്ദം, പ്രാര്‍ത്ഥന, കൃതജ്ഞത. ആഗമനകാലത്തിലെ ഈ അവസാനഘട്ടത്തില്‍ നമുക്ക് നമ്മെത്തന്നെ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതൃസന്നിഭ മാദ്ധ്യസ്ഥ്യത്തിന് ഭരമേല്‍പ്പിക്കാം. യേശുവിന് ജന്മം നല്കിയതുകൊണ്ടു മാത്രമല്ല അവിടത്തെ പക്കലേക്ക് നമ്മെ നിരന്തരം അയക്കുന്നതുകൊണ്ടും അവള്‍ നമ്മു‍ടെ “ആനന്ദത്തിന്‍റെ കാരണം” ആണ്.

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു. പാപ്പായുടെ ആശീര്‍വ്വാദനന്തരം, ചത്വരത്തില്‍ സന്നിഹിതരായിരുന്ന റോമാക്കാരായ ബാലികാബാലന്മാര്‍,  ഫ്രാന്‍സീസ് പാപ്പായ്ക്കുവേണ്ടി പിറന്നാളാശംസാഗാനം ആലപിച്ചു. ഈ ആംശംസാഗാനത്തിന് നന്ദി പ്രകാശിപ്പിച്ച പാപ്പാ തുടര്‍ന്ന് ആഫ്രിക്കന്‍ നാടായ നൈജീരിയായില്‍, ഇഗ്വറിയാക്കിയിലുള്ള ക്രിസതുവിന്‍റെ ദിവ്യകാരുണ്യ ഹൃദയ സന്ന്യാസിനി സമൂഹത്തിലെ അംഗങ്ങളായ, ഒരു മാസം മുമ്പ് തട്ടിക്കൊണ്ടുപോകപ്പെട്ട,  ആറു കന്യാസ്ത്രികളുടെ മോചനത്തിന് അന്നാട്ടിലെ മെത്രാന്മാര്‍ നടത്തിയ അഭ്യര്‍ത്ഥനയില്‍ താനും ഹൃദയംഗമമായി ഒന്നുചേരുന്നുവെന്ന് വെളിപ്പെടുത്തി. ഈ സന്ന്യാസിനികളും ഇത്തരത്തിലുള്ള വേദനാജനകമായ അവസ്ഥയിലായിരിക്കുന്ന മറ്റുള്ളവരും തിരുപ്പിറവിത്തിരുന്നാളിന്‍റെ ഈ വേളയില്‍ സ്വഭവനങ്ങളില്‍ തിരിച്ചെത്തുന്ന  വേണ്ടി താന്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പാ വെളിപ്പെടുത്തി. തുടര്‍ന്ന് പാപ്പാ നന്മ നിറഞ്ഞ മറിയമെ എന്ന പ്രാര്‍ത്ഥന നയിച്ചു. തദ്ദനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച റോമാക്കാരും വിവിധരാജ്യക്കാരുമായിരുന്ന തീര്‍ത്ഥാടകരെ പ്രത്യേകം അഭിവാദ്യം ചെയ്തു.

യേശുരഹിത തിരുപ്പിറവി ആഘോഷം സാരരഹിതം

ഉണ്ണിയേശുവിന്‍റെ രൂപങ്ങള്‍ തന്നെക്കൊണ്ട് വെഞ്ചെരിപ്പിക്കുന്നതിന് അവയുമായെത്തിയിരുന്ന കുഞ്ഞുങ്ങളെ സംബോധന ചെയ്ത പാപ്പാ അവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന വലിയ ശീലയില്‍ “നിനക്കെന്നും ഒരിടം ഉണ്ട്” എന്നര്‍ത്ഥമുള്ള “സേംപ്രെ ചെ ഉന്‍ പോസ്തൊ പെര്‍ തേ” (SEMPRE CE UN POSTO PER TE)  എന്ന ഇറ്റാലിയന്‍ ഭാഷയിലുള്ള വാക്യം മനോഹരമാണെന്ന് അഭിനന്ദിച്ചു. തന്‍റെ സ്നേഹം നമുക്കേകുന്നതിന് നമുക്കിടയില്‍ ദരിദ്രനും ബലഹീനനുമായി പിറന്ന ഉണ്ണിയേശുവിന്‍റെ സ്നിഗ്ദ്ധതയാല്‍ എന്നും ആകര്‍ഷിതരാകാന്‍ കുട്ടികള്‍ സ്വഭവനങ്ങളില്‍ സന്തം കുടുംബാംഗങ്ങളുമൊത്തു പുല്‍ക്കൂടിനു മുന്നില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ തങ്ങളെത്തന്നെ അനുവദിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. യേശുവിനെ മാറ്റി നിറുത്തിയാല്‍ തിരുപ്പിറവിക്ക് അര്‍ത്ഥമില്ലെന്നും യേശുവാണ് തിരുപ്പിറവിയുടെ കേന്ദ്രമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ത്രികാല പ്രാര്‍ത്ഥനാവേളയുടെ അവസാനം എല്ലാവര്‍ക്കും ശുഭ ഞായറും ഫലദായക തിരുപ്പിറവിയോന്മുഖ പ്രയാണവും ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന പതിവഭ്യര്‍ത്ഥന നവീകരിച്ചു. ഏവര്‍ക്കും നല്ലൊരുച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍  “അരിവെദേര്‍ച്ചി” (arrivederci) അതായത്, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട് പാപ്പാ ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.








All the contents on this site are copyrighted ©.